‘വയറ്റില്‍ മയില്‍‌പ്പീലി ടാറ്റൂ കുത്തിയ പെണ്‍കുട്ടി’ കഴിഞ്ഞ എട്ടുവർഷമായികൊലപാതകക്കേസ് പ്രതിയെ തേടി ഡൽഹി പോലീസ്; ഒടുവിൽ ആളെ തിരിച്ചറിഞ്ഞപ്പോൾ ഒന്നും ചെയ്യാനാവാതെ, സംഭവം ഇങ്ങനെ ?

‘വയറ്റില്‍ മയില്‍‌പ്പീലി ടാറ്റൂ കുത്തിയ പെണ്‍കുട്ടി’ കഴിഞ്ഞ എട്ടുവർഷമായികൊലപാതകക്കേസ് പ്രതിയെ തേടി ഡൽഹി പോലീസ്; ഒടുവിൽ ആളെ തിരിച്ചറിഞ്ഞപ്പോൾ ഒന്നും ചെയ്യാനാവാതെ, സംഭവം ഇങ്ങനെ ?
July 02 09:44 2019 Print This Article

അന്വേഷിച്ചത് മാറി മാറി വന്ന എട്ട് പോലീസ് ഇന്‍സ്‌പെക്ടര്‍മാരുടെ സംഘം, എട്ടുവര്‍ഷം, എന്നിട്ടും കൊലയാളിയെ കണ്ടെത്താനോ കേസന്വേഷണത്തില്‍ ഏതെങ്കിലും വിധത്തില്‍ മുന്നോട്ടു പോകാനോ ഡല്‍ഹി പോലീസിന് കഴിഞ്ഞില്ല. ഒടുവില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഡല്‍ഹി പോലീസിന് ഒരു വിവരം ലഭിക്കുന്നു. രാജു ഗെഹ്‌ലോട്ട് എന്ന യുവാവ് ഡല്‍ഹിക്കടുത്തുള്ള ഹരിയാനയിലെ ഗുഡ്ഗാവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നു. രാജുവിന്റെ മാതാപിതാക്കള്‍ക്കും മുമ്പെ ഡല്‍ഹി പോലീസ് അവിടെ എത്തിയെങ്കിലും അയാള്‍ അപ്പോഴേക്കും മരിച്ചിരുന്നു. വയറ്റില്‍ ഉണ്ടായ അണുബാധയായിരുന്നു കാരണം. പക്ഷേ, ആശുപത്രി രേഖകളില്‍ അയാള്‍ രാജു ഗെഹ്‌ലോട്ട് ആയിരുന്നില്ല, മറിച്ച് രോഹന്‍ ദഹിയ ആയിരുന്നു.

2011-ഫെബ്രുവരി 11-നാണ് സംഭവം നടക്കുന്നത്. ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനു പുറത്ത് പോലീസ് വാഹനത്തിലുണ്ടായിരുന്ന പൈലറ്റ് മീന എന്ന പോലീസ് കോണ്‍സ്റ്റബിള്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു ബാഗ് കണ്ടെത്തിയ വിവരം വയര്‍ലെസ് സെറ്റിലൂടെ അറിയുന്നു. തുറക്കുമ്പോള്‍ ഒരു സ്ത്രീയുടെ ശരീരമാണ് ബാഗില്‍. കഴുത്തില്‍ പ്ലാസ്റ്റിക് വള്ളി കൊണ്ട് മുറുക്കിയിരുന്നു. കൈകള്‍ ബന്ധിച്ചിരുന്നു. യുവതിയെ തിരിച്ചറിയാനുള്ള യാതൊരു വഴിയും അവശേഷിച്ചിരുന്നില്ല. വയറ്റില്‍ ടാറ്റൂ കുത്തിയിരുന്ന ഒരു മയില്‍പ്പീലി ഒഴിച്ച്. പോലീസ് ഇതനുസരിച്ച് പരസ്യം ചെയ്തു. മൂന്നു ദിവസം മോര്‍ച്ചറിയില്‍ സൂക്ഷിച്ച ശവശരീരം ഒടുവില്‍ സംസ്‌കരിച്ചു. പക്ഷേ, അതിനടുത്ത ദിവസം നീതു സോളങ്കി എന്ന യുവതിയുടെ പിതാവ് പോലീസിനെ അന്വേഷിച്ചെത്തി. മൃതശരീരത്തിന്റെ ഫോട്ടോകളില്‍ നിന്ന് അദ്ദേഹം തന്റെ മകളെ തിരിച്ചറിഞ്ഞു.

