സ്വന്തം ലേഖകന്‍

ഒരു കാലത്ത് ഭാരതത്തിലെ ഇടതു രാഷ്ട്രീയ പ്രസ്ഥാനമായ സി.പി.ഐ.എം അഥവാ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ പാർട്ടിക്ക് കൂടുതൽ അടിത്തറയുള്ള സംസ്ഥാനങ്ങളിലൊന്നായിരുന്നു പഞ്ചാബ്. ഇഎംഎസിനു ശേഷം സി.പി.ഐ.എംന്‍റെ ജനറല്‍ സെക്രട്ടറിയായിരുന്നു ശ്രീ ഹര്‍കിഷന്‍ സിങ് സുര്‍ജിത് എന്ന പഞ്ചാബുകാരന്‍. അക്കാലങ്ങളില്‍ അദ്ദേഹത്തിന്‍റെ ലേഖനങ്ങളും പ്രസ്താവനകളുമൊക്കെ ഇടതുപക്ഷത്തിന്‍റെ നയരേഖകളായിരുന്നു. ഹർകിഷൻ സിംഗ് സുർജിത് ജനറല്‍ സെക്രട്ടറി ആയിരുന്ന 1992 മുതല്‍ 2005 വരെയുള്ള കാലഘട്ടത്തിലാണ് സി.പി.ഐ.എം ലോകസഭയില്‍ ഏറ്റവും അധികം സീറ്റുകള്‍ നേടിയതും. 1996 മുതല്‍ 2004 വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ 32 നും 43 നും ഇടയില്‍ സീറ്റുകള്‍ സി.പി.ഐ.എം നേടിയിട്ടുണ്ട്. അതിനുശേഷം ഇപ്പറഞ്ഞ സംഖ്യയുടെ അടുത്തെത്താന്‍ പോലും സി.പി.ഐ.എം ന് കഴിഞ്ഞിട്ടില്ല.

ലോകസഭയിലെ പ്രകടനം ഇതായിരിക്കെ പഞ്ചാബിലെ അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ സി.പി.ഐ.എംന്റെയും മറ്റ് ഇടതുപാര്‍ട്ടികളുടേയും ഫലം വിലയിരുത്തിയാല്‍ 1977 മുതല്‍ 2002ല്‍ കൈവിരലിലെണ്ണാവുന്ന സീറ്റുകളില്‍ മാത്രമാണ് സി.പി.ഐ.എംന് ജയിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. പഞ്ചാബ്  ആണെങ്കില്‍ കൃഷിക്കാരുടെ നാടുമാണ്. പഞ്ചാബിലെ കര്‍ഷക പ്രസ്ഥാനങ്ങളിലൂടെ നേതൃനിരയിലേക്ക് ഉയര്‍ന്നു വന്ന ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ ജന്മ നാട്ടില്‍ എന്തുകൊണ്ട് സി.പി.ഐ.എംന് കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാനാകാതെ പോയി. ഇത്രയും വളക്കൂറുള്ള മണ്ണില്‍ ഇടതുപക്ഷം വളരാതിരുന്നിടത്ത് നിന്ന് തന്നെയാണ് ആം ആദ്മി പാര്‍ട്ടി വെറും മൂന്ന് വര്‍ഷം കൊണ്ട് ഇത്രയും ജനപ്രീതി നേടിയെടുത്തതും എന്ന് ശ്രദ്ധേയമാണ്.

സി.പി.എമ്മിന്‍റെ തലമുതിര്‍ന്ന നേതാവായിരുന്ന ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്‍റെ സ്വന്തം തട്ടകമായ പഞ്ചാബില്‍ കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും വിറപ്പിച്ച്‌ രണ്ടാം സ്ഥാനത്തെത്താന്‍ ആം ആദ്മി പാര്‍ട്ടിക്ക് സാധിച്ചപ്പോള്‍ സി.പി.എമ്മിന് തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലും ഒറ്റ എം.എല്‍.എയെപ്പോലും ജയിപ്പിക്കാനായില്ല. 1977ലെ തെരഞ്ഞെടുപ്പില്‍ പഞ്ചാബ് നിയമസഭയിലേക്ക് 15 എം.എല്‍.എമാരെ എത്തിച്ച ചരിത്രമുള്ള സി.പി.എമ്മും, സി.പി.ഐയും, ആര്‍.എം.പി.ഐയും ചേര്‍ന്ന ഇടതുമുന്നണിക്ക് ഇത്തവണ ആകെയുള്ള 117 സീറ്റുകളില്‍ 52 എണ്ണത്തില്‍ മാത്രമാണ് സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ പോലും സാധിച്ചത്. ഇതില്‍ ഒരാള്‍ പോലും ജയിച്ചതുമില്ല. അഴിമതിയും സ്വജനപക്ഷപാതവും അധികാരത്തിന്‍റെ ഭാഗമായ പഞ്ചാബില്‍ ഇടതുപക്ഷത്തിന് വലിയ സാധ്യതയാണുള്ളതെങ്കിലും പ്രയോജനപ്പെടുത്താനുമായില്ല. തോക്കെടുത്ത ഖലിസ്ഥാന്‍ ഭീകരതയുടെ കാലത്ത് യുവാക്കള്‍ തീവ്രവിപ്ലവപക്ഷത്തേക്ക് ആകര്‍ഷിക്കപ്പെട്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുമ്പോള്‍ തന്നെ, പുതുതലമുറയെ ആകര്‍ഷിക്കാനുള്ള ഒരു ശ്രമവും സി.പി.എമ്മിന്‍റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.

