ഗുര്‍മീതിന് എതിരെ ഇപ്പോള്‍ വന്ന കോടതി വിധിയിലേക്ക് എത്തിയ കാര്യങ്ങള്‍ എല്ലാം തുടങ്ങിയത് വാജ്‌പേയിക്ക് അയച്ച ഊമക്കത്തില്‍ നിന്നും. ഗുര്‍മീതിന്റെ ലൈംഗിക ചൂഷണത്തെക്കുറിച്ച് ഈ കത്തില്‍ ഉണ്ടായിരുന്നത് ഇരയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
”കൃഷ്ണന് 360 ഗോപികമാരുണ്ട്. അവരുമായി ദിവസേനെ ഭഗവാന്‍ പ്രേമലീലയില്‍ ഏര്‍പ്പെടും. ജനങ്ങള്‍ അദ്ദേഹത്തെ ദൈവമായി ആരാധിക്കുമ്പോള്‍ ഇതൊന്നും ഒരു പുതിയ കാര്യമേയല്ല. ” വിശ്വാസികളായ രണ്ടു സ്ത്രീകളെ ബലാത്സംഗം ചെയ്തതിന്റെ പേരില്‍ ശിക്ഷ കാത്തിരിക്കുന്ന ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് രാം റഹീം തന്റെ ഇരയുടെ മേല്‍ ലൈംഗിക ചൂഷണം നടത്തുന്നതിനെ ന്യായീകരിച്ച് പറഞ്ഞതായി ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് രാം റഹീമിനെതിരേ വിവാദമുണ്ടാക്കിയ കത്തില്‍ വെളിപ്പെടുത്തിയതാണ് ഇത്.
2002 ല്‍ ദേരാ സച്ചാ സൗദയിലെ ആചാരങ്ങള്‍ സൂചിപ്പിച്ച് യുവതി അന്നത്തെ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയിക്കും പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റീസിനുമായിരുന്നു കത്തയച്ചത്. ഈ കത്തായിരുന്നു പിന്നീട് റാം റഹീമിനെതിരേ നടന്ന സിബിഐ അന്വേഷണത്തിലേക്ക് നയിക്കപ്പെട്ടതും. പഞ്ചാബില്‍ നിന്നായിരുന്നു യുവതി കത്തെഴുതിയത്. ” ദേരാ സച്ചാ സൗദയുടെ കടുത്ത വിശ്വാസികളായ കുടുംബം കാരണമാണ് താനും ആള്‍ ദൈവത്തിന്റെ ‘സാധ്വി’ യായി മാറിയത്. സിര്‍സയിലെ ദേരയിലെ രണ്ടു വര്‍ഷത്തെ വാസമാണ് ലൈംഗിക ചൂഷണത്തിലേക്ക് നയിച്ചത്. താമസിക്കുന്ന കാലത്താണ് മഹാരാജ് ജി ഭൂഗര്‍ഭ താമസസ്ഥലമായ ഗുഫയിലേക്ക് ഇരയെ വിളിച്ചത്.
ഇന്ത്യയിലെ ഒരു പ്രമുഖ ദേശീയമാധ്യമമാണ് പെണ്‍കുട്ടിയുടെ കത്തിലെ പരാമര്‍ശങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ കത്തില്‍ പെണ്‍കുട്ടി സൂചിപ്പിച്ചിരിക്കുന്നത് ഇപ്രകാരമാണെന്ന് പറയുന്നു.
” മുറിയിലേക്ക് പ്രവേശിക്കുമ്പോള്‍ സമയം 10 മണിയായിരുന്നു. മഹാരാജ് അവിടെ അയാളുടെ കിടക്കയില്‍ ഇരിക്കുകയായിരുന്നു. കയ്യില്‍ ഒരു റിമോട്ടുണ്ടായിരുന്നു. മുന്നിലെ ടെലിവിഷനില്‍ പ്രായ പൂര്‍ത്തിയായവര്‍ക്ക് മാത്രമുള്ള സിനിമ ഓടുന്നു. കിടക്കയുടെ ഒരു വശത്ത് തോക്ക് വെച്ചിരുന്നു. എല്ലാം കണ്ട് ഞാന്‍ ഞെട്ടി. കാരണം മഹാരാജിനെ കുറിച്ച് ഒരിക്കലും ഇങ്ങിനെ ചിന്തിച്ചിരുന്നില്ല. എന്നാല്‍ തന്റെ പ്രിയപ്പെട്ട സാധ്വിയായി തെരഞ്ഞെടുക്കപ്പെട്ട് എന്നില്‍ പ്രസാദിച്ചിരിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഗുര്‍മീതിന്റെ നീക്കത്തില്‍ പ്രതിഷേധിച്ചപ്പോള്‍ താന്‍ ദൈവമാണെന്ന കാര്യത്തില്‍ സംശയിക്കേണ്ടെന്നായിരുന്നു മറുപടി. ദൈവം ഇത്തരം മോശം കാര്യം ചെയ്യാറില്ലല്ലോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ” ഇതൊന്നും ഇവിടെ പുതിയ കാര്യമല്ല. നമ്മള്‍ ഇവിടെ വര്‍ഷങ്ങളോളം ഒരുമിച്ചു ജീവിക്കാന്‍ പോകുന്നു. 360 ഗോപികമാരുള്ള കൃഷ്ണഭഗവാന്‍ ദിനംപ്രതി അവരെ മാറിമാറി പ്രണയിച്ചിരുന്നില്ലേ. ” എന്നായിരുന്നു മഹാരാജിന്റെ മറുപടി.
