കാസാ ഗ്രാൻഡേ ∙ തന്റെ പ്രായത്തിലുള്ള മറ്റു കുട്ടികൾ ഹൈസ്ക്കൂളിലേക്ക് പഠിക്കാൻ പോകുമ്പോൾ പതിനഞ്ചുകാരിയായ ശ്രേയ മുത്തു എന്ന പാതിമലയാളി കോളജിലേക്കാണ് പോകുന്നത്. സംശയിക്കണ്ട, പഠനത്തിൽ മിടുക്കിയായ ഈ പതിനഞ്ചുകാരിയെ തേടിയെത്തിയത് വലിയ അവസരങ്ങളാണ്. ആറാം ഗ്രേഡ് മുതൽ ഡബിൾ പ്രെമോഷൻ ലഭിച്ചാണ് ഈ മിടുക്കി ഇവിടെവരെ ചെറുപ്രായത്തിൽ എത്തിയത്. 15 വയസ്സ് പൂർത്തിയായപ്പോഴേക്കും ചെറുമകൾ ഗ്രാജുവേഷനിലേക്ക് കടന്നുവെന്ന് അഭിമാനത്തോടെ ശ്രേയയുടെ അമ്മയുടെ പിതാവ് ഡോ. ജഗദീശൻ പറയുന്നു. ബിരുദത്തിനൊപ്പം മെഡിക്കൽ വിദ്യാഭ്യാസം കൂടി നേടിയാണ് ശ്രയ അദ്ഭുതം സൃഷ്ടിക്കുന്നത്.

ഓഗസ്റ്റിൽ ഗ്രാൻഡ് കാനിയൻ യൂണിവേഴ്സിറ്റിയിലാണ് ശ്രേയയുടെ ക്ലാസുകൾ ആരംഭിക്കുന്നത്. മൂന്നു വർഷത്തെ ബിരുദ പഠനം കഴിഞ്ഞാൽ മെഡിക്കൽ സ്കൂളിൽ ഇപ്പോഴെ ഒരു സീറ്റ് ഉറപ്പിച്ചാണ് പാതിമലയാളിയായ ശ്രേയ മുന്നേറുന്നത്. കാസാ ഗ്രാൻഡേയിലെ അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രെപ്രേറ്ററി അക്കാദമിയിലെ വിദ്യാർഥിയായിരുന്നു ശ്രേയ. ഭാവിയിൽ ഒരു സർജനോ, ത്വക്ക് രോഗ വിദഗ്ധയോ ആകാനാണ് ആഗ്രഹം. എവിടെയെല്ലാം പഠിച്ചാലും ഒടുവിൽ കാസാ ഗ്രാൻഡേയിൽ തന്നെ തിരികെ വന്ന് ജനങ്ങളെ സേവിക്കണമെന്നാണ് വിചാരിക്കുന്നതെന്നും ഈ മിടുക്കി വ്യക്തമാക്കുന്നു.

