ബലാത്സംഗ കേസില്‍ ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിന് പത്തു വര്‍ഷം തടവ് . ബലാത്സംഗക്കേസില്‍ ‘ദേരാ സച്ചാ സൗദാ’ നേതാവ് ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരനെന്ന് പഞ്ചകുളയിലെ പ്രത്യേക സി.ബി.ഐ. കോടതി കണ്ടെത്തിയിരുന്നു.

15 വര്‍ഷം മുമ്പുള്ള ബലാത്സംഗ കേസിലാണ് വിധി. ആശ്രമത്തിലെ രണ്ട് സന്യാസിനികളെ പീഡിപ്പിച്ചുവെന്നതാണ് കേസ്. എന്നാല്‍ ആശ്രമത്തിലെ 33 സന്യാസിനികളെ ഗുര്‍മീത് പീഡിപ്പിച്ചുവെന്ന് കേസ് അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നു. ജീവന് ഭീഷണി ഉള്ളത്കൊണ്ടാണ് ഇവര്‍ ഇത് തുറന്ന് പറഞ്ഞ് മുന്നോട്ട് വരാത്തതെന്നും ഇദ്ദേഹം വ്യക്തമാക്കി.

ക്രമസമാധാനപ്രശ്നം കണക്കിലെടുത്ത് ഗുര്‍മീത്  റാം റഹീമിനെ പാര്‍പ്പിച്ചിരിക്കുന്ന റോത്തക്കിലെ ജില്ലാ ജയിലില്‍ തന്നെയാണ് കോടതി പ്രവര്‍ത്തിച്ചത്.ഇവിടുത്തെ വായനാ മുറിയാണ് താത്കാലിക കോടതിയായി ഒരുങ്ങിയത്. വിധി പറഞ്ഞ ജഡ്ജിയെ ഹെലികോപ്റ്ററിലാണ് ഛണ്ഡീഗഡില്‍ നിന്ന് ജയിലിലേക്ക് എത്തിച്ചത്.   കനത്ത സുരക്ഷയില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് കോടതി നടപടികള്‍ ആരംഭിച്ചത്.ഗുര്‍മീതിന് പരമാവധി ശിക്ഷ തന്നെ നല്‍കണമെന്നും ഇത് മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണെന്നും സിബിഐ വാദിച്ചു.  എന്നാല്‍ ശിക്ഷ ഏഴ് വര്‍ഷമാക്കി ചുരുക്കണമെന്നാണ് ഗുര്‍മീതിന്റെ അഭിഭാഷകന്‍ വാദിച്ചത്. ഗുര്‍മീതിന്റെ പ്രായം പരിഗണിക്കണമെന്നും അഭിഭാഷകന്‍ വാദിച്ചു.  പത്ത് മിനിട്ട് വീതമാണ് ഇരുവിഭാഗത്തിന്റെയും അഭിഭാഷകര്‍ക്ക് കോടതി അനുവദിച്ചത്. മൂന്നേ കാലോടെ വാദം പൂര്‍ത്തിയായി.

കോടതി മുറിയില്‍ വിധി കേള്‍ക്കാനെത്തിയ ഗുര്‍മീത് പൊട്ടിക്കരഞ്ഞ് മാപ്പ് അപേക്ഷിച്ചിരുന്നു. പതിനയ്യായിരും പോലീസിനെയാണ് വാദം നടക്കുന്ന ജയിലിന് പുറത്തായി വിന്യസിച്ചിരിക്കുന്നത്. അതേസമയം സിര്‍സയില്‍ ഗുര്‍മീതിന്റെ അനുയായികള്‍ രണ്ട് കാറുകള്‍ അഗ്നിയ്ക്ക് ഇരയാക്കി.