ലണ്ടന്‍: ശരീരഭാഗങ്ങള്‍ക്ക് പകരം ഉപയോഗിക്കാനായി നിര്‍മിക്കുന്ന ഇംപ്ലാന്റുകള്‍ അംഗീകാരം ലഭിക്കുന്നതിനു മുമ്പ് ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികള്‍ മനുഷ്യരില്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. മൃഗങ്ങളില്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ക്കും ലബോറട്ടറി പരിശോധനകള്‍ക്കും മാത്രം അനുവാദമുള്ള ഇംപ്ലാന്റുകള്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് അയച്ച് മനുഷ്യരില്‍ പരീക്ഷിച്ചതായാണ് വിവരം. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ച കൃത്രിമ കണ്ണുനീര്‍ നാളി, ആര്‍ട്ടീരിയല്‍ ഗ്രാഫ്റ്റ് മുതലായവ മനുഷ്യരില്‍ പരീക്ഷിക്കുന്നതിന് വിദേശത്തേക്ക് അയച്ചതായി അന്വേഷണത്തില്‍ വ്യക്തമായി.

മനുഷ്യരെ ഗിനിപ്പന്നികളായി കണക്കാക്കുന്ന പരീക്ഷണമാണ് നടന്നതെന്ന ആരോപണമാണ് ഇതേക്കുറിച്ച് അന്വേഷണം നടത്തിയ എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയിലെ അവയവമാറ്റ ശസ്ത്രക്രിയാ പ്രൊഫസര്‍ സ്റ്റീഫന്‍ വിഗ്മോര്‍ പറഞ്ഞു. ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണത്തില്‍ കണ്ടെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ബൈപ്പാസ് ശസ്ത്രക്രിയക്കായി വികസിപ്പിച്ച ഗ്രാഫ്റ്റ് പരീക്ഷിച്ചത് ടെഹ്‌റാന്‍ സ്വദേശിയും മയക്കുമരുന്നിന് അടിമയുമായ 26കാരനിലാണെന്ന് കണ്ടെത്തി. ഈ ശസ്ത്രക്രിയ വിജയമായിരുന്നോ എന്ന വിവരം പോലും ലഭിച്ചിട്ടില്ല. ക്ലിനിക്കല്‍ പിഴവായി വേണം ഇത് കണക്കാക്കാനെന്നും രോഗിക്ക് ജീവന്‍ വരെ നഷ്ടമാകാനുള്ള സാധ്യതകള്‍ ഉണ്ടെന്നും ഹൃദ്രോഗം വിദഗ്ദ്ധര്‍ പറയുന്നു.

യൂണിവേഴ്‌സിറ്റി വികസിപ്പിച്ച പ്ലാസ്റ്റിക് ഡിസ്‌കുകള്‍ മുംബൈയിലെ ഒരു രോഗിയിലാണ് പരീക്ഷിച്ചത്. ചെവിയുടെ ശസ്ത്രക്രിയക്ക് എത്തിയ ഈ രോഗിയുടെ ത്വക്കിനടിയില്‍ ഡിസ്‌കുകള്‍ നിക്ഷേപിച്ച് ഇവ മനുഷ്യശരീരം സ്വീകരിക്കുമോ എന്ന പരീക്ഷണമാണ് നടത്തിയത്. ഇത് രോഗിക്ക് എന്തെങ്കിലും ദോഷമുണ്ടാക്കിയോ എന്ന വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും അതിനുള്ള സാധ്യതകള്‍ തള്ളിക്കളയാനാകില്ല. വൈദ്യശാസ്ത്രമേഖലയില്‍ യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനുള്ള സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്.