ഗൾഫിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലേക്കുകൊണ്ടുപോകുന്നതിനു വിലക്ക് തുടരുന്നതിൽ ആശങ്കയോടെ പ്രവാസികൾ. യുഎഇയിൽ മാത്രം ഇരുപതിലധികം ഇന്ത്യക്കാരുടെ മൃതദേഹങ്ങളാണ് മോർച്ചറികളിൽ സൂക്ഷിച്ചിരിക്കുന്നത്. ഇന്നലെ ഉച്ചയോടെയാണ് കേരളത്തിലേതടക്കമുള്ള വിമാനത്താവളങ്ങളിൽ മൃതദേഹം സ്വീകരിക്കുന്നതിനു കേന്ദ്രസർക്കാർ അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയത്.
ഇന്ത്യയിലേക്കു യാത്രാവിമാനങ്ങൾക്കു പ്രവേശനവിലക്കേർപ്പെടുത്തിയതു മുതൽ കാർഗോ വിമാനത്തിലാണ് ഗൾഫിൽ നിന്നും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചിരുന്നത്. എന്നാൽ ഇന്നലെ മുതൽ ഗൾഫിൽ നിന്ന് മൃതദേഹം കൊണ്ട് വരരുതെന്ന് വിമാന കമ്പനികൾക്കും ഇന്ത്യയിലെ വിമാനത്താവളങ്ങൾക്കും കേന്ദ്രസർക്കാർ നിർദേശം നൽകിയതായാണ് കാർഗോയെ സമീപിക്കുന്ന പ്രവാസികൾക്കു ലഭിക്കുന്ന മറുപടി. ഇന്ത്യൻ എംബസിയുടേയും ഗൾഫിലെ പൊലീസ് വകുപ്പിൻറേയുമെല്ലാം അനുമതി ലഭിച്ച് എംബാംമിങ് പൂർത്തിയാക്കിയ മൃതദേഹങ്ങൾ വരെ അധികൃതരുടെ കനിവ് കാത്തു കിടക്കുകയാണ്.
എന്തുകൊണ്ടാണ് ഇങ്ങനെയൊരു നിലപാടെന്ന കാര്യത്തിൽ കേന്ദ്രസർക്കാർ കൃത്യമായ വിശദീകരണം പോലും നൽകിയിട്ടില്ലെന്നാണ് പ്രവാസിസംഘടനകളുടെ പരാതി. നിലവിൽ കോവിഡ് ബാധിതരുടേയോ സംശയിക്കുന്നവരുടേയോ മൃതദേഹങ്ങൾ നാട്ടിലേക്കു അയക്കാതെ ഗൾഫിൽ അതാത് വിശ്വാസപ്രകാരം സംസ്കരിക്കുകയാണ് പതിവ്. ഒപ്പം നാട്ടിലേക്കയക്കുന്ന മൃതദേഹങ്ങൾ കോവിഡ് ഫലം നെഗറ്റീവായവരുടേതാണെന്നു ഉറപ്പുവരുത്തുന്നുമുണ്ട്. അതിനാൽ അത്തരമൊരു ആശങ്കയ്ക്ക് അടിസ്ഥാനമില്ല. യാത്രാവിമാനസർവീസ് പുനരാരംഭിക്കാത്ത സാഹചര്യത്തിൽ മൃതദേഹമെങ്കിലും കയറ്റിഅയക്കാൻ അനുമതി നൽകണമെന്നാണ പ്രവാസികളുടെ അഭ്യർഥന.
Leave a Reply