ലൈംഗികച്ചുവയുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്ത് വന്നതിനെ തുടര്‍ന്ന് ഗതാഗതമന്ത്രി സ്ഥാനം രാജിവെച്ച എ.കെ. ശശീന്ദ്രനെതിരെ സ്വമേധയ കേസെടുക്കില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട സ്ത്രീ പരാതി നല്‍കിയാല്‍ കേസെടുക്കാമെന്ന നിലപാടിലാണ് പൊലീസ് ഇപ്പോള്‍.
വെറുമൊരു ആരോപണത്തിന്റെ പേരില്‍ മാത്രം ശശീന്ദ്രനെതിരെ കേസെടുക്കേണ്ട ആവശ്യമില്ലെന്നാണ് പൊലീസ് നിലപാട്. കൂടാതെ സ്വകാര്യ സംഭാഷണം പുറത്ത് വിട്ടെന്ന പേരില്‍ ശശീന്ദ്രന്‍ പരാതി നല്‍കിയാലും അന്വേഷിക്കും. അല്ലെങ്കില്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്നുമാണ് പൊലീസ് നിലപാട്.

പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് ലൈംഗികച്ചുവയോടെ മന്ത്രി സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് ഒരു സ്വകാര്യ ചാനല്‍ പുറത്ത് വിട്ടത്.

ശബ്ദരേഖ പുറത്ത് വന്നതോടെ മുഖ്യമന്ത്രി പിണറായി വിജയനുമായി ശശീന്ദ്രന്‍ ഫോണില്‍ സംസാരിച്ചു. ഉചിതമായ തീരുമാനം എടുക്കാന്‍ ശശീന്ദ്രന് കഴിയുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പിന്നീട് മാദ്ധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി, ശശീന്ദ്രനെതിരായ ആക്ഷേപം ഗൗരവതരമാണെന്നും വസ്തുതകളെ കുറിച്ച്‌ അന്വേഷിക്കേണ്ടതുണ്ടെന്നും പറഞ്ഞിരുന്നു. തുടര്‍ന്നാണ് ശശീന്ദ്രന്‍ രാജി വച്ചത്.