ബര്‍മിംഗ്ഹാം. വെയര്‍ഹൗസ് ഉടമയായ ബിസിനസ്സ്കാരനെ മുഖം മൂടി ധരിച്ചെത്തിയ രണ്ടംഗ സംഘം വെടിവച്ച് കൊന്നു. ബര്‍മിംഗ്ഹാമില്‍ സോഫ്റ്റ്‌ഡ്രിങ്ക്സ് വെയര്‍ഹൗസ് ഉടമയായ അക്തര്‍ ജാവീദ് (56) ആണ് അക്രമികളുടെ വെടിയേറ്റ് മരിച്ചത്. തോക്ക് ചൂണ്ടിയെത്തിയ മുഖംമൂടി വച്ച രണ്ട് പേര്‍ വെയര്‍ഹൌസില്‍ കടന്നു വന്ന് അവിടെയുണ്ടായിരുന്ന നാല് പേരെയും കെട്ടിയിടുകയായിരുന്നു ആദ്യം ചെയ്തത്. എന്നാല്‍ ഇവര്‍ പിന്നീട് അക്തര്‍ ജാവീദിനെ അവിടെ നിന്നും കൊണ്ട് പോവുകയായിരുന്നു.
അല്‍പ്പ സമയത്തിന് ശേഷം വെടിയൊച്ച കേള്‍ക്കുകയായിരുന്നു എന്ന്‍ അക്രമികള്‍ കെട്ടിയിട്ട മുഹമ്മദ് അഷ്‌റഫ് എന്ന ജീവനക്കാരന്‍ പറഞ്ഞു. അക്തര്‍ ജാവീദിനെ മനസ്സിലാക്കിയ അക്രമികള്‍ അദ്ദേഹത്തെ പുറത്തേയ്ക്ക് കൊണ്ട് പോയി വെടി വച്ച് കൊന്നതായാണ് തനിക്ക് തോന്നുന്നത് എന്നും മുഹമ്മദ് പറഞ്ഞു. ഇതിനിടയില്‍ ഒരു കൈ സ്വതന്ത്രമായി കിട്ടിയ മുഹമ്മദ് ആണ് പോലീസിനെയും വിവരം അറിയിച്ചത്.
ബര്‍മിംഗ്ഹാമിലെ റിയ സ്ട്രീറ്റില്‍ ബുധനാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം നടന്നത്. പോലീസ് എത്തുമ്പോള്‍ വെയര്‍ഹൗസിന് സമീപം റോഡരികില്‍ വെടിയേറ്റ് രക്തത്തില്‍ കുളിച്ച നിലയില്‍ ജാവീദിന്‍റെ ശരീരം കണ്ടെത്തുകയായിരുന്നു. കഴുത്തിന് വെടിയേറ്റ നിലയില്‍ ആയിരുന്നു ജാവീദ് കിടന്നിരുന്നത്. പോലീസ് എത്തുമ്പോള്‍ ജീവന്‍ ഉണ്ടായിരുന്ന ജാവീദ് ഹോസ്പിറ്റലില്‍ വച്ചാണ് മരിച്ചത്. വിരലടയാള വിദഗ്ദരും ഫോറന്‍സിക് വിഭാഗവും സംഭവ സ്ഥലം സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തി.
മരിച്ച ജാവീദിന് ഭാര്യയും നാല് മക്കളും ഉണ്ട്. ഭാര്യ ആയിഷ, മക്കളായ ലൈലാസ്(30) സോഫിയന്‍ (24), മീരാന്‍ (11), എട്യന്‍ (9) എന്നിവര്‍ ലണ്ടനില്‍ ആണ് താമസം. ആഴ്ചയില്‍ അഞ്ച് ദിവസം ബര്‍മിംഗ്ഹാമില്‍ താമസിച്ച് ബിസിനസ് ചെയ്തിരുന്ന ജാവീദ് വീക്കെണ്ടുകളില്‍ ലണ്ടനിലെ വീട്ടില്‍ എത്തുമായിരുന്നു.
കൊലപാതക കാരണം എന്താണെന്ന് വ്യക്തമല്ല എന്ന്‍ പോലീസ് പറഞ്ഞു. കൊലപാതകികള്‍ രണ്ട് പേരായിരുന്നു എന്നും ഇവര്‍ കൃത്യം നിര്‍വഹിച്ച ശേഷം ഒരു കാറില്‍ കടന്ന്‍ കളഞ്ഞു എന്നുമാണ് പോലീസ് ഭാഷ്യം. അന്വേഷണം നടന്ന്‍ വരുന്നു. മോഷണ ശ്രമം ആകാം കാരണം എന്നാണ് പ്രാഥമിക നിഗമനം.