മാതൃക രക്ഷിതാക്കൾ തന്നെ

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഉയരങ്ങളിലേക്ക് കുതിക്കുന്ന ശ്രേയയുടെ മാതൃക തന്റെ രക്ഷിതാക്കൾ തന്നെയാണ്. കൊല്ലം കിടങ്ങൽ സ്വദേശി ഡോ. കവിത ജഗദീശനാണ് മാതാവ്. പിതാവ് ഡോ. ജെറാൾഡ് മുത്തു തമിഴ്നാട് ചെന്നെ സ്വദേശിയും. വർഷങ്ങളായി ഇരുവരും കാസാ ഗ്രാൻഡേയിൽ പ്രാക്ടീസ് ചെയ്യുന്നു. രക്ഷിതാക്കളെ കണ്ടു വളർന്ന ശ്രേയയുടെ എക്കാലത്തെയും ലക്ഷ്യം ഡോക്ടർ ആവുകതന്നെയായിരുന്നു. ശ്രേയയുടെ സഹോദരനും ഡോക്ടർ സ്വപ്നവുമായി മുന്നോട്ടു പോകുന്നു. കഴിഞ്ഞ വർഷം രക്ഷിതാക്കൾ പ്രാക്ടീസ് ചെയ്യുന്ന ഒയാസിസ് ഹെൽത്ത് സെന്ററിൽ ശ്രേയയും പോയിരുന്നു. അവിടെ വച്ച് രോഗികളുമായി ഇടപെടുകയും ചെറിയ സഹായങ്ങൾ ചെയ്യുകയും ചെയ്തു. ‘ഡോക്ടർമാരുടെ ഓഫീസിലാണ് ഞാൻ വളർന്നത്, രോഗികളുമായുള്ള ഇടപെടൽ പണ്ടുമുതലേ ശീലമാണ്. ഡോക്ടറാകുമ്പോൾ ഇക്കാര്യങ്ങൾ എന്നെ വലിയ രീതിയിൽ സഹായിക്കുമെന്നാണ് കരുതുന്നത്’– ശ്രേയ പറഞ്ഞു.

ജിസിയുവിൽ നിന്നും മൂന്നു വർഷത്തെ ഡിഗ്രിയും തുടർന്ന് ലേക്ക് എറിക് കോളജ് ഓഫ് ഓസ്റ്റോപതിക് മെഡിസിനിൽ നാലുവർഷത്തെ പഠനവുമാണ് ഉദ്ദേശിക്കുന്നത്. കണക്കിൽ മിടുക്കിയായ ശ്രേയയ്ക്ക് ഈ വിഭാഗത്തിലും നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. പഠനത്തിനു പുറമേയുള്ള കാര്യങ്ങളിലും ശ്രേയ തന്റെ കഴിവുതെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം പ്രൊജക്ടിന്റെ ഭാഗമായി മിത്ര റീഹാബിലെറ്റേഷൻ ഫണ്ട് എന്ന പേരിൽ സാമൂഹ്യ പ്രവർത്തനം സംഘടിപ്പിച്ചു. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മിത്ര റീഹാബിലെറ്റേഷൻ സെന്ററുമായി ചേർന്ന് 7000 ഡോളറാണ് ശ്രേയ സംഘടിപ്പിച്ചത്. ഭിന്നശേഷിയുള്ള ആളുകളെ സഹായിക്കുന്നതായിരുന്നു ഈ പരിപാടി.

പ്രതീക്ഷകൾ

പുതിയ കോളജിലേക്ക് പോകുന്നതിന്റെ ആവേശത്തിലാണ് ശ്രേയ. എന്നാൽ, ചെറിയ പ്രായത്തിൽ തന്നെ കോളജിൽ എത്തുന്നതിനാൽ ചെറിയ പേടിയും ഉണ്ട്. പക്ഷേ, ഡോക്ടർ ആവുകയെന്നത് വലിയ ആഗ്രഹമായതിനാൽ എല്ലാകാര്യങ്ങളെയും പോസറ്റീവ് ആയിട്ടാണ് കാണുന്നത്. ഇത്രയും വേഗം പഠനം ആരംഭിക്കാൻ സാധിച്ചതിൽ സന്തോഷവും പങ്കുവെച്ചു. ജിസിയുവിലെ ചില അധ്യാപകരുമായി ഇപ്പോൾ തന്നെ കൂടിക്കാഴ്ച നടത്തുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്നും ശ്രേയ പറഞ്ഞു. മറ്റു കുട്ടികളോട് ശ്രേയയ്ക്ക് പറയാനുള്ളത് ലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കാതെ മുന്നോട്ടു പോകണമെന്നാണ്. നേരത്തെ തന്നെ എന്തായിരിക്കണം നമ്മുടെ ലക്ഷ്യമെന്ന് തീരുമാനിക്കുക. പിന്നീട്, അതിനായി കഠിനാധ്വാനം ചെയ്യുക–ശ്രേയ അഭിമാനത്തോടെ പറഞ്ഞു നിർത്തി.