ന്