പാല്‍ക്കച്ചവടവും റിയല്‍ എസ്‌റ്റേറ്റ് ബിസിനസുമായിരുന്നു നീതുവിന്റെ പിതാവ് കര്‍ത്താര്‍ സിംഗ് സോളങ്കിക്ക്. അദ്ദേഹത്തിന്റെ നാലു മക്കളില്‍ മൂത്തയാളായിരുന്നു നീതു സോളങ്കി. “അവള്‍ ഒരിക്കല്‍ സ്‌കൂളില്‍ വച്ച് ഒരു ചെറുപ്പക്കാരന്റെ മുഖത്തടിച്ചു. ദേഷ്യം വന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത്, അയാള്‍ സ്‌കൂളില്‍ വച്ച് നിരന്തരം ഉപദ്രവിക്കുന്നു, ഞാന്‍ അത് കണ്ട് മിണ്ടാതിരിക്കണോ എന്നാണ്”– അന്ന് 13 വയസ് മാത്രമുണ്ടായിരുന്ന തന്റെ മകള്‍ ഒരു പോരാളിയാണെന്ന് ആ പിതാവ് തിരിച്ചറിഞ്ഞു. “അവളെക്കുറിച്ച് എനിക്കൊരിക്കലും വേവലാതിയുണ്ടായിരുന്നില്ല. അവളത്രയ്ക്ക് ശക്തയായിരുന്നു”, രാജു സോളങ്കിയെന്ന മകളുടെ കൊലപാതകിയുടെ മരണവിവരം അറിഞ്ഞതിനു ശേഷം മാതാവ് സുശീലയും പ്രതികരിച്ചത് ഇങ്ങനെയാണ്.

പഠിക്കാന്‍ മിടുക്കിയായിരുന്നു നീതു. പ്രശസ്തമായ ഡല്‍ഹി യൂണിവേഴ്‌സിറ്റി ലോ ഫാക്കല്‍ട്ടിയില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടിയ നീതു തുടര്‍ന്ന് പഠിക്കുന്നതിനു പകരം ജോലി ചെയ്യാനാണ് തീരുമാനിച്ചത്. മൂന്നു വര്‍ഷം രാജ്യത്തെ മുന്‍നിര കോള്‍സെന്ററുകളില്‍ വരെ നീതു ജോലി ചെയ്തു. ഇതിനിടെയാണ് രാജു ഗെഹ്‌ലോട്ടിനെ ഒരു പാര്‍ട്ടിയില്‍ വച്ച് പരിചയപ്പെടുന്നത്. ഇരുവരും പെട്ടെന്ന് അടുത്തു. 2010-ല്‍ തനിക്ക് സിംഗപ്പൂരില്‍ ഒരു ജോലി ശരിയായിട്ടുണ്ടെന്ന് നീതു മാതാപിതാക്കളെ അറിയിക്കുന്നു. മാതാപിതാക്കള്‍ മകളെ എയര്‍പോര്‍ട്ടില്‍ കൊണ്ടു പോയി യാത്രയയയ്ക്കുകയും ചെയ്തു. പിന്നീട് ഇടക്കിടെ വെബ് ക്യാം വഴി ഇവര്‍ മകളുമായി സംസാരിച്ചിരുന്നു. 2010 ഒടുവില്‍ ഒക്കെ ആയപ്പോഴേക്കും മകളുമായുള്ള സംസാരം കുറഞ്ഞു. 2011 ഫെബ്രുവരി ഒമ്പതിന് നീതുവുമായി സംസാരിക്കുമ്പോള്‍ ഇളയ സഹോദരി നീതുവിന്റെ നെറ്റിയില്‍ ഒരു മുറിവ് കണ്ടു. വീണത് ആണെന്നായിരുന്നു മറുപടി. 2011 ഫെബ്രുവരി 11-ന് ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട ഒരു ബാഗില്‍ നീതുവിന്റെ മൃതശരീരം കണ്ടെത്തി.

