മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയെ മികച്ച ഫിനീഷറാക്കിയത് താനാണെന്ന അവകാശ വാദവുമായി മുന്‍ ഇന്ത്യന്‍ പരിശീലകനും ഓസീസ് താരവുമായിരുന്ന ഗ്രെഗ് ചാപ്പല്‍ രംഗത്തെത്തിയിരുന്നു. പ്ലേറൈറ്റ് ഫൗണ്ടേഷന്റെ ഫേസ്ബുക്ക് ലൈവിലായിരുന്നു ചാപ്പലിന്റെ അവകാശവാദം. എന്നാല്‍ ചാപ്പലിന്റെ അവകാശവാദത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. തന്റെ ഉപദേശം കരിയറിന്റെ തുടക്കകാലത്ത് ധോണിയുടെ ഫിനിഷിങ് പാടവം മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ടെന്നായിരുന്നു ചാപ്പല്‍ പറഞ്ഞത്. എല്ലാ പന്തുകളെയും ആക്രമിച്ച് കളിക്കുന്ന ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ നിന്ന് ചിന്തിച്ച്, കണക്കു കൂട്ടി കളിക്കുന്ന ഫിനിഷറിലേക്ക് ധോണിയെ എത്തിച്ചത് താനാണെന്നും ഗ്രെഗ് ചാപ്പല്‍ പറഞ്ഞു.
എന്നാല്‍ ചാപ്പലിന്റെ അവകാശ വാദത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹര്‍ഭജന്‍ സിംഗ്. ചാപ്പല്‍ പരിശീലകനായിരുന്ന കാലഘട്ടം ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മോശം കാലഘട്ടമാണെന്ന് പരിഹസിച്ച് #worstdaysofindiancricketundergreg എന്ന ഹാഷ്ടാഗും ട്വീറ്റിനൊപ്പം ഹര്‍ഭജന്‍ ചേര്‍ത്തിട്ടുണ്ട്. ധോണിയോട് നിലംപറ്റെയുള്ള ഷോട്ടുകളില്‍ കൂടുതല്‍ ശ്രദ്ധവയ്ക്കാന്‍ താന്‍ നിര്‍ദ്ദേശിച്ചതായി ലൈവ് ചാറ്റിനിടെ ചാപ്പല്‍ വെളിപ്പെടുത്തിയിരുന്നു. ഈ പരാമര്‍ശം ഉള്‍പ്പെടുന്ന ഒരു വാര്‍ത്ത റീട്വീറ്റ് ചെയ്താണ് ഹര്‍ഭജന്‍ ട്വിറ്ററില്‍ പരിഹാസമുയര്‍ത്തിയത്. ‘അദ്ദേഹം ധോണിയോട് നിലംപറ്റെയുള്ള ഷോട്ടുകളില്‍ ശ്രദ്ധിക്കാന്‍ പറഞ്ഞത് ശരിയായിരിക്കും. കാരണം, അദ്ദേഹം ആ സമയത്ത് എല്ലാവരെയും ‘സിക്‌സടിക്കുന്ന’ തിരക്കിലായിരുന്നു. അദ്ദേഹത്തിന്റെ കളികളെല്ലാം എപ്പോഴും വ്യത്യസ്തമായിരുന്നു’ ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തു.
2005-ല്‍ ജയ്പൂര്‍ ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ ധോണി നേടിയ 183 റണ്‍സ് മാച്ച് വിന്നിങ് ഇന്നിങ്സ് മറക്കാന്‍ സാധിക്കില്ല. പുണെയിലായിരുന്നു അടുത്ത മത്സരം. അതിനു മുമ്പ് എല്ലാ പന്തുകളിലും എന്തിനാണ് ബൗണ്ടറി നേടാന്‍ ശ്രമിക്കുന്നതെന്നും സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിക്കണമെന്നും ധോണിയോട് പറഞ്ഞതായും ചാപ്പല്‍ വ്യക്തമാക്കിയിരുന്നു. പുണെ ഏകദിനത്തില്‍ 260 റണ്‍സോ മറ്റോ ആയിരുന്നു വിജയലക്ഷ്യം. തൊട്ടുമുമ്പത്തെ ഏകദിനത്തില്‍ നിന്നും വ്യത്യസ്തമായ ഇന്നിങ്‌സാണ് ധോണി ഇവിടെ കാഴ്ചവെച്ചത്. ഇന്ത്യക്കു അപ്പോള്‍ ജയിക്കാന്‍ 20 റണ്‍സ് വേണമെന്നിരിക്കെ 12-ാമനായ ആര്‍.പി സിങിനെ തന്റെയടുത്തേക്ക് അയച്ച് ധോണി സിക്സറുകള്‍ അടിക്കട്ടേയെന്ന് ചോദിച്ചു. എന്നാല്‍ പാടില്ലെന്നും വിജയലക്ഷ്യം ഒറ്റയക്കത്തിലെത്തുന്നതുവരെ കാത്തിരിക്കാനും താന്‍ പറഞ്ഞു. ജയിക്കാന്‍ ആറു റണ്‍സ് മാത്രം വേണമെന്നിരിക്കെ ധോണി സിക്‌സറിലൂടെ വിജയം പൂര്‍ത്തിയാക്കിയെന്നും ചാപ്പല്‍ പറഞ്ഞു. ഇന്ത്യന്‍ നായകനായിരുന്ന സൗരവ് ഗാംഗുലിയും ചാപ്പലും തമ്മിലുള്ള പ്രശ്‌നങ്ങളും കുപ്രസിദ്ധമാണ്. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സഹീര്‍ ഖാന്‍, വി.വി.എസ്. ലക്ഷ്മണ്‍, വീരേന്ദര്‍ സേവാഗ് തുടങ്ങിയ താരങ്ങള്‍ക്കും ചാപ്പലിന്റെ കാര്യത്തില്‍ അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു.
Leave a Reply