ന്യൂസ് ഡെസ്ക്, മലയാളം യുകെ
വീണ്ടും യൂറോപ്യൻ യൂണിയനിൽ ചേരണമെന്ന ആവശ്യത്തിന് രാജ്യത്ത് ഗണ്യമായ പിന്തുണയുണ്ടെന്ന പുതിയ പോൾ റിപ്പോർട്ട് പുറത്തു വന്നു . ദി മെസ്സിന ഗ്രൂപ്പ് നടത്തിയ സർവേയിൽ 49 ശതമാനം പേർ യൂറോപ്യൻ യൂണിയനിൽ തിരിച്ചുചേരുന്നതിനെ അനുകൂലിച്ചപ്പോൾ 28.5 ശതമാനം പേർ എതിർത്തു. നിലവിലെ ബന്ധം നിലനിർത്തിക്കൊണ്ട് വ്യാപാര തടസ്സങ്ങൾ പരമാവധി കുറയ്ക്കണമെന്ന നിർദേശത്തിനും 48.2 ശതമാനം പേരുടെ പിന്തുണ ലഭിച്ചിട്ടുണ്ട് . കസ്റ്റംസ് യൂണിയനിൽ ചേരുന്നതിനെ 47.1 ശതമാനം പേരും സിംഗിൾ മാർക്കറ്റിൽ ചേരുന്നതിനെ 45.1 ശതമാനം പേരും അസോസിയേറ്റ് മെമ്പർഷിപ്പിനെ 45.5 ശതമാനം പേരും പിന്തുണച്ചു. അതേസമയം, യൂറോപ്യൻ യൂണിയനിൽനിന്ന് കൂടുതൽ അകന്നുപോകണമെന്ന നിലപാടിന് 27.9 ശതമാനം പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്.

അടുത്ത തെരഞ്ഞെടുപ്പിന് ശേഷം യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം പുനഃപരിശോധിക്കാനും തിരിച്ചുചേരാനുള്ള സാധ്യത ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനും തയ്യാറാണെന്ന നിലപാട് പ്രധാനമന്ത്രി ആൻഡി ബേൺഹാം നേരത്തെ വ്യക്തമാക്കിയിരുന്നു. ലേബർ കോൺഫറൻസിലെ പ്രസംഗത്തിൽ ബ്രിട്ടന്റെ യൂറോപ്പുമായുള്ള ഭാവി ബന്ധത്തെക്കുറിച്ച് പഠനം നടത്തുമെന്ന് പ്രഖ്യാപിച്ച അദ്ദേഹം പിന്നീട് പൂർണമായും യൂറോപ്യൻ യൂണിയനിൽ തിരിച്ചുചേരുന്നതും പരിഗണിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കി. എന്നാൽ ബ്രെക്സിറ്റിന് അനുകൂലമായി വോട്ട് ചെയ്ത മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന ലേബർ എംപിമാർക്കിടയിൽ ഈ നീക്കത്തെക്കുറിച്ച് ആശങ്കയുണ്ട്. ബ്രെക്സിറ്റ് വിഷയത്തിൽ വീണ്ടും രാഷ്ട്രീയ വിഭജനം ശക്തമാകുന്നത് റീഫോം പാർട്ടിക്കും നൈജൽ ഫാരേജിനും നേട്ടമാകുമെന്ന ആശങ്കയും ചില നേതാക്കൾ പ്രകടിപ്പിച്ചിട്ടുണ്ട്.

സെപ്റ്റംബർ 12 മുതൽ 24 വരെ 11,461 പേരെ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ യൂറോപ്യൻ യൂണിയനുമായി അടുത്ത ബന്ധം സ്ഥാപിക്കുന്ന വിവിധ സാഹചര്യങ്ങളിൽ ലേബറിന്റെ വോട്ടു ഷെയർ 4.3 മുതൽ 7.4 ശതമാനം പോയിന്റ് വരെ ഉയരാമെന്നും കണ്ടെത്തിയിട്ടുണ്ട് . ഗ്രീൻ പാർട്ടിയിലും ലിബറൽ ഡെമോക്രാറ്റുകളിലും നിന്നുള്ള വോട്ടുകളാണ് ഇതിൽ പ്രധാനമായും ലേബറിലേക്ക് മാറാൻ സാധ്യതയുള്ളതെന്ന് സർവേ പറയുന്നു. 25.9 ശതമാനം പേർ ബ്രിട്ടൻ ഉടൻ തന്നെ EU-യിൽ തിരിച്ചുചേരണമെന്ന് അഭിപ്രായപ്പെട്ടപ്പോൾ 22.9 ശതമാനം പേർ അടുത്ത മൂന്ന് വർഷത്തിനുള്ളിലും 8.4 ശതമാനം പേർ അടുത്ത പത്ത് വർഷത്തിനുള്ളിലും തിരിച്ചുചേരണമെന്ന് പറഞ്ഞു. അതേസമയം, 52.4 ശതമാനം പേർ 2016ലെ ബ്രെക്സിറ്റ് തീരുമാനം തെറ്റായിരുന്നുവെന്ന് അഭിപ്രായപ്പെട്ടപ്പോൾ 29.7 ശതമാനം പേർ അത് ശരിയായ തീരുമാനമായിരുന്നുവെന്ന് പറഞ്ഞു. ബ്രെക്സിറ്റ് വിജയമായിരുന്നുവെന്ന് കരുതിയത് 12.2 ശതമാനം പേർ മാത്രമാണ്.











Leave a Reply