എന്നാല്‍ സി.പി.ഐ.എംന് കഴിയാത്തിടത്ത്, അല്ലെങ്കില്‍ അവര്‍ പരാജയപ്പെട്ടിടത്ത് ആം ആദ്മി പാര്‍ട്ടി അതിവേഗം വളരുന്നു എന്ന് തന്നെ വേണം മനസ്സിലാക്കാന്‍. അപ്രതീക്ഷിത ജനമുന്നേറ്റത്തിലൂടെ രൂപീകൃതമായി മാസങ്ങള്‍ക്ക് ഉള്ളില്‍ തന്നെ ഡല്‍ഹിയുടെ ഭരണം ആം ആദ്മി പാര്‍ട്ടി കൈപ്പിടിയിലാക്കുകയും, പഞ്ചാബില്‍ 20 സീറ്റ് നേടി പ്രതിപക്ഷത്ത് എത്തുകയും ചെയ്യുമ്പോള്‍ പരാജയപ്പെട്ടത് ശരിക്കും ഇടതുപക്ഷമല്ലേ?. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രധാന പാര്‍ട്ടികളെ വെല്ലുവിളിച്ച്‌ ഇത്രയധികം സീറ്റുകള്‍ നേടാന്‍ അരവിന്ദ് കെജ്രിവാളിന്‍റെ ആം ആദ്മി പാര്‍ട്ടിക്ക്  കഴിഞ്ഞെങ്കില്‍ അത് ഇടതുനിരയുടെ പരാജയം തന്നെയാണ്. ശക്തികേന്ദ്രമായ ബംഗാളില്‍ തകര്‍ന്നടിയുകയും കേരളത്തിലും ത്രിപുരയിലും മാത്രമായി ഇടതുപക്ഷം ഒതുങ്ങുകയും ചെയ്യുമ്പോഴാണ് ആം ആദ്മി പാര്‍ട്ടി വിവിധ സംസ്ഥാനങ്ങളില്‍  അതിവേകം വളരുന്നത് എന്നും എടുത്ത് പറയേണ്ടതാണ്. അഴിമതിയും, ജാതീയ വേര്‍തിരിവും അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തികാട്ടി ആം ആദ്മി പാര്‍ട്ടി കടന്നുവന്നപ്പോള്‍ ചോര്‍ന്നത് തങ്ങളുടെ വോട്ട് ബാങ്കാണെന്ന് ഇനിയും ഇടതുപ്രസ്ഥാനങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല.

ഡെല്‍ഹിയില്‍നിന്ന് കേരളത്തിലേക്ക് എത്തി കഴിഞ്ഞ ആം ആദ്മി പാര്‍ട്ടിക്ക് ഈ തെരഞ്ഞെടുപ്പോട് കൂടി വന്‍ വളര്‍ച്ചയാണ് കേരളത്തില്‍ ഉണ്ടായികൊണ്ടിരിക്കുന്നത്. സാധാരണക്കാരുടെയും കര്‍ഷകരുടെയും പ്രശ്നങ്ങളില്‍ ഇടപെട്ട് പ്രത്യേശാസ്ത്ര ചര്‍ച്ചകള്‍ നടത്തുന്നതില്‍ ഉപരി ഡെല്‍ഹിയിലെപ്പോലെ പ്രായോഗികതയ്ക്ക് പ്രാധാന്യം നല്‍കുന്ന ഒരു സമീപനമാണ് കേരളത്തിലും ആം ആദ്മി സ്വീകരിക്കുന്നത്. അതോടൊപ്പം ഇടത് വലത് മുന്നണികളുടെ ഭണവിരുദ്ധ വികാരവും അനുകൂലമായ ഒരു ഘടകമാണ്. ഇത് മുതലെടുക്കാനാണ് മൂന്നാം ശക്തിയായി ഉയര്‍ന്ന് വരാന്‍ ശ്രമിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ ശ്രമവും. എന്ത് തന്നെയാണെങ്കിലും മറ്റ് എല്ലാ സംസ്ഥാനങ്ങളിലെ പോലെ തന്നെ കേരളത്തിലെ ഇടത് പ്രസ്ഥാനങ്ങളില്‍ നിന്നും വന്‍ തോതിലുള്ള ഒരു ഒഴുക്കാണ് ആം ആദ്മിയിലേയ്ക്ക് ഇപ്പോള്‍ ഉണ്ടായികൊണ്ടിരിക്കുന്നത് എന്നത് ഒരു നഗ്നമായ സത്യമാണ്.