വ്യാപാര സ്ഥാപനത്തിൽ നിന്ന് ഹലാൽ ബോർഡ് ഒഴിവാക്കണമെന്ന ഭീഷണിയുമായി ഹിന്ദു ഐക്യവേദി. ഹിന്ദു ഐക്യവേദിയുടെ ആലുവ പാറക്കടവ് പഞ്ചായത്ത് സമിതിയാണ് രേഖാമൂലം വ്യാപാരികളെ ഭീഷണിപ്പെടുത്തുന്ന കത്ത് നല്‍കിയത്. കുറുമശ്ശേരിയിൽ പ്രവർത്തിക്കുന്ന ബേക്കറിക്ക് ഔദ്യോഗിക ലെറ്റർ പാഡിൽ ഭാരവാഹികളുടെ പേരും ഒപ്പോടുംകൂടിയാണ് ഭീഷണിക്കത്ത് നൽകിയിരിക്കുന്നത്.
കത്തിന്‍റെ പൂർണരൂപം.
ഈ അടുത്ത കാലത്ത് പ്രവര്‍ത്തനം ആരംഭിച്ച നിങ്ങളുടെ സ്ഥാപനത്തില്‍ ഹലാല്‍ എന്ന സ്റ്റിക്കര്‍ പതിക്കുകയും അതുവഴി ഹലാല്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ് എന്ന സന്ദേശം നല്‍കുകയും ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഏതെങ്കിലും മതത്തിന്‍റെ പേരിലുള്ള ഭക്ഷണത്തിലെ വേര്‍തിരിവ് അയിത്താചരണവും ആയത് കുറ്റകരവുമാണ്. ആയതിനാല്‍ ഈ നോട്ടീസ് കൈപ്പറ്റി ഏഴ് ദിവസത്തിനകം മേൽ പറഞ്ഞ ഹലാല്‍ നോട്ടിഫിക്കേഷൻ നിങ്ങളുടെ സ്ഥാപനത്തില്‍നിന്ന് നീക്കം ചെയ്യേണ്ടതും മേലില്‍ നിങ്ങളുടെ സ്ഥാപനത്തിലെ പരസ്യത്തില്‍ നിന്ന് അത്തരം വേർതിരിവ് ഒഴിവാക്കേണ്ടതുമാണ്. അല്ലാത്തപക്ഷം സ്ഥാപനം ബഹിഷ്‌കരണം, പ്രക്ഷോഭം എന്നിവയിലേക്ക് ഹിന്ദു ഐക്യവേദിയെ നിര്‍ബന്ധിതരാക്കുമെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു’.
നോട്ടീസ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധിപേർ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. ചിലർ സംഭവം ഉൾപ്പെടുന്ന ചെങ്ങമനാട് സ്റ്റേഷനുമായി ബന്ധപ്പെടുകയും ചെയ്തു. എന്നാൽ രേഖാമൂലം പരാതി ലഭിച്ചാൽ മാത്രമേ സംഭവത്തിൽ ഇടപെടാനാകൂ എന്ന നിലപാടിലാണ് പൊലീസ്. സംഭവം ബേക്കറി ജീവനക്കാരും സ്ഥിരീകരിച്ചിട്ടുണ്ട്. ഹിന്ദു ഐക്യവേദിയുടെ പ്രവർത്തകർ വന്ന് കത്ത് കൊടുക്കുകയും അവിടെ ഉണ്ടായിരുന്നവരോട് ഭീക്ഷണിയുടെ സ്വരത്തിൽ ‘ഹലാൽ’ ബോർഡ് നീക്കം ചെയ്യുവാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നെന്ന് കടയിലെ ജീവനക്കാർ പറയുന്നു.
Leave a Reply