സിംഗപ്പൂരിലായിരുന്ന മകള്‍ എങ്ങനെ ഡല്‍ഹിയില്‍ എത്തി എന്നത് സംബന്ധിച്ച് മാതാപിതാക്കള്‍ക്ക് ഉത്തരമില്ല. എന്നാല്‍ ഡല്‍ഹി പോലീസ് പറയുന്നത് നീതു ഒരിക്കലും സിംഗപ്പൂരിലേക്ക് പോയിട്ടില്ല എന്നാണ്. ഇരുവരും ഒരുമിച്ച് ജീവിക്കുന്നതിനെ ഇരു കുടുംബങ്ങളും എതിര്‍ത്താലോ എന്നു കരുതി ആദ്യം മുംബൈ, ഗോവ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലായിരുന്നു രാജുവിന്റെയും നീതുവിന്റെയും താമസമെന്ന് പോലീസ് പറയുന്നു. എന്നാല്‍ മാതാപിതാക്കള്‍ ഇത് നിഷേധിക്കുന്നു. മകള്‍ സിംഗപ്പൂരില്‍ താമസിച്ചിരുന്ന മുറി തങ്ങള്‍ കണ്ടതാണെന്നും അവിടെ നിന്ന് ഫോറിന്‍ ചേക്ലേറ്റുകളും ടൈയും ഒക്കെ അയച്ചു തന്നിരുന്നു എന്നും മാതാപിതാക്കള്‍ പറയുന്നു.

രാജു ഗെഹ്‌ലോട്ട് ഒരു സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് ഫ്രെഞ്ചില്‍ ഡിപ്ലോമ നേടുകയും എയര്‍ ഇന്ത്യയില്‍ ക്യാബിന്‍ ക്രൂ ആയി ജോലി നോക്കുകയുമായിരുന്നു നീതുവിനെ പരിചയപ്പെടുന്ന കാലത്ത്. രാജുവും നീതുവും തമ്മിലുള്ള ബന്ധം അറിഞ്ഞതോടെ പോലീസ് ആയാളെ അന്വേഷിക്കാന്‍ ആരംഭിച്ചു. എന്നാല്‍ അപ്പോഴേക്കും രാജു അപ്രത്യക്ഷനായി കഴിഞ്ഞിരുന്നു. ഇതിനിടയിലാണ് എട്ട് ഇന്‍സ്‌പെക്ടര്‍മാരും നിരവധി ടീമുകളും ഒക്കെ രാജുവിനെ അന്വേഷിച്ചത്. രാജുവിന്റെ കുടുംബക്കാരുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ നിരീക്ഷിച്ചു. ഇക്കാലയളവിലെല്ലാം വീട്ടുകാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു, ഫോണ്‍ സംഭാഷണങ്ങള്‍ ശ്രദ്ധിച്ചു. ഒരിക്കല്‍ മുംബൈയില്‍ ഉണ്ടെന്ന് തെളിവ് കിട്ടി അവിടെ എത്തുമ്പോഴേക്കും രാജു അവിടെ നിന്ന് പോയിരുന്നു. ഒരിക്കല്‍ പോലും രാജു ഗെഹ്‌ലോട്ടിനെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല- ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഗുഡ്ഗാവ് ആശുപത്രിയില്‍ അയാള്‍ മരിക്കുന്നത് അറിഞ്ഞതു വരെ, നീണ്ട എട്ടു വര്‍ഷത്തിനു ശേഷം-അതാകട്ടെ രോഹന്‍ ദഹിയ ആയിരുന്നു.

