ഭീമൻ ആലിപ്പഴം തലയിൽ വീണ് സ്പെയിനിൽ 20 മാസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം കാറ്റലോണിയയിലെ ജിറോണ മേഖലയിലാണ് 10 മിനിറ്റ് നീണ്ട കൊടുങ്കാറ്റ് വീശിയടിച്ചത്. ആലിപ്പഴം വീണ് അസ്ഥി ഒടിഞ്ഞതടക്കം 50 പേർക്ക് പരിക്കേറ്റിട്ടുണ്ട് എന്ന് റിപ്പോർട്ടുകൾ പറയുന്നു.

വീടിന്റെ മേൽക്കൂരകളും ജനാലകളും ആലിപ്പഴ വർഷത്തിൽ തകർന്നു. പവർ കേബിളുകൾ ഇടിഞ്ഞു താണു. ഇതിലെ ഒരു ആലിപ്പഴത്തിന് 10 സെന്റിമീറ്റർ നീളമുണ്ട് എന്ന് കാറ്റലോണിയയുടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 2002 മുതലിങ്ങോട്ട് നോക്കിയാൽ വീണ ഏറ്റവും വലിയ ആലിപ്പഴമാണ് ഇതെന്നും റിപ്പോർട്ടുകൾ പറയുന്നു.

ചൊവ്വാഴ്ച ആലിപ്പഴം വീണതുമായി ബന്ധപ്പെട്ട് 40 ഫോൺ വിളികളാണ് മേഖലയിലെ അ​ഗ്നിരക്ഷാ സേനാം​ഗങ്ങൾക്ക് അന്ന് ലഭിച്ചത്. കൂടുതലും ബിസ്ബാൽ ഡി എംപോർഡ പട്ടണത്തിൽ നിന്നായിരുന്നു ഫോൺ വിളികൾ വന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കല്ലുകളിലൊന്ന് 20 മാസം പ്രായമുള്ള കുട്ടിയുടെ തലയിൽ വീഴുകയായിരുന്നു. കുട്ടിയെ അടുത്തുള്ള നഗരമായ ജിറോണയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് അവിടെ വച്ച് കുട്ടി മരിക്കുകയായിരുന്നു എന്ന് പ്രാദേശിക ചാനൽ 324 റിപ്പോർട്ട് ചെയ്തു.

വെറും 10 മിനിറ്റ് മാത്രമാണ് ആലിപ്പഴം വീണത് എങ്കിലും ആ 10 മിനിറ്റ് നേരം പ്രദേശത്ത് കനത്ത ഭീകരാന്തരീക്ഷം തന്നെ സൃഷ്ടിച്ചു എന്ന് കൗൺസിലർ കാർമേ വാൾ പ്രാദേശിക റേഡിയോയോട് പറഞ്ഞതായി എഎഫ്‍പി റിപ്പോർട്ട് ചെയ്തു.

അപകടത്തെ ദുരന്തമെന്നാണ് കാറ്റലോണിയ പ്രസിഡന്റ് പെരെ അരഗോൺസ് വിശേഷിപ്പിച്ചത്. പ്രാദേശിക ഉദ്യോഗസ്ഥർ ഇപ്പോൾ വീണ്ടും മോശം കാലാവസ്ഥ ഉണ്ടായേക്കാം എന്ന് മുന്നറിയിപ്പുകൾ നൽകിയിരിക്കയാണ്. തീരപ്രദേശത്ത് കൂടുതൽ വലിയ ആലിപ്പഴം വീണേക്കുമെന്നും നിവാസികൾക്ക് ഉദ്യോ​ഗസ്ഥർ മുന്നറിയിപ്പ് നൽകി.