ലണ്ടന്‍: ദുരന്തങ്ങള്‍ സംഭവിച്ചാല്‍ അവയുടെ ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തുക, സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുക എന്നത് ജനങ്ങളുടെ പ്രത്യേകിച്ച് മലയാളികളുടെ പൊതു സ്വഭാവമാണ്. അതിനെതിരെ വ്യക്തമായ സന്ദേശം നല്‍കിയിരിക്കുകയാണ് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ്. ഗ്രെന്‍ഫെല്‍ഡ് ദുരന്തത്തിന്റെ ഇരയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തയാള്‍ക്ക് മൂന്ന് മാസത്തെ തടവ് ശിക്ഷ വിധിച്ചു. ഒമേഗ മ്വായിക്കാംബോ എന്നയാള്‍ക്കാണ് ശിക്ഷ ലഭിച്ചത്. ടവര്‍ തീപ്പിടിത്തിന് ഇരയാക്കപ്പെട്ടയാളുടെ പകുതി മൂടിയ ശരീരത്തിന്റെ ചിത്രമാണ് ഇയാള്‍ പോസ്റ്റ് ചെയ്തത്.

ഇതേത്തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. സെക്ഷന്‍ 127 അനുസരിച്ച് രണ്ട് കുറ്റങ്ങളാണ് ഇയാള്‍ക്കു മേല്‍ ചുമത്തിയത്. പിന്നീട് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ഇയാളെ മൂന്ന് മാസത്തെ തടവിന് വിധിച്ചുവെന്ന് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് അറിയിച്ചു. ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ തീപ്പിടിത്തത്തില്‍ മരണസംഖ്യ 30 ആയെന്നാണ് കണക്കുകള്‍. ഒമേഗ പോസ്റ്റ് ചെയ്ത ചിത്രം ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഇത് ഒമേഗയുടെ സഹോദരന്റെ ചിത്രമാണെന്ന് ഒരാള്‍ ബിബിസിയോട് പറഞ്ഞു. ഒമേഗയുടെ സഹോദരന്‍ മൊഹമ്മദ് ദുരന്തത്തില്‍ മരിച്ചതായി സ്ഥിരീകരിച്ചിരുന്നു.

120 ഫ്‌ളാറ്റുകളായിരുന്നു കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. ഇവയില്‍ എത്ര പേര്‍ ഉണ്ടായിരുന്നു എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. കെട്ടിടത്തിനുള്ളില്‍ തെരച്ചില്‍ പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും കൂടാന്‍ ഇടയുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന.