റോം: വാര്‍ദ്ധക്യത്തിന്റെയും ഒറ്റപ്പെടലിന്റെയും കഥകള്‍ ഒട്ടേറെ നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഇറ്റലിയില്‍ നിന്നുള്ള ഈ കഥ കുറച്ച് വ്യത്യസ്തമാണ്. ഏകാന്തതയും നിരന്തരം കാണുന്ന ടിവി വാര്‍ത്തകളും സമ്മര്‍ദ്ധത്തിലാക്കിയ വൃദ്ധ ദമ്പതികള്‍ക്ക് ആശ്വാസമായി എത്തിയ പോലീസ് സംഘമാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ പുറം ലോകത്തെ അറിയിച്ചത്. മാസങ്ങളായി ആരും സന്ദര്‍ശിക്കാനെത്താതെ ഏകാന്ത തടവിലെന്നവണ്ണം കഴിഞ്ഞിരുന്ന വൃദ്ധ ദമ്പതികള്‍ക്കാണ് പോലീസിന്റെ സഹായം ലഭിച്ചത്. നാലംഗ പോലീസ് സംഘം ഇവര്‍ക്ക് ഭക്ഷണം പാകം ചെയ്ത് നല്‍കുകയും ചെയ്തു.

84 വയസുള്ള യോളെയും 94 വയസുള്ള മിഷേലും ടെലിവിഷന്‍ വാര്‍ത്തകള്‍ കണ്ടാണ് സമയം കളഞ്ഞിരുന്നത്. യുദ്ധമുണ്ടാകുമെന്ന വിധത്തിലുള്ള വാര്‍ത്തകള്‍ കണ്ട് സങ്കടം സഹിക്കാനാകാതെ യോളെ കരയാന്‍ ആരംഭിച്ചു. ഇത് കണ്ട് മിഷേലിനും ദുഃഖമടക്കാന്‍ കഴിഞ്ഞില്ല. ലോകത്തിന്റെ അവസ്ഥയെക്കുറിച്ച് ഓര്‍ത്ത് വൃദ്ധ ദമ്പതികള്‍ ഉറക്കെ കരഞ്ഞു. ആരോ പോലീസിനെ വിളിച്ച് അറിയിക്കുകയും പോലീസ് സ്ഥലത്ത് എത്തുകയുമായിരുന്നു.

ഇനിയുള്ളത് പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിലുള്ള വരികളാണ്. പോലീസുകാര്‍ ഇത്ര കാവ്യാത്മകത ഉള്ളിലുള്ളവരോ എന്ന സംശയം ജനിപ്പിക്കുന്ന വിധത്തിലാണ് വിശദീകരണം. അയല്‍ക്കാര്‍ യാത്രകളിലാണെങ്കില്‍, ആരും അടുത്തില്ലെങ്കില്‍ ഏകാന്തത കണ്ണുനീരായി പുറത്തേക്കൊഴുകും. ചിലപ്പോള്‍ ഒരു കൊടുങ്കാറ്റ് പോലെ. ഇവിടെ ഒരു കുറ്റകൃത്യം നടന്നിട്ടുണ്ടായിരുന്നില്ല. ദമ്പതികള്‍ കൃത്യത്തിന് ഇരകളുമായിരുന്നില്ല. ആരെയും രക്ഷപ്പെടുത്തേണ്ട ആവശ്യവുമുണ്ടായിരുന്നില്ല.

പക്ഷേ ഏകാന്തതയില്‍ കഴിഞ്ഞിരുന്ന രണ്ട് ആത്മാക്കള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തണമായിരുന്നു. അവരുടെ അടുക്കള ഉപയോഗിക്കാന്‍ ഞങ്ങള്‍ അനുമതി തേടി. ബട്ടറും ചീസും ചേര്‍ത്ത് ഒരല്‍പം പാസ്ത ഉണ്ടാക്കി അവര്‍ക്ക് നല്‍കി. മനുഷ്യത്വം എന്ന ചേരുവയല്ലാതെ മറ്റൊന്നും അതില്‍ ചേര്‍ത്തതുമില്ല!