വാഷിങ്ടണ്‍: എച്ച് 1 ബി പ്രീമിയം വിസ അനുവദിക്കുന്നത് അമേരിക്ക നിര്‍ത്തിവെച്ചു.ഒരുമാസത്തിലധികമെടുക്കുന്ന നടപടിക്രമങ്ങള്‍ 15 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതാണ് പ്രീമിയം പ്രോസസിങ്. 1125 ഡോളറാണ് ഇതിനായി ഈടാക്കിയിരുന്നത്. വീസ നടപടി ക്രമങ്ങളിലെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് ഈ നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി. ഏപ്രില്‍ മൂന്നുമുതല്‍ ആറ് മാസത്തേക്കാണ് വിസ നല്‍കുന്നത് നിര്‍ത്തിവെക്കുന്നത്. ഇന്ത്യ ഉയര്‍ത്തിയ എതിര്‍പ്പ് അവഗണിച്ചാണ് തീരുമാനം.

ഫാസ്റ്റ് ട്രാക്ക് രീതിയിലെത്തുന്ന അപേക്ഷകളാണ് പരിഗണിക്കാതിരിക്കുക. യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് എമിഗ്രേഷന്‍ സര്‍വീസസിന്റേതാണ് ഉത്തരവ്. ഫോറം 1907 പ്രകാരം എച്ച് 1 ബി വിസയ്ക്കുള്ള അപേക്ഷ ഏപ്രില്‍ മൂന്നുമുതല്‍ നിരസിക്കും. ഫോറം 1129 പ്രകാരമുള്ള അപേക്ഷയും സ്വീകരിക്കില്ല. അതേസമയം എച്ച് 1 ബി വിസ നല്‍കുന്നത് പൂര്‍ണമായും നിര്‍ത്തിയിട്ടില്ല.

ഇന്ത്യയിലെ ഐടി സ്ഥാപനങ്ങള്‍ അമേരിക്കയിലേക്ക് ജീവനക്കാരെ അയക്കാന്‍ ആശ്രയിക്കുന്നത് എച്ച് 1 ബി വിസയെയാണ്. പ്രതിവര്‍ഷം 60,000 ത്തിലധികം എച്ച്.1 ബി വിസയാണ് അമേരിക്ക പതിച്ചുനല്‍കുന്നത്. ഇതില്‍ നല്ലൊരു പങ്കും ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കാണ് ഗുണം ചെയ്തിരുന്നത്. 2014 ലില്‍ കുടിയേറ്റ വകുപ്പ് പുറത്തിറക്കിയ കണക്ക് പ്രകാരം 65 ശതമാനം എച്ച് 1 ബി വിസയും ഇന്ത്യയിലെ പ്രഫഷണലുകള്‍ക്കാണ് ലഭിച്ചത്. കഴിഞ്ഞവര്‍ഷത്തെ കണക്കില്‍ ഇതിലും വര്‍ധനയുണ്ട്.