ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- എലിസബത്ത് രാജ്ഞിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത യുവ ഗാർഡ്സ്മാനെ ഹൈഡ് പാർക്ക്‌ ബാരക്കിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി. പതിനെട്ടുകാരനായ ട്രൂപ്പർ ജാക്ക് ബർനൽ വില്യംസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാജ്ഞിയുടെ മൃതദേഹം വെസ്റ്റ്മിനിസ്റ്റർ ആബിയിൽ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് വഹിച്ചു കൊണ്ടുപോകുന്ന യാത്രയിൽ മൃതദേഹം വഹിച്ച പെട്ടിയുടെ പ്രധാന കാവൽക്കാരിൽ ഒരാളായിരുന്നു വില്യംസ്. ബുധനാഴ്ച ഉച്ചയ്ക്ക് 3:48 ഓടെ അലാറം മുഴങ്ങിയപ്പോഴാണ് പോലീസും, പാരാമെഡിക്കൽ സ്റ്റാഫും സെൻട്രൽ ലണ്ടനിലെ നൈറ്റ്‌സ്ബ്രിഡ്ജിലുള്ള ഹൈഡ് പാർക്കിൽ എത്തിയത്. എന്നാൽ സംഭവസ്ഥലത്ത് വച്ച് തന്നെ വില്യംസ് മരണപ്പെട്ടതായി പോലീസ് അധികൃതർ വ്യക്തമാക്കി.

വില്യംസിന്റെ മരണത്തിൽ ദുരൂഹത ഒന്നും തന്നെ സംശയിക്കുന്നില്ലെന്നാണ് പോലീസ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. രാജ്ഞിയുടെ ശവസംസ്കാര ദിനത്തിൽ, സൈനികന്റെ കുടുംബം അഭിമാനത്തോടെ തങ്ങളുടെ മകൻ ഉൾപ്പെടുന്ന ഹൗസ്ഹോൾഡ് കാവൽറി മൗണ്ടഡ് റെജിമെന്റിൽ നിന്നുള്ള സൈനികർ ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പോസ്റ്റ് ചെയതിരുന്നു. തങ്ങളുടെ മകൻ രാജ്ഞിയുടെ അന്തിമ യാത്രയിൽ തന്റെ കടമ നിർവഹിക്കുന്നു എന്ന് അവർ അഭിമാനത്തോടെ പറഞ്ഞിരുന്നു. എന്നാൽ ദിവസങ്ങൾക്ക് ശേഷം വില്യംസിന്റെ അമ്മ ലോറയ്ക്ക് തന്റെ മകൻെറ വേർപാടിന്റെ ദുഃഖം ലോകത്തെ അറിയിക്കേണ്ടതായി വന്നിരിക്കുകയാണ്.

ബ്ലൂസിലും റോയൽസിലും സേവനമനുഷ്ഠിച്ച ട്രൂപ്പർ ബർനെൽ-വില്യംസ്, ഹൗസ്ഹോൾഡ് കാവൽറിയുടെ ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റിൽ ഒരാളാണ്. സൗത്ത് വെയിൽസിലെ ബ്രിഡ്ജൻഡിൽ നിന്നുള്ള അദ്ദേഹത്തിന്റെ കുടുംബം നാളെ അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഡസൻ കണക്കിന് നീല ബലൂണുകൾ സ്ഥാപിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. രാജ്ഞിയുടെ മരണശേഷം വിവിധ ദിവസങ്ങളിലായി നടന്ന ദുഃഖാചരണ ചടങ്ങുകളിൽ നിരവധി തവണ വില്യംസ് പങ്കാളിയായിട്ടുണ്ട്. ജൂൺ 8 ന് ഹൈഡ് പാർക്ക് ബാരക്കിൽ നടന്ന തന്റെ മകന്റെ പാസിംഗ് ഔട്ട് പരേഡിന്റെ ചിത്രങ്ങൾ അമ്മ ലോറ ‘ എന്റെ ജീവിതത്തിലെ അഭിമാനകരമായ ദിവസങ്ങളിലൊന്ന്’ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്തിരുന്നു. കുട്ടിക്കാലം മുതൽ തന്നെ കുതിര സവാരിയിൽ തത്പരനായിരുന്ന ജാക്ക്, ബ്രിട്ടീഷ് ആർമിയിലെ ഏറ്റവും സീനിയറായ രണ്ടാമത്തെ എലൈറ്റ് റെജിമെന്റിൽ ചേരാനുള്ള തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ പരിക്കുകളുടെ ഒരു പരമ്പരയെ തന്നെ അതിജീവിക്കേണ്ടതായി വന്നിട്ടുണ്ടെന്ന് കുടുംബം പറഞ്ഞു. ജാക്കിന്റെ അമ്മ മകന്റെ മരണവാർത്ത അറിയിച്ചതിന് ശേഷം നിരവധി പേരാണ് ആദരാഞ്ജലികൾ അറിയിച്ചിരിക്കുന്നത്.