കൊച്ചി, പദ്മ ജംഗ്ഷനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റയാളെ തിരിഞ്ഞുനോക്കാതെ വഴിയാത്രക്കാര്‍ പോയ സംഭവത്തില്‍ ജനങ്ങള്‍ മനോഭാവം മാറ്റണമെന്ന് ജയസൂര്യ. ഫേസ്ബുക്ക് ലൈവിലാണ് താരം ഈ അഭ്യര്‍ത്ഥന നടത്തിയത്. മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാതെ നാം ജീവിച്ചിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ജയസൂര്യ പറഞ്ഞു. പരിക്കേറ്റ സജിയെ ആശുപത്രിയിലെത്തിച്ച സ്ത്രീക്കു മുന്നില്‍ പുരുഷസമൂഹം തലകുനിക്കുന്നതായും ജയസൂര്യ വ്യക്തമാക്കി. ഒരു സ്ത്രീയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. ഇത്തരം സാഹചര്യങ്ങളില്‍ സ്ത്രീകള്‍ ദൈവമായി മാറുന്നുവെന്നും ജയസൂര്യ പറഞ്ഞു.

ശനിയാഴ്ച വൈകിട്ടാണ് പദ്മ ജംഗ്ഷനിലെ ലോഡ്ജിന്റെ നാലാം നിലയില്‍ നിന്ന് വീണ് തൃശൂര്‍ സ്വദേശിയായ സജി ആന്റോയ്ക്ക് പരിക്കേറ്റത്. ഏറെ നേരം റോഡില്‍ കിടന്ന ഇയാളെ സഹായിക്കാന്‍ വഴിയാത്രക്കാര്‍ തയ്യാറായില്ല. ഒടുവില്‍ ഹൈക്കോടതി അഭിഭാഷകയായ അഡ്വ.രഞ്ജിനിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. വാഹനങ്ങളൊന്നും ലഭിക്കാതെ വന്നപ്പോള്‍ ഒരു കാര്‍ തടഞ്ഞു നിര്‍ത്തിയാണ് ഇവര്‍ സജിയെ ആശുപത്രിയിലാക്കിയത്. ഗുരുതരമായി പരിക്കേറ്റ സജിയെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

അപകടം നടന്ന സമയത്ത് അതിനു സമീപം ഒരു ജീപ്പും ഓട്ടോറിക്ഷയുമുണ്ടായിരുന്നിട്ടും അതിലുണ്ടായിരുന്നവര്‍ സഹായിക്കാന്‍ തയ്യാറായില്ല. പലരോടും താന്‍ സഹായം അഭ്യര്‍ത്ഥിച്ചിട്ടും ആരും തയ്യാറായില്ലെന്ന് അഡ്വ.രഞ്ജിനി പറഞ്ഞു. സജി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.

https://www.facebook.com/Jayasuryajayan/videos/979540818866265/