ഇന്ത്യയ്ക്ക് വേണ്ടി ടീമംഗങ്ങളെ തിരഞ്ഞെടുക്കുമ്പോൾ എം.എസ്.ധോണിക്ക് നൽകുന്നതുപോലെയുളള പരിഗണന തനിക്ക് നൽകുന്നില്ലെന്ന് ഹർഭജൻ സിങ്. ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ധോണിയെ ഉൾപ്പെടുത്തിയതിനെക്കുറിച്ചായിരുന്നു ഹർഭജന്റെ പരാമർശം. ധോണിയെപോലെ തന്നെ താനും മുതിർന്ന കളിക്കാരനാണെന്നും പക്ഷേ തന്റെ കാര്യം വരുമ്പോൾ ഇതൊന്നും പരിഗണിക്കുന്നില്ലെന്നും ഹർഭജൻ എൻഡിടിവിയോട് പറഞ്ഞു. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയിട്ടും ഹർഭജൻ സിങ്ങിന്റെയോ ഗൗതം ഗംഭീറിന്റെയോ പേരുകൾ ചാമ്പ്യൻസ് ട്രോഫിക്കായുളള ടീം സെലക്ഷൻ സമയത്ത് പരാമർശിച്ചിരുന്നില്ല.

”ബാറ്റിങ്ങിനു പുറമേ മറ്റു തരത്തിലും ധോണി ടീമിനുവേണ്ടി നിരവധി ചെയ്തിട്ടുണ്ടെന്നതിൽ ഒരു സംശയവുമില്ല. അത് ഫോമിലാണെങ്കിലും അല്ലെങ്കിലും. ധോണി ക്യാപ്റ്റനാണ്. ധോണിക്ക് കളിയെക്കുറിച്ച് നന്നായി അറിയാം. ചില സമയത്ത് പല യുവതാരങ്ങൾക്കും ധോണിയുടെ പിന്തുണ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. എന്നാൽ ധോണിക്ക് ലഭിക്കുന്നതുപോലെയുളള പ്രത്യേക പരിഗണന എന്നെ പോലുളളവർക്ക് നൽകുന്നില്ല”.

”ഞാനും വർഷങ്ങളായി ക്രിക്കറ്റ് കളിക്കുന്നു. ചില മൽസരങ്ങൾ വിജയിക്കുകയും ചിലത് പരാജയപ്പെടുകയും ചെയ്തു. രണ്ടു ലോകകപ്പുകൾ നേടിയതിൽ എനിക്കും പങ്കുണ്ട്. അങ്ങനെയെങ്കിൽ ചിലർക്കു മാത്രമല്ലാതെ മറ്റു ചില കളിക്കാർക്കും ആനുകൂല്യം നൽകണം. അതർഹിക്കുന്നവരിൽ ഒരാൾ ഞാനാണ്. പക്ഷേ എന്നിട്ടും കിട്ടാത്തതെന്താണെന്ന് മനസ്സിലാകുന്നില്ല. ഇതിനു മറുപടി നൽകേണ്ടത് സെലക്ടർമാരാണ്. അവർ ടീം ഇന്ത്യയ്ക്കു നൽകുന്നതുപോലെയുളള സംഭാവനകൾ ഞങ്ങളും നൽകുന്നുണ്ട്. ഞങ്ങളും രാജ്യത്തിനുവേണ്ടി കളിക്കണമെന്നാണ് ആഗ്രഹിക്കുന്നത്”.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

”ഒരാൾ നന്നായി കളിക്കുന്നുണ്ടെങ്കിൽ അയാൾക്ക് അർഹമായ പരിഗണന നൽകണം. ഒന്നുകില്ലെങ്കിലും ടീം സെലക്ട് ചെയ്യുമ്പോൾ അയാളെ പരിഗണിക്കുകയെങ്കിലും ചെയ്യണം. രണ്ടു വ്യക്തികൾക്ക് രണ്ടു നിയമങ്ങൾ വയ്ക്കുന്നത് എന്തിനാണ്?. ഈ കാരണങ്ങൾകൊണ്ടാണ് നിങ്ങളെ തിരഞ്ഞെടുക്കാത്തതെന്നു പറഞ്ഞാൽ നമുക്ക് മനസ്സിലാകും. എന്നാൽ അങ്ങനെ ഒന്നും ഉണ്ടായില്ല. നിങ്ങൾ ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നു പറഞ്ഞാൽ എനിക്ക് അതിന് അനുസരിച്ച് കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കും”- ഹർഭജൻ പറഞ്ഞു.

ഇന്ത്യൻ ടീമിന്റെ വിലമതിക്കാനാവാത്ത സ്വത്താണ് ധോണിയെന്നായിരുന്നു ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റിനായുളള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുന്ന അവസരത്തിൽ ബിസിസിഐ സെലക്ഷൻ കമ്മിറ്റി ചെയർമാൻ എംഎസ്കെ പ്രസാദ് പറഞ്ഞത്. കളിയിൽ നിർണായകമായ പല സന്ദർഭങ്ങളിലും ധോണിയുടെ ഉപദേശം ടീമിന് ഏറെ ഗുണകരമായിട്ടുണ്ട്. വിരാട് കോഹ്‌ലിയെ നല്ല രീതിയിൽ നയിക്കാൻ പറ്റിയ വ്യക്തി ധോണിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.