നീതു സിംഗപ്പൂരിലേക്ക് പോകുന്നു എന്ന് വീട്ടുകാരോട് പറഞ്ഞ സമയത്തു തന്നെയാണ് രാജുവും എയര്‍ ഇന്ത്യയിലെ ജോലി രാജി വയ്ക്കുന്നത്. പിന്നീട് പോലീസ് പറയുന്നത്: 2010-ല്‍ ഇരുവരും ആദ്യം പോയത് മുംബൈയിലേക്കാണ്. അവിടെ നിന്ന് മാറി കുറെ നാള്‍ ബാംഗ്ലൂരില്‍ താമസിച്ചു, തുടര്‍ന്ന് ഗോവയില്‍. കൈയിലുള്ള പണം അവസാനിച്ചു തുടങ്ങിയതോടെ ഇരുവരും ഡല്‍ഹിയിലേക്ക് മടങ്ങി. നീതു ഈ സമയത്തൊക്കെ വീട്ടുകാരുമായി വെബ് ക്യാമിലും നേരത്തെ ബാംഗ്ലരുല്‍ ജോലി ചെയ്തിരുന്ന സമയത്ത് ഉപയോഗിച്ചിരുന്ന ഒരു നമ്പരിലുമായിരുന്നു വീട്ടുകാരെ ബന്ധപ്പെട്ടിരുന്നത്. മകള്‍ സിംഗപ്പൂരിലായിരുന്നു എന്ന് മാതാപിതാക്കള്‍ വിശ്വസിച്ചിരുന്ന ആ സമയത്ത് ഏതാനും കിലോമീറ്ററുകള്‍ അകലെ നീതു ഉണ്ടായിരുന്നു-ദക്ഷിണ ഡല്‍ഹിയിലെ ആശ്രാമം എന്ന സ്ഥലത്ത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ആയിരുന്നു ഇവിടെ വീട് എടുക്കാന്‍ രാജു ഉപയോഗിച്ചത് എന്ന് പോലീസ് പിന്നീട് തിരിച്ചറിഞ്ഞു. അയല്‍വാസികളുമായൊന്നും കാര്യമായ ബന്ധം ഇരുവര്‍ക്കും ഉണ്ടായിരുന്നില്ല. ഡല്‍ഹിയില്‍ താമസം തുടങ്ങിയതോടെ ഇവരുടെ സാമ്പത്തിക സ്ഥിതി വഷളായിത്തുടങ്ങി. വീട്ടില്‍ നിന്ന് തനിക്ക് ലഭിക്കാനുള്ള ഓഹരി വാങ്ങിക്കാന്‍ നീതു രാജുവിനെ നിര്‍ബന്ധിച്ചു തുടങ്ങി. ഇക്കാര്യം രാജുവിന്റെ സഹോദരിയുമായും സംസാരിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്ക് തുടങ്ങിയെന്നും 2011 ഫെബ്രുവരി 10-ന് രാത്രി ഉണ്ടായ വഴക്കിനൊടുവില്‍ രാജു നീതുവിന്റെ തലയ്ക്ക് അടിക്കുകയും തുടര്‍ന്ന് കഴുത്ത് ഞെരിക്കുകയുമായിരുന്നു എന്നും പോലീസ് പറയുന്നു.

