ലണ്ടന്‍: ഗ്രെന്‍ഫെല്‍ ടവറില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന് ഈ വര്‍ഷം അറിയാന്‍ കഴിയില്ലെന്ന് വെളിപ്പെടുത്തല്‍. പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്. ടവര്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 80 ആയി ഉയര്‍ന്നു.ഇവര്‍ 18 പേരെ മാത്രമേ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടുള്ളു. എന്നാല്‍ കെട്ടിടത്തിലെ 129 ഫ്‌ളാറ്റുകളിലെ 23 എണ്ണത്തില്‍ നിന്ന് ആരുടെയും വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

ദുരന്തമുണ്ടായ രാത്രി ടവറില്‍ ആരൊക്കെ ഉണ്ടായിരുന്നു എന്ന് പൂര്‍ണ്ണമായി വ്യക്തമാക്കുന്ന ലിസ്റ്റ് ആര്‍ക്കും തയ്യാറാക്കാന്‍ ആവില്ലെന്ന് മെറ്റ് പോലീസ് ഡിഎസ് ഫിയോണ മക് കോര്‍മാക് പറഞ്ഞു. ഈ വര്‍ഷം അവസാനം വരെ തെരച്ചില്‍ തുടരാന്‍ സാധ്യതയുണ്ട്. അതിനു ശേഷം മാത്രമേ എത്ര പേര്‍ മരിച്ചുവെന്നതില്‍ ഏകദേശ കണക്ക് തയ്യാറാക്കാന്‍ കഴിയൂ. അടുത്തിടെ ഉണ്ടായ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് ടവറില്‍ ഉണ്ടായ തീപ്പിടിത്തം.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കെട്ടിട നിര്‍മാണച്ചട്ടങ്ങളേക്കുറിച്ചും അഗ്നിസുരക്ഷയേക്കുറിച്ചും പുനര്‍വിചിന്തനം ഉണ്ടായിട്ടുണ്ട്. ബ്രിട്ടനിലെ 120ഓളം ബഹുനില മന്ദിരങ്ങളില്‍ സുരക്ഷാ പരിശോധനകള്‍ നടത്തിയതായി പ്രധാനമന്ത്രി തെരേസ മേയ് അറിയിച്ചു. ഫയര്‍ സേഫ്റ്റി പരിശോധനകളില്‍ പരാജയപ്പെട്ട ക്ലാഡിംഗ് പാനലുകളാണ് ഇവയില്‍ ഘടിപ്പിച്ചിരിക്കുന്നതെന്നും കണ്ടെത്തി. ഇത്തരം ക്ലാഡിംഗുകളാണ് ഗ്രെന്‍ഫെല്‍ ടവറിലെ തീപ്പിടിത്തം ഇത്ര വലിയ തോതിലാകാന്‍ കാരണമായതെന്ന് കണ്ടെത്തിയിരുന്നു.