സ്വന്തം ലേഖകൻ

ബക്കിംഗ്ഹാം കൊട്ടാരം: രാജകീയ പദവികൾ വേണ്ടെന്ന് വച്ച് കൊട്ടാരത്തിന്റെ പടിയിറങ്ങുന്ന ഹാരിക്കും മേഗനും ആശംസകൾ നേർന്ന് രാജ്ഞി. സന്തോഷവും സമാധാനപരവുമായ പുതിയ ജീവിതം അവർക്ക് രാജ്ഞി നേരുകയുണ്ടായി. ഒപ്പം പ്രധാനമന്ത്രി ബോറിസ് ജോൺസനും ഇരുവർക്കും ആശംസകൾ അറിയിച്ചു. നല്ലൊരു ഭാവി ജീവിതം ഉണ്ടാവട്ടെ എന്ന് രാജ്യം മുഴുവനായി ആശംസിക്കുന്നു എന്നാണ് ജോൺസൻ പറഞ്ഞത്. “വളരെ പെട്ടെന്നു തന്നെ മേഗൻ കുടുംബത്തോടൊപ്പം ചേർന്ന് ഒരംഗമായി. ഹാരിയും അർച്ചിയും സ്നേഹിക്കപ്പെടും.” രാജ്ഞി കൂട്ടിച്ചേർത്തു. ഹാരിയുടെയും മേഗന്റെയും ഈ തീരുമാനത്തെ കണക്കിലെടുത്ത് ബ്രിട്ടീഷ് രാജകുടുംബത്തിലെ കിരീടാവകാശ പട്ടികയിൽ നിന്നും അവരെ പുറത്താക്കാൻ രാജ്ഞി തീരുമാനിച്ചിട്ടുണ്ട്. അതിനാൽ ഇരുവർക്കും ഇനി മുതൽ നികുതിപ്പണം ഉപയോഗിക്കാൻ ആവില്ല. കൂടാതെ ഫ്രോഗ്‌മോർ കോട്ടേജ് പുതുക്കിപ്പണിയാൻ ഉപയോഗിച്ച നികുതിദായകരുടെ 2.4 മില്യൺ പൗണ്ട് അവർ തിരിച്ചടയ്ക്കേണ്ടതായും വരും.

തിങ്കളാഴ്ച രാജ്ഞിയുമായി ചർച്ച നടത്തിയ ശേഷമാണ് ഭാവിയെക്കുറിച്ചുള്ള ദമ്പതികളുടെ പ്രഖ്യാപനം. “നിരവധി മാസത്തെ സംഭാഷണങ്ങൾക്കും ചർച്ചകൾക്കും ശേഷം എന്റെ പേരക്കുട്ടിക്കും കുടുംബത്തിനും വേണ്ടി ക്രിയാത്മകവും യോജിക്കുന്നതുമായ ഒരു വഴി കണ്ടെത്തിയതിൽ സന്തോഷമുണ്ട്”. രാജ്ഞി പറഞ്ഞു. മേഗന്റെ പിതാവ് തോമസ് മാർക്കലെ മകളുടെ ഈയൊരു തീരുമാനത്തോട് പൂർണ്ണ വിയോജിപ്പ് പ്രകടിപ്പിച്ചു. “ഓരോ പെൺകുട്ടിയും ഒരു രാജകുമാരിയാകാൻ ആഗ്രഹിക്കുന്നു. അവൾക്ക് അത് ലഭിച്ചു, എന്നാൽ ഇപ്പോൾ അവൾ അത് വലിച്ചെറിയുകയാണ്” അദ്ദേഹം പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദമ്പതികളുടെ സ്വകാര്യ രക്ഷാകർതൃത്വങ്ങളും അസോസിയേഷനുകളും തുടരുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം പ്രസ്താവനയിൽ പറയുന്നു. ഹാരി രാജകുമാരൻ രക്ഷാധികാരിയായി തുടരുന്നതിൽ സന്തോഷമുണ്ടെന്ന് റഗ്ബി ലീഗ് അറിയിച്ചു. അതേസമയം ഹാരിയും കുടുംബവും കാനഡയി‍ലേക്കു വരുന്നതിനെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സ്വാഗതം ചെയ്തു. എന്നാൽ, സുരക്ഷാ ചെലവ് ഉൾപ്പെടെയുള്ള കാര്യത്തിൽ കൂടുതൽ ചർച്ച വേണമെന്നും അദ്ദേഹം പറഞ്ഞു.