തുടര്‍ന്നു ആഗ്രഹത്തിന് എതിര് നിന്നാല്‍ തന്നെയും കുടുംബത്തെയും ദേരയില്‍ നിന്നും പുറത്തെറിയുമെന്നും ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി. സഹകരിക്കുകയേ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളൂ. ദേരാ തലവന്‍ യുവതിയെ ബലാത്സംഗം ചെയ്തു. അടുത്ത മൂന്ന് വര്‍ഷവും ഇത് തുടര്‍ന്നു. ഇതിനിടയില്‍ മറ്റ് സാധ്വികളെയും ദേരാ തലവന്‍ തന്റെ ഇംഗിതത്തിന് ഇരയാക്കിയിരുന്നു. 35 നും 40 നും ഇടയില്‍ പ്രായക്കാരായ ഗുര്‍മീത് ബലാത്സംഗം ചെയ്ത അനേകം യുവതികളുടെ പേരുകളും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. വിവാഹപ്രായം കഴിഞ്ഞു നില്‍ക്കുന്നവരായിരുന്നതിനാല്‍ ഇതില്‍ കൂടുതല്‍ അവര്‍ക്ക് പ്രതീക്ഷിക്കാന്‍ കഴിയുമായിരുന്നില്ലെന്നും കത്തില്‍ പറയുന്നു.
ഗുര്‍പ്രീതിന്റെ ഇംഗിതത്തെ എതിര്‍ത്തിരുന്ന പെണ്‍കുട്ടികള്‍ ദേരയ്ക്കുള്ളില്‍ മര്‍ദ്ദനത്തിനും അപമാനത്തിനും ഇരയായിരുന്നതായും സൂചിപ്പിക്കുന്നുണ്ട്. കൊല്ലുമെന്ന ഭയത്താലാണ് പേരു വെളിപ്പെടുത്താത്തതെന്നും ഈ ഭീതികൊണ്ട് തുടര്‍ച്ചയായ ചൂഷണത്തിനും ബലാത്സംഗത്തിനും ഇരയാകുന്ന ഏകദേശം 30-40 പെണ്‍കുട്ടികളാണ് കഴിയുന്നതെന്നും പറയുന്നുണ്ട്. ധൈര്യം കൊടുത്താല്‍ ഇവര്‍ ഇക്കാര്യം പറയാന്‍ മുമ്പോട്ടു വരുമെന്നും ഒരു വൈദ്യപരിശോധന എല്ലാ സാധ്വികളിലും നടത്തിയാല്‍ ലൈംഗികചൂഷണത്തിന്റെ വിവരം അറിയാമെന്നും വ്യക്തമാക്കുന്നുണ്ട്. ഗുര്‍മീതിനെ അന്ധമായി വിശ്വസിക്കുന്ന മാതാപിതാക്കള്‍ ഇപ്പോഴും പെണ്‍മക്കള്‍ കന്യകകളാണെന്ന് വിശ്വസിക്കുന്നു. എന്നാല്‍ ഒരു വൈദ്യ പരിശോധന മഹാരാജ് ഗുര്‍മീത് രാം റഹീം തങ്ങളുടെ ജീവിതം തകര്‍ത്തെന്ന കാര്യം വെളിവാക്കിത്തരുമെന്നും പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.
2002 സെപ്തംബര്‍ 3 ന് കിട്ടിയ കത്തിന്റെ അടിസ്ഥാനത്തില്‍ പഞ്ചാബ് – ഹരിയാന ഹൈക്കോടതി ജഡ്ജി ആദര്‍ശ് കുമാര്‍ ഗോയല്‍ സ്വമേധയാ കേസെടുക്കുക ആയിരുന്നു. അതിന് ശേഷം സിര്‍സാ ജഡ്ജിയോട് ദേരാ സന്ദര്‍ശിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമായിരുന്നു ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2002 സെപ്തംബര്‍ 24 ന് സിബിഐ അന്വേഷണത്തിന് ഉത്തരവ് ഇടുകയുമായിരുന്നു.
Leave a Reply