റായ്പൂര്‍: വരന്‍ സഞ്ചരിച്ച കാര്‍ ആളുകള്‍ക്കിടയിലേക്ക് പാഞ്ഞു കയറി 25 ഓളം പേര്‍ക്ക് പരിക്ക്. പരിക്ക് പറ്റിയ 9 പേരുടെ നില ഗുരുതരമാണ്. ചത്തീസ്ഗഢിലെ ജഞ്ച്ഗിര്‍ ചമ്പ ജില്ലയില്‍ തിങ്കളാഴ്ച്ച രാത്രിയാണ് സംഭവം. ഉത്തരേന്ത്യന്‍ വിവാഹങ്ങളില്‍ വരനെ സ്വീകരിക്കുന്ന ചടങ്ങ് വലിയ ആഘോഷമാണ്. നിരവധി പേരാണ് ഈ ചടങ്ങിനായി എത്തുക. വരനെ സ്വീകരിക്കുന്ന ചടങ്ങിനിടെയായിരുന്നു കാര്‍ ആളുകള്‍ക്കിടയിലേക്ക് പാഞ്ഞ് കയറിയത്.
വരനെ വഹിച്ചുകൊണ്ടുള്ള സ്‌കോര്‍പിയോ വിവാഹം ആഘോഷിച്ചു കൊണ്ടിരുന്നവര്‍ക്കൊപ്പം പതുക്കെയാണ് സഞ്ചരിച്ചിരുന്നത്. സംഗീതത്തിന്റെ അകമ്പടിയോടെ നിരവധി പേരാണ് വരന്റെ വാഹനത്തോടപ്പം നടന്നു നീങ്ങിയിരുന്നത്. എന്നാല്‍ പെട്ടന്ന് വാഹനത്തിന്റെ വേഗം കൂടുകയും ആളുകള്‍ക്കിടയിലേക്ക് പാഞ്ഞു കയറുകയുമായിരുന്നു.
അപകടം സംഭവിച്ചയുടന്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ബ്രേക്ക് എന്നു കരുതി ആക്സിലറേറ്ററില്‍ കാലമര്‍ന്നതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മുന്നോട്ടെടത്ത കാര്‍ ഉടന്‍ തന്നെ പുറകോട്ടെടുത്തത് അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു. പുറകോട്ടെടുത്തപ്പോള്‍ പിന്നിലുണ്ടായിരുന്നവര്‍ അപകടത്തില്‍പ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Leave a Reply