കെയ്‌റോ: ഈജിപ്തിലെ കെയ്‌റോയില്‍ കോപ്റ്റിക് ക്രൈസ്തവരുടെ പള്ളിയിലുണ്ടായ വെടിവെപ്പില്‍ മൂന്ന് പോലീസുകാര്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. തെക്കന്‍ കെയ്‌റോയിലെ ഹെല്‍വാന്‍ ജില്ലയിലെ മാര്‍ മിന പള്ളിയിലാണ് വെടിവെപ്പുണ്ടായത്. ആയുധ ധാരികളായ രണ്ടുപേര്‍ പള്ളിയില്‍ പ്രവേശിക്കുകയും ജനങ്ങള്‍ക്കുനേരെ നിറയൊഴിക്കുകയുമായിരുന്നു.
ഇവിടെ അടുത്ത ആഴ്ച നടക്കുന്ന ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്നതിനായി പോലീസിനെ വിന്യസിപ്പിച്ചിരുന്നു. ഇവര്‍ക്കു നേരെയുണ്ടായ വെടിവെപ്പിലാണ് മൂന്നുപേര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ തിരിച്ചടിയില്‍ ആക്രമികളില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ മെന റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ഡിസംബറില്‍ 28 പേരുടെ മരണത്തിന് ഇടയാക്കിയ കോപ്റ്റിക് കത്തീഡ്രലില്‍ നടന്ന ബോംബാക്രമണവും ഏപ്രിലില്‍ ഓശാന ഞായര്‍ ദിവസമുണ്ടായ ആക്രമണവും ഭീകരര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍, ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടടുത്തിട്ടില്ല.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജനുവരി ഏഴിന് നടക്കുന്ന ഓര്‍ത്തഡോക്‌സ് ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് പോലീസ് സുരക്ഷ ശക്തമാക്കി. പള്ളികള്‍ക്കു പുറമെ മറ്റ് ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്കും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്
Leave a Reply