ലണ്ടന്‍: ഗ്രെന്‍ഫെല്‍ ടവര്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട ബ്രിട്ടീഷ് പൗരന്‍മാരല്ലാത്തവര്‍ക്ക് പെര്‍മനന്റ് റസിഡന്‍സി നല്‍കാന്‍ തീരുമാനം. ഹോം ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. തീപ്പിടിത്തിന്റെ ദുരിതം അനുഭവിച്ചവര്‍ക്ക് യുകെയില്‍ തങ്ങാന്‍ ഒരു വര്‍ഷം കൂടി സമയം നീട്ടി നല്‍കാനായിരുന്നു മുമ്പ് തീരുമാനിച്ചിരുന്നത്. ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ഈ തീരുമാനം മാറ്റി സ്ഥിരതാമസത്തിനുള്ള അനുമതി നല്‍കാനുള്ള നിര്‍ദേശം മന്ത്രിമാര്‍ അംഗീകരിക്കുകയായിരുന്നു.

ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്ക് അത്യവശ്യ സേവനങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും അവരുടെ ജീവിതം വീണ്ടും കരുപ്പിടിപ്പിക്കാനുമുള്ള സംവിധാനമാണ് ആദ്യത്തെ നിര്‍ദേശത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടതെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ ബ്രാന്‍ഡന്‍ ലൂയിസ് പറഞ്ഞു. ഗ്രെന്‍ഫെല്‍ ടവര്‍ ഇമിഗ്രേഷന്‍ പോളിസി പ്രഖ്യാപിച്ചതിനു ശേഷം ദുരന്തത്തെ അതിജീവിച്ചവരുടെ ഭാവിയേക്കുറിച്ചുള്ള ആലോചനയിലായിരുന്നു സര്‍ക്കാര്‍. അവരുടെ അഭിപ്രായങ്ങളും ദുരന്തത്തേക്കുറിച്ച് അന്വേഷിക്കുന്ന സര്‍ മാര്‍ട്ടിന്‍ മൂര്‍ ബിക്കിന്റെ ഉപദേശവും അനുസരിച്ചാണ് പുതിയ തീരുമാനം.

അപകടത്തില്‍പെട്ടവര്‍ക്ക് യുകെയില്‍ അനിശ്ചിതത്വങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് നടപടി. എന്നാല്‍ സുരക്ഷാ പരിശോധനകളും ക്രിമിനല്‍ പശ്ചാത്തലം അന്വേഷിക്കുന്നതുള്‍പ്പെടെയുള്ള നടപടികളും ഇക്കാര്യത്തില്‍ സ്വീകരിക്കും. എന്നാല്‍ പൂര്‍ണ്ണ തോതില്‍ ദുരന്തത്തെ അതിജീവിച്ചവര്‍ക്ക് സംരക്ഷണം നല്‍കാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലെന്ന് ഷാഡോ ഹോം സെക്രട്ടറി ഡയാന്‍ ആബട്ട് കുറ്റപ്പെടുത്തി.