മലയാള സിനിമയില്‍ ഏതു വേഷവും ധൈര്യമായി ഏല്‍പ്പിക്കാവുന്ന ചില നടന്‍മാരില്‍ ഒരാളാണ് വിജയരാഘവന്‍. നായകനായും, വില്ലനായും, സഹനടനായും നായകന്റെ അച്ഛനായും സഹോദരനായും ഒക്കെ അഭിനയിക്കും. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ‘ബാംഗ്ലൂര്‍ ഡേയ്‌സ്’ എന്ന ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിച്ച കുട്ടന്‍ എന്ന കഥാപാത്രത്തിന്റെ അച്ഛന്റെ റോള്‍ വിജയരാഘവന് ഏറെ കൈയ്യടി വാങ്ങി കൊടുത്തിരുന്നു. ഇപ്പോഴിതാ ബ്രദേഴ്‌സ് ഡേയിലെ വേഷം കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകര്‍.

പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേയില്‍ പൃഥ്വിയ്ക്കും മറ്റുള്ളവര്‍ക്കുമൊപ്പം മഞ്ഞ നിറത്തിലുള്ള ടീഷര്‍ട്ടും കൂളിംഗ്ലാസും ജീന്‍സും ധരിച്ച് ക്ലീന്‍ ഷേവായി നില്‍ക്കുന്ന വിജയരാഘവനെ കണ്ടാല്‍ കുട്ടന്റെ അച്ഛനല്ല, കുട്ടനാണെന്നേ പറയൂ എന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം. ‘ദാ ആ മഞ്ഞ ടി ഷര്‍ട്ട് ഇട്ടു നിക്കുന്ന ഫ്രീക്കനെ പിടികിട്ടിയോ!!’ എന്ന തലക്കെട്ടോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിജരാഘവന്‍ ചേട്ടന്‍ എന്നറിയപ്പെടുന്ന കുട്ടേട്ടനാണത് എന്നും പോസ്റ്റില്‍ പറയുന്നു.

കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബ്രദേഴ്‌സ് ഡേ’. ഈ ചിത്രത്തിലൂടെ തമിഴ് നടന്‍ പ്രസന്നയും മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് പ്രസന്ന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ ജോര്‍ജ്, മഡോൺ സെബാസ്റ്റ്യൻ എന്നിവരും മുഖ്യ വേഷത്തില്‍ എത്തുന്നു.

ചിത്രത്തില്‍ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ കാറ്ററിങ് തൊഴിലാളിയുടെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. റോണി എന്നാണ് കഥാപാത്രത്തിന്റെ പേര്. നാല് നായികമാര്‍ക്കും ചിത്രത്തില്‍ തുല്യ പ്രാധാന്യമാണെന്നും സംവിധായകന്‍ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഓണം റിലീസ് ആയാകും ബ്രദേഴ്‌സ് ഡേ തിയേറ്ററുകളില്‍ എത്തുക. ആദ്യ രണ്ട് പോസ്റ്ററുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തെ കുറിച്ച് ഫെയ്‌സ്ബുക്കിലൂടെ പൃഥ്വിരാജ് തന്നെയായിരുന്നു നേരത്തേ പ്രഖ്യാപനം നടത്തിയത്.

‘രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷാജോണ്‍ ചേട്ടന്‍ (അതേ നമ്മുടെ സ്വന്തം കലാഭവന്‍ ഷാജോണ്‍) എന്റെ അടുക്കല്‍ അദ്ദേഹം തന്നെ രചിച്ച ഒരു ബൗണ്ട് സ്‌ക്രിപ്റ്റ് (പൂര്‍ണ്ണമായ തിരക്കഥ) കൊണ്ട് വന്നു. ഞാന്‍ അതില്‍ അഭിനയിക്കണം എന്നാണ് തന്റെ ആഗ്രഹം എന്ന് പറഞ്ഞ അദ്ദേഹം ഇത് സംവിധാനം ചെയ്യേണ്ടത് ആര് എന്ന തീരുമാനവും എനിക്ക് വിട്ടു തന്നു. എന്നാല്‍ തിരക്കഥ എഴുതപ്പെട്ട രീതിയില്‍, അതിന്റെ ഡീറ്റൈലിങ് എന്നിവയില്‍ നിന്ന് തന്നെ എനിക്ക് വ്യക്തമായി, ഇത് സംവിധാനം ചെയ്യാന്‍ ഒരാള്‍ക്ക് മാത്രമേ സാധിക്കൂ എന്ന്. അത് അദ്ദേഹം തന്നെയാണ്. ഇത് രസകരമായ ഒരു ചിത്രമാണ് സുഹൃത്തുക്കളേ. ഇതില്‍ കോമഡിയുണ്ട്, ആക്ഷനുണ്ട്, പ്രണയമുണ്ട്, വികാരങ്ങളുണ്ട്. വരുന്നൂ, കലാഭവന്‍ ഷാജോണിന്റെ ആദ്യ സംവിധാന സംരംഭം, ബ്രദേഴ്‌സ് ഡേ!”, പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.