ചരക്കു സേവന നികുതി നിലവില്‍ വന്നതോടെ നികുതി ഭാരം താങ്ങാനാകാതെ തമിഴ്നാട്ടില്‍ ആയിരത്തോളം തിയേറ്ററുകള്‍ അടച്ചുപൂട്ടി. പുതുതായി വന്ന ചരക്കു സേവന നികുതിയ്ക്ക് പുറമേ മുപ്പതു ശതമാനം പ്രാദേശികനികുതിയും അധികം ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് തീയേറ്ററുകള്‍ അടിച്ചിടാന്‍ ഉടമകള്‍ തീരുമാനിച്ചത്. ഇതോടെ മൊത്തം നികുതിഭാരം അറുപതു ശതമാനം കൂടി. ഇത്രയും നികുതിയടയ്ക്കുക എന്നത് സാധിക്കുന്ന കാര്യമല്ല. പ്രാദേശിക നികുതി മുപ്പതു ശതമാനമാണ് കൂട്ടിയത്. നൂറു രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റുകള്‍ക്ക് ഇരുപത്തെട്ടു ശതമാനവും അതില്‍ താഴെയുള്ളവയ്ക്ക് പതിനെട്ടു ശതമാനവും ജി.എസ്.ടി നികുതിനിരക്കുകള്‍ നിലവില്‍ ഉള്ളപ്പോള്‍ തന്നെയാണ് ഇങ്ങനെയൊരു വര്‍ധന എന്നതിനാല്‍ ഇതു താങ്ങാനാകില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയുടെ പ്രസിഡന്റ് അഭിരാമി രാമനാഥന്‍ പറഞ്ഞു.
ജൂലൈ മൂന്നുമുതല്‍ പ്രദര്‍ശനങ്ങള്‍ നിര്‍ത്തലാക്കാന്‍ തമിഴ്നാട് തിയേറ്റര്‍ ഉടമകളുടെ സംഘടന വെള്ളിയാഴ്ച തീരുമാനിച്ചിരുന്നു. എന്നാല്‍ മിക്ക സംഘടനകളും ശനിയാഴ്ച തന്നെ തിയേറ്ററുകള്‍ അടച്ചു. സംഘടനയുടെ പ്രസിഡന്റ് അഭിരാമി രാമനാഥന്‍ പറഞ്ഞു. ഞായറാഴ്ച ആയതോടെ ഇങ്ങനെ പൂട്ടിയ തിയേറ്ററുകളുടെ എണ്ണം ആയിരത്തോളമായി. പ്രാദേശികനികുതി ശനിയാഴ്ച മുതല്‍ തന്നെ നിലവില്‍ വരും എന്നതിനാലാണ് അന്നേ ദിവസം തന്നെ തിയേറ്ററുകള്‍ അടച്ചുപൂട്ടാന്‍ തങ്ങള്‍ നിര്‍ബന്ധിതരായതെന്നും അദ്ദേഹം പറഞ്ഞു. ടിക്കറ്റ് വില നിശ്ചയിക്കാന്‍ തിയേറ്റര്‍ ഉടമകള്‍ക്ക് അധികാരമില്ലാത്ത ഒരേയൊരു രാജ്യമാണ് ഇന്ത്യ. നിലവില്‍ പത്തു ലക്ഷത്തോളം ആളുകള്‍ സിനിമയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരായിട്ടുണ്ട്.
Leave a Reply