ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : സാറാ എവറാർഡ് കൊലപാതക കേസിൽ പ്രതി വെയ്ൻ കൂസെൻസിനെ മരണം വരെ തടവ് ശിക്ഷയ്ക്ക് വിധിച്ചുവെങ്കിലും ഇത്തരം ക്രൂരകൃത്യങ്ങൾ വിരൽചൂണ്ടുന്നത് സ്ത്രീ സുരക്ഷയെ സംബന്ധിച്ചുള്ള നിരവധി ചോദ്യങ്ങളിലേക്കാണ്. സ്ത്രീസുരക്ഷയ്ക്ക് നിയമവും അധികാരികളും എത്രമാത്രം പ്രാധാന്യം നൽകുന്നുവെന്ന് പൊതുജനങ്ങൾ സംശയിച്ചുതുടങ്ങിയിരിക്കുന്നു. രാത്രിയിൽ തെരുവിൽ ഇറങ്ങി നടക്കാൻ സ്ത്രീകൾ ഭയപ്പെടുന്നു. തെരുവ് വിളക്കുകളും സിസിടിവിയും കൊണ്ട് ഇത്തരം അതിക്രമങ്ങൾക്ക് തടയിടാൻ കഴിയുന്നില്ല. ബലാത്സംഗത്തിനും ലൈംഗികാതിക്രമത്തിനും ഇരയാകുന്നവരിൽ ഭൂരിഭാഗം പേരും അത് റിപ്പോർട്ട്‌ ചെയ്യാൻ തയ്യാറാവുന്നില്ല. റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന കേസുകളിൽ ശിക്ഷിക്കപ്പെടുന്നവർ വളരെ ചുരുക്കം. ബലാത്സംഗത്തിന് നിയമം നൽകുന്ന ശിക്ഷ വളരെ കുറവാണെന്നാണ് പൊതുജനാഭിപ്രായം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സമൂഹം, കുടുംബം, ജോലിസ്ഥലം എന്നിവിടങ്ങളിൽനിന്ന് സ്ത്രീകള്‍ ശാരീരികമായും മാനസികമായും നേരിടുന്ന അതിക്രമങ്ങളുടെ തോത് വളരെ വലുതാണ്. സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കാൻ പോലീസ് പ്രവർത്തിക്കണം. എന്നാൽ പോലീസ് തന്നെ മുഖ്യ പ്രതിയാവുമ്പോൾ സ്ത്രീസുരക്ഷ വാക്കിൽ മാത്രമായി ഒതുങ്ങുകയാണ്. വർദ്ധിച്ചുവരുന്ന പോലീസ് അക്രമങ്ങൾക്കെതിരെ നിശിതമായ വിമർശനം ഉയർന്നതോടൊപ്പം സാറായ്ക്ക് വേണ്ടി മാർച്ചിൽ ആയിരങ്ങൾ അണിചേർന്നിരുന്നു. ഈ കേസോടെ, സഹായത്തിനായി വിളിച്ചാലും സ്ത്രീകൾക്ക് ഇപ്പോൾ ഒരു പോലീസ് ഉദ്യോഗസ്ഥനെ വിശ്വസിക്കാൻ കഴിയില്ലെന്ന അവസ്ഥയും ഉടലെടുത്തു. തന്റെ വാറന്റ് കാർഡ് കാണിച്ചുകൊണ്ടാണ് കൂസെൻസ് സാറായെ തട്ടിക്കൊണ്ടുപോയതെന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.

അതേസമയം മറ്റ് അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം വെയ്ൻ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമായിരുന്നുവെന്ന് പോലീസ് പറയുന്നു. സ്ത്രീവിരുദ്ധ സന്ദേശങ്ങൾ അദ്ദേഹം ഗ്രൂപ്പിൽ പങ്കുവച്ചതായി കണ്ടെത്തി. 2019 മാർച്ച് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലെ സന്ദേശങ്ങളാണ് ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പോലീസ് കണ്ടക്ട് (ഐഒപിസി) പരിശോധിച്ചത്. ഗ്രൂപ്പിൽ ഉൾപ്പെട്ട മറ്റ് ഉദ്യോഗസ്ഥരെക്കുറിച്ചുള്ള അന്വേഷണം നടന്നുവരികയാണ്. സ്ത്രീസുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകികൊണ്ട്, ലണ്ടനിലെ തിരക്കേറിയ സ്ഥലങ്ങളിൽ 650 ഉദ്യോഗസ്ഥർ പട്രോളിംഗ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. സ്ത്രീകളുടെ സമഗ്രവികസനം ലക്ഷ്യത്തിലെത്താൻ സാമൂഹിക രാഷ്ട്രീയതലത്തിൽ കൂടുതൽ ഇടപെടലുകൾ അനിവാര്യമാണ്.