മുടി കൊഴിഞ്ഞു പോകുനന്തിന് പരിഹാരമായി ഹെയർട്രാൻസ്പ്ലാന്റ് സർജറിക്ക് വിധേയനായ പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ഭോപാലിലെ ബിഹാർ സ്പെഷ്യൽ ആംഡ് പോലീസ് ഉദ്യോഗസ്ഥൻ മനോരഞ്ജൻ പാസ്വാൻ (28) ആണ് മരിച്ചത്. വിവാഹം ഉറപ്പിച്ചതിന് പിന്നാലെ സൗന്ദര്യസംരക്ഷണത്തിന്റെ ഭാഗമായാണ് ഇയാൾ ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്തത്.
മേയ് 11 നാണ് മനോരഞ്ജന്റെ വിവാഹം ഉറപ്പിച്ചിരുന്നത്. വിവാഹത്തിന് മുന്നോടിയായി തലയുടെ മുൻഭാഗത്ത് മുടി നഷ്ടപെട്ടിടത്ത് ഹെയർ ട്രാൻസ്പ്ലാൻറ് ചെയ്യുകയായിരുന്നു. മാർച്ച് 9നാണ് മുടി മാറ്റിവച്ചത്. അതിനുശേഷം അദ്ദേഹം ഷെയ്ഖ്പുരയിലേക്ക് മടങ്ങി. അന്നേദിവസം രാത്രിയിൽ കടുത്ത തലവേദനയും നെഞ്ച് വേദനയും അനുഭവപ്പെടുകയും തുടർന്ന് മനോരഞ്ജനെ ഉടൻ ഹെയർ ട്രാൻസ്പ്ലാന്റ് ആൻഡ് സ്‌കിൻ കെയർ സെന്ററിൽ തന്നെ എത്തിക്കുകയുമായിരുന്നു. നിലഗുരുതരമായതോടെ സ്‌കിൻ കെയർ സെന്റർ അദ്ദേഹത്തെ സമീപത്തെ റൂബൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പട്നയിലെ ബോറിംഗ് റോഡിലുള്ള ഹെയർ ട്രാൻസ്പ്ലാന്റ് ആൻഡ് സ്‌കിൻ കെയർ സെന്ററിലായിരുന്നു മനോരഞ്ജന്റെ ചികിത്സ. ഡൗൺ പേയ്മെന്റായി മനോരഞ്ജൻ 11,767 രൂപ നൽകിയെന്നും പ്രതിമാസം 4000 രൂപ ഇഎംഐയായും നൽകാനായിരുന്നു വ്യവസ്ഥയെന്നും റിപ്പോർട്ടുണ്ട്. സംഭവത്തിൽ എസ്‌കെ പുരി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. സ്‌കിൻ കെയർ സെന്റർ നടത്തിപ്പുകാർക്കെതിരെ നടപടി വേണമെന്ന് മനോരഞ്ജന്റെ കുടുംബം ആവശ്യപ്പെട്ടു.
Leave a Reply