ലണ്ടന്‍: 2019-20 വര്‍ഷത്തോടെ നിലവില്‍ വരുന്ന ഫണ്ട് വെട്ടിക്കുറയ്ക്കലുകള്‍ ഇംഗ്ലണ്ടിലെ എല്ലാ സ്‌കൂളുകളെയും ബാധിക്കുമെങ്കിലും പകുതിയോളം സ്‌കൂളുകളെ അതീവ ഗുരുതരമായി ബാധിക്കുമെന്ന് വെളിപ്പെടുത്തല്‍. ഓരോ കുട്ടിക്കു 6 മുതല്‍ 11 ശതമാനം വരെ വെട്ടിക്കുറയ്ക്കലിന്റെ ദോഷഫലം അനുഭവിക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന പുതിയ ഫണ്ടിംഗ് ഫോര്‍മുല ഏതു വിധത്തിലാണ് തിരിച്ചടിക്കുകയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പുതിയ പദ്ധതി നടപ്പാക്കുമെന്നു തന്നെയാണ് പ്രധാനമന്ത്രിയുടെ ഓഫീസും വിദ്യാഭ്യാസ മന്ത്രാലയവും സ്ഥിരീകരിക്കുന്നത്.
നാണ്യപ്പെരുപ്പം മൂലമുണ്ടാകുന്ന സമ്മര്‍ദ്ദങ്ങളും ലോക്കല്‍ അതോറിറ്റികള്‍ക്ക് അനുവദിക്കുന്ന ഫണ്ട് കുറയ്ക്കുന്നതും സ്‌കൂളുകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന ചെലവ് ചുരുക്കല്‍ നടപടികളും മൂലം 2019-20ഓടെ പുതിയ നയമനുസരിച്ച് നേട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന സ്‌കൂളുകള്‍ക്ക് പോലും വിപരീത ഫലമാണ് ഉണ്ടാവുകയെന്നും വിലയിരുത്തപ്പെടുന്നു. എഡ്യുക്കേഷന്‍ പോളിസി ഇന്‍സ്റ്റ്റ്റിയൂട്ട് തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പകുതിയോളം സ്‌കൂളുകളില്‍ വെട്ടിക്കുറയ്ക്കലുകള്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തുന്നത്. പ്രൈമറി സ്‌കൂളുകള്‍ക്ക് ശരാശരി 74,000 പൗണ്ടും സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് 2,91,000 പൗണ്ടും നഷ്ടമാകുമെന്നാണ് ഇപിഐ സര്‍വേ വ്യക്തമാക്കുന്നത്. 30 ശതമാനത്തിലേറെ കുട്ടികള്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്ന സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് പുതിയ ഫോര്‍മുല അനുസരിച്ച് നഷ്ടമുണ്ടാകുമ്പോള്‍ താരതമ്യേന സാമ്പത്തിക ശേഷിയുള്ള കുടുംബങ്ങളിലെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ക്ക് ചെറിയ നേട്ടമുണ്ടാകാനിടയുണ്ടെന്നും പഠനം പറയുന്നു.