തമിഴ്നാട് സേലത്ത് ഗുണ്ടാനേതാവിനെ പൊലീസ് വെടിവച്ച് കൊന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കതിരവേലാണ് കൊല്ലപ്പെട്ടത്. സേലത്ത് കവര്‍ച്ചയും കൊലപാതകങ്ങളും കൂടിവരുന്നെന്ന പരാതിയെ തുടര്‍ന്ന് ഗുണ്ടാ സംഘങ്ങള്‍ക്കെതിരെയുള്ള പൊലീസ് നീക്കം ശക്തമാക്കി.
അടുത്തകാലത്തായി സേലത്ത് കൊലപാതകം, പിടിച്ചുപറി, ഭീഷണിപ്പെടുത്തി പണം തട്ടല്‍, ആളുകളെ തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ഏറി വരികയാണ്. പരാതികള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഗുണ്ടാ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കമ്മിഷണര്‍ എസ്.ഐ മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ ഒരാഴ്ചയായി നടത്തുന്ന പൊലീസ് പരിശോധനയില്‍ മുപ്പത്തിയഞ്ചോളം പേരെ അറസ്റ്റ് ചെയ്തിരുന്നു.
ഇതിന്‍റെ തുടര്‍ച്ചയായാണ് കൊലകേസുകളിലടക്കം പ്രതിയായ കതിരവേലിനായി അന്വഷണം ഊര്‍ജിതമാക്കിയത്. ഇയാള്‍ക്കെതിരെ മറ്റ് നിരവധി കേസുകളും നിലനില്‍ക്കുന്നുണ്ട്. കതിരവേലും കൂട്ടാളികളും കാരപ്പട്ടിയില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന രഹസ്യ വിവിരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം ഇവരെ വളഞ്ഞു. വടിവാള്‍ ഉപയോഗിച്ച് കതിരവേലും കൂട്ടാളികളും അക്രമിച്ചെന്നും ജീവന്‍ രക്ഷയ്ക്ക് വേണ്ടിയാണ് വെടിവച്ചതെന്നും പൊലീസ് വ്യക്തമാക്കി. രക്ഷപ്പെട്ട മൂന്ന് ഗുണ്ടകള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഗുണ്ടാ സംഘത്തിന്‍റെ ആക്രമണത്തില്‍ പരുക്കേറ്റ എസ്.ഐ സുബ്രഹ്മണി ഉള്‍പ്പെടെ രണ്ട് പൊലീസുകാര്‍ ചികിത്സയിലാണ്.
Leave a Reply