ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍ അംബേദ്ക്കറിനെ അപമാനിച്ച് ട്വീറ്റ് ചെയ്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ദ്ദിക് പാണ്ഡ്യക്കെതിരെ കേസെടുത്തു. രാജസ്ഥാനിലെ രാഷ്ട്രീയ ഭീം സേന അംഗവും അഭിഭാഷകനുമായ ഡി.ആര്‍ മേഘ്വാളിന്റെ പൊതു താല്‍പ്പര്യ ഹര്‍ജിയിലാണ് നടപടി. ഹര്‍ജി പരിഗണിച്ച പ്രത്യേക കോടതി സംഭവത്തില്‍ പാണ്ഡ്യക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി. പാണ്ഡ്യക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
”ഏത് അംബേദ്ക്കര്‍, ഇന്ത്യയുടെ നിയമം എഴുതിയുണ്ടാക്കിയ ആളെയാണോ അതോ സംവരണം എന്ന രോഗം ഇന്ത്യ മുഴുവന്‍ വ്യാപിപ്പിച്ച ആളാണോ” എന്നായിരുന്നു പാണ്ഡ്യയുടെ ട്വീറ്റ്. 2017 ഡിസംബര്‍ 26ന് പാണ്ഡ്യ തന്റെ ഒഫിഷ്യല്‍ ട്വിറ്റര്‍ പേജിലൂടെ പുറത്ത് വിട്ട കുറിപ്പ് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. സംഭവത്തില്‍ പാണ്ഡ്യക്കെതിരെ അംബേദ്ക്കറിസ്റ്റുകള്‍ കടുത്ത വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.
അംബേദ്ക്കറെ അപമാനിച്ചതിലൂടെ അദ്ദേഹത്തിന്റെ സമുദായത്തിന്റെ വികാരം കൂടിയാണ് വ്രണപ്പെടുത്തിയിരിക്കുന്നത്. പാണ്ഡ്യയെപ്പോലെ പ്രശസ്തനായ ഒരാള്‍ ഭരണഘടനാ ശില്‍പിയും ആധുനിക ഇന്ത്യയുടെ നവോത്ഥാന നായകനുമായ അംബേദ്ക്കറിനെ അപമാനിക്കാന്‍ പാടില്ലായിരുന്നുവെന്നും മേഘ്‌വാള്‍ പറയുന്നു. ഇത് അക്രമം പടര്‍ത്താനും സമൂഹത്തെ ഭിന്നിപ്പിക്കാനുമുള്ള ശ്രമമായി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Leave a Reply