ന്യൂയോർക്ക് ∙ എച്ച്1ബി തൊഴിൽ വിസയ്ക്കും എച്ച്4 ആശ്രിത വിസയ്ക്കും അപേക്ഷിക്കുന്നവർ ഇനി മുതൽ സാമൂഹികമാധ്യമ അക്കൗണ്ടുകൾ പൊതുവായി (പബ്ലിക്) തുറന്നുവെക്കണം. അപേക്ഷകരുടെ ഓൺലൈൻ ഇടപെടലുകൾ പരിശോധിക്കണമെന്ന ലക്ഷ്യത്തോടെ യുഎസ് വിദേശകാര്യവകുപ്പ് പുറത്തിറക്കിയ പുതിയ നിർദേശം ഈ മാസം 15 മുതൽ പ്രാബല്യത്തിൽ വരും. സോഷ്യൽ മീഡിയ നിരീക്ഷണം ഇതിനകം വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ-സാംസ്കാരിക വിനിമയ പദ്ധതികളിലൂടെ യുഎസിലെത്തുന്നവർക്കും ബാധകമായിരുന്നു.
യുഎസ് വിസ സർക്കാർ നൽകുന്ന പ്രത്യേക ആനുകൂല്യമാണെന്നും അവകാശമല്ലെന്നും വിദേശകാര്യവകുപ്പ് വ്യക്തമാക്കി. രാജ്യസുരക്ഷയ്ക്കും ജനങ്ങളുടെ സുരക്ഷയ്ക്കും ഭീഷണിയായേക്കാവുന്നവരെ തിരിച്ചറിയാൻ കഴിയുന്ന എല്ലാ വിവരങ്ങളും ഉപയോഗിക്കുമെന്നും ഉത്തരവിൽ പറയുന്നു. വിസ ലഭിക്കാനുള്ള യോഗ്യതകൾ അപേക്ഷകർ സത്യസന്ധമായി വ്യക്തമാക്കണമെന്നും എല്ലാ നിബന്ധനകളും കർശനമായി പാലിക്കണമെന്നും നിർദേശം ഓർമ്മിപ്പിക്കുന്നു.
വിദേശ വിദഗ്‌ധരെ നിശ്ചിതകാലത്തേക്ക് ജോലിക്കെത്തിക്കാൻ ഐടി കമ്പനികൾ വ്യാപകമായി ഉപയോഗിക്കുന്ന വിസയാണ് എച്ച്1ബി. ഇന്ത്യക്കാർ കൂടുതലായി ആശ്രയിക്കുന്ന വിസയുമാണിത്. കുടിയേറ്റ നയങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി എച്ച്1ബി അപേക്ഷാഫീസ് സെപ്റ്റംബറിൽ ഒരുലക്ഷം ഡോളറായി ഉയർത്തിയിരുന്നു. ആശങ്കാജനക രാജ്യങ്ങളുടെ പട്ടികയിൽപ്പെട്ട 19 രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ അപേക്ഷകൾ പരിഗണിക്കുന്നത് കഴിഞ്ഞ മാസം യുഎസ് നിർത്തിവച്ചതും പശ്ചാത്തലത്തിൽ ശ്രദ്ധേയമാണ്.











Leave a Reply