ഇതിനിടയില്‍ ഡല്‍ഹി പോലീസ് രാജുവിന്റെ കസിന്‍ നവീന്‍ ഷൊക്കീനെ ചോദ്യം ചെയ്തു. ഇതോടെയാണ് കൊലപാതകത്തിന്റെ വിവരങ്ങള്‍ പോലീസിന് വെളിപ്പെടുന്നത്. കൊലപാതകത്തിന്റെ പിറ്റേന്ന് വെളുപ്പിന് നീതുവിന്റെ ശരീരം ബാഗിലാക്കി ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ ഒരു ഓട്ടോറിക്ഷയില്‍ രാജു ചെന്നിറങ്ങുന്നു. ബാഗ് ഡല്‍ഹിക്ക് പുറത്ത് എവിടെയെങ്കിലും ഉപേക്ഷിക്കാനായിരുന്നു പദ്ധതി. എന്നാല്‍ സ്‌റ്റേഷനിലെ എക്‌സ്‌റേ മെഷീന്‍ കണ്ടതോടെ ഭയന്ന രാജു ബാഗ് അവിടെ ഉപേക്ഷിച്ച് മറ്റൊരു ട്രെയിനില്‍ കയറി ആഗ്രയ്ക്ക് പോയി. അവിടെ നിന്ന് പിറ്റേന്ന് നിസാമുദീനിലുള്ള നവീന്റെ ഓഫീസിലെത്തി. ആ സമയത്താണ് കൊലപാതക വിവരം രാജു തന്റെ കസിനോട് വെളിപ്പെടുത്തുന്നത്. തുടര്‍ന്ന് നവീന്റെ പക്കല്‍ നിന്ന് 15,000 രൂപയുമായി രാജു മുംബൈയ്ക്ക് പോയി. പിന്നീടാരും രാജുവിനെ കണ്ടിട്ടില്ല. എന്നാല്‍ രാജു ഇതിനിടയില്‍ 15 മൊബൈല്‍ ഫോണുകളും അത്രയും തന്നെ സിം കാര്‍ഡുകളും സ്വന്തമാക്കിയിരുന്നു. ഇതുപയോഗിച്ച് വീട്ടുകാരെയും ബന്ധപ്പെട്ടിരുന്നു. എന്നാല്‍ പോലീസിന് ഇത് കണ്ടെത്താനായില്ല, ഒരിക്കല്‍ ഒഴിച്ച്.

എട്ടു വര്‍ഷമായി പോലീസ് രാജുവിനെ അന്വേഷിക്കുമ്പോള്‍ 2012-ല്‍ തന്നെ രാജു ഡല്‍ഹിയിലേക്ക് മടങ്ങി വന്നിരുന്നു എന്നാണ് പോലീസ് ഇപ്പോള്‍ അറിയുന്നത്; പോലീസിന്റെ മൂക്കിന്‍തുമ്പില്‍. ഗുഡ്ഗാവില്‍ ഒരു ഓട്ടോമൊബൈല്‍ കമ്പനിയില്‍ രോഹന്‍ ദഹിയ എന്ന പേരില്‍ ജോലി സമ്പാദിച്ചു. എല്ലാം ആധാര്‍ ഉള്‍പ്പെടെ വ്യാജ തിരിച്ചറില്‍ കാര്‍ഡുകളുടെ പിന്‍ബലത്തില്‍. രോഹന്‍ ദഹിയ മിടുക്കനായ ജോലിക്കാരനായിരുന്നു എന്നാണ് സഹപ്രവര്‍ത്തകരുടേയും സ്ഥാപനത്തിന്റെയും സാക്ഷ്യം. ആരോടും കാര്യമായി സംസാരമില്ലാത്ത, നേരത്തെ ജോലിക്ക് വന്ന് താമസിച്ചു മാത്രം ഓഫീസ് വിടുന്ന, മുതിര്‍ന്നവരെ ബഹുമാനിക്കുന്ന, മറ്റുള്ളവരോട് മര്യാദയോടെ മാത്രം പെരുമാറുന്ന രോഹന്‍ ദഹിയയെ മാത്രമേ അവര്‍ക്ക് അറിയുമായിരുന്നുള്ളൂ- 2019 ജൂണ്‍ 25-ന് ഗുഡ്ഗാവിലെ ആശുപത്രിയില്‍ മരിച്ചത് രോഹന്‍ ദഹിയ അല്ല, രാജു ഗെഹ്‌ലോട്ട് ആണെന്ന് തിരിച്ചറിയുന്നതു വരെ. ഒടുവില്‍ എട്ടു വര്‍ഷത്തിനു ശേഷം ‘Girl with a peacock tattoo’ എന്നെഴുതിയ ഫയല്‍ ക്ലോസ് ചെയ്യാന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ് ഡല്‍ഹി പോലീസ്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles