ലണ്ടന്‍: യുകെയിലെ ചെറുപ്പക്കാരായ അധ്യാപകരില്‍ പകുതിപ്പേരും ജോലിയുപേക്ഷിക്കാന്‍ തയ്യാറെടുക്കുന്നതായി വെളിപ്പെടുത്തല്‍. ജോലിഭാരം വര്‍ദ്ധിക്കുന്നതും സമ്മര്‍ദ്ദങ്ങള്‍ ഏറുന്നതുമാണ് ഇതിനി കാരണങ്ങള്‍. 36 വയസിനു താഴെ പ്രായമുള്ള 3000 അധ്യാപകരില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ തങ്ങള്‍ ജോലിയുപേക്ഷിക്കുമെന്ന് 45 ശതമാനത്തോളം പേര്‍ അഭിപ്രായപ്പെട്ടു. ആഴ്ചയില്‍ 51 മണിക്കൂറിലേറെ തങ്ങള്‍ക്ക് ജോലി ചെയ്യേണ്ടി വരുന്നുണ്ടെന്നാണ് നാലില്‍ മൂന്ന് പേരും അറിയിച്ചത്.

61 മണിക്കൂറിലേറെ ജോലി ചെയ്യേണ്ടതായി വരുന്നുവെന്ന് ബാക്കിയുള്ളവരും അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് അധ്യാപകര്‍ കൊഴിഞ്ഞു പോകാന്‍ തയ്യാറെടുക്കുന്നതായുള്ള വിവരങ്ങള്‍ പുറത്തു വരുന്നത്. 2025 ഓടെ സെക്കന്‍ഡറി സ്‌കൂള്‍ കുട്ടികളുടെ എണ്ണം 5 ലക്ഷത്തോളം വര്‍ദ്ധിച്ച് 3.3 മില്യനായി ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. 20101നും 2015നുമിടയില്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ അധ്യാപകരുടെ എണ്ണത്തില്‍ 10,000 പേരുടെ കുറവുണ്ടായിട്ടുണ്ടെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ആകര്‍കമല്ലാത്ത ശമ്പളവും ജോലിഭാരം വര്‍ദ്ധിക്കുന്നതുമാണ് ഈ പ്രൊഫഷന്‍ ഉപേക്ഷിക്കാന്‍ അധ്യാപകരെ പ്രേരിപ്പിക്കുന്നത്. ജീവിത സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ള സമ്പാദ്യം സ്വരൂപിക്കാന്‍ കഴിയാത്തതും മാനസിക സംഘര്‍ഷങ്ങള്‍ ഏറുന്നതുമാണ് അധ്യാപകരെ ജോലിയില്‍ നിന്ന് പിന്നോട്ടു വലിക്കുന്നതെന്ന് അധ്യാപക സംഘടനകളും വ്യക്തമാക്കുന്നു. ഇക്കാര്യം സര്‍ക്കാര്‍ അവഗണിക്കരുതെന്നാണ് സംഘടനകള്‍ ആവശ്യപ്പെടുന്നത്.

ആറ് വര്‍ഷത്തിലേറെ പ്രവൃത്തി പരിചയമുള്ള പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ക്ക് ശരാശരി 19 മണിക്കൂര്‍ അധികം ജോലി ചെയ്യേണ്ടതായി വരുന്നുണ്ടെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എഡ്യുക്കേഷന്‍ തയ്യാറാക്കിയ ടീച്ചര്‍ വര്‍ക്ക് ലോഡ് സര്‍വേ വ്യക്തമാക്കുന്നു. ജോലിയില്‍ നിന്നുള്ള വരുമാനത്തിലൂടെ തങ്ങള്‍ക്ക് മുന്നോട്ടു പോകാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും അധ്യാപകര്‍ പറയുന്നു.