ലണ്ടന്‍: ഗ്രെന്‍ഫെല്‍ ടവറില്‍ അഗ്നിശമന സേന നടത്തിയ രക്ഷാപ്രവര്‍ത്തനം എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഇവര്‍ക്ക് വീഴ്ചയും സംഭവിച്ചതായി തീപ്പിടിത്തത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരു സ്ത്രീയുടെ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നു. റൂഫില്‍ ഹെലികോപ്ടര്‍ വരുമെന്ന അഗ്നിശമന സേനാംഗങ്ങളുടെ വാക്ക് വിശ്വസിച്ച് കാത്തിരുന്ന 40ഒൊളം പേര്‍ കൊല്ലപ്പെട്ടുവെന്ന് ഷക്കീല ഫ്‌ളോറ നെഡ എന്ന സ്ത്രീ വെളിപ്പെടുത്തി. തന്നെ മകനാണ് രക്ഷിച്ചതെന്നും അവര്‍ പറഞ്ഞു.

35ഓ 40ഓ ആളുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്ടര്‍ എത്തുമെന്ന് അഗ്നിശമന സേനാംഗങ്ങള്‍ പറഞ്ഞുവെന്ന് അവകാശപ്പെട്ട് റൂഫിലേക്ക് നീങ്ങി. അവരില്‍ ഒരു ഇറാനിയന്‍ സ്ത്രീയെ രക്ഷിക്കാന്‍ താന്‍ തിരിച്ചു വരാമെന്ന് മകന്‍ പറഞ്ഞെങ്കിലും ഹെലികോപ്ടര്‍ എത്തുന്നുണ്ടെന്നും വരേണ്ട ആവശ്യമില്ലെന്നും അവര്‍ മറുപടി നല്‍കി. എന്നാല്‍ ഗ്രെന്‍ഫെല്‍ ടവറില്‍ ഉണ്ടായതുപോലെയുള്ള വന്‍ തീപ്പിടിത്തങ്ങളില്‍ ഹെലികോപ്ടറുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കാറില്ലെന്നാണ് ലണ്ടന്‍ ഫയര്‍ ബ്രിഗേഡ് ഇതേക്കുറിച്ച് പ്രതികരിച്ചത്.

ഒട്ടേറെ ശവശരീരങ്ങള്‍ക്കു മുകളിലൂടെയാണ് തങ്ങള്‍ രക്ഷപ്പെട്ടതെന്ന് ഫ്‌ളോറയുടെ മകന്‍ ഫര്‍ഹാദ് പറഞ്ഞു. തീ പിടിച്ച കെട്ടിടത്തില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായ പരിക്കുകള്‍ മൂലം ഫര്‍ഹാദിന്റെ പിതാവ് മൊഹമ്മദ് മരിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്ന് കുടുംബത്തോടൊപ്പം യുകെയിലെത്തിയ ഫര്‍ഹാദ് കിംഗ്സ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്ന് എന്‍ജിനീയറിംഗ് ബിരുദം നേടിയ വ്യക്തിയാണ്. മുകള്‍ നിലയില്‍ നിന്ന് തന്റെ മാതാവിനെ എടുത്തുകൊണ്ട് ഓടിയാണ് ഇയാള്‍ സുരക്ഷിതമായി താഴെയെത്തിയത്.