ന്യൂഡല്‍ഹി: ഹാദിയയുടെ വിവാഹം റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി. ഷെഫിന്‍ ജഹാനും ഹാദിയയുമായുള്ള വിവാഹം പരസ്പര സമ്മതത്തോടെയുള്ളതാണ്. കോടതിയില്‍ നല്‍കിയിരിക്കുന്നത് ബലാല്‍സംഗക്കേസല്ലെന്നും കോടതി വ്യക്തമാക്കി. വിദേശ റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ടെന്ന ആരോപണമുണ്ടെങ്കില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും കോടതി വ്യക്തമാക്കി.
ഹാദിയയെ വീട്ടുതടങ്കലില്‍ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ അച്ഛന്‍ അശോകന്‍ മറുപടി നല്‍കണം. മറുപടി നല്‍കാന്‍ എന്‍ഐഎയ്ക്കും സമയം നല്‍കി. കേസ് പരിഗണിക്കുന്നത് മാര്‍ച്ച് എട്ടിലേക്ക് കോടതി മാറ്റി. രാഹുല്‍ ഈശ്വറിന് എതിരായി ഉന്നയിച്ച ആരോപണങ്ങള്‍ ഹാദിയ പിന്‍വലിച്ചിട്ടുമുണ്ട്. മാതാപിതാക്കള്‍ക്കെതിരെ രൂക്ഷമായ ആരോപണണങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ ദിവസം ഹാദിയ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
ഇതിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് പിതാവ് അശോകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അത് നേരത്തേ തള്ളിയിരുന്നു. താന്‍ മുസ്‌ലിം ആണെന്നും അങ്ങനെ ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹാദിയ സത്യവാങ്മൂലം നല്‍കിയത്. സ്വന്തം ഇഷ്ടപ്രകാരമാണു ഇസ്‌ലാം മതം സ്വീകരിച്ചതും ഷെഫിന്‍ ജഹാനെ വിവാഹം ചെയ്തതെന്നും ഹാദിയ വ്യക്തമാക്കിയിരുന്നു.
വീട്ടു തടങ്കലിലായിരുന്ന സമയത്ത് ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി തനിക്ക് തന്നിരുന്നെന്നും അത് മനസിലായതോടെ സ്വയം പാചകം ചെയ്ത് കഴിക്കുകയായിരുന്നു താനെന്നും ഹാദിയ ബോധിപ്പിച്ചിരുന്നു. ആറുമാസത്തെ വീട്ടുതടങ്കലില്‍ ഒട്ടേറെ പീഡനങ്ങള്‍ സഹിച്ചു. മാനസാന്തരമുണ്ടാക്കാന്‍ ബാഹ്യശക്തികളുടെ നിരന്തര പ്രേരണയുണ്ടായി. സുരക്ഷാചുമതലയുണ്ടായിരുന്ന വൈക്കം ഡിവൈഎസ്പി കൈചൂണ്ടി ഭീഷണിപ്പെടുത്തി. എന്‍ഐഐ ഉദ്യോഗസ്ഥര്‍ ഭീകരബന്ധമുളളയാളെന്ന മട്ടില്‍ പെരുമാറിയെന്നും ഹാദിയ ആരോപിച്ചിട്ടുണ്ട്.
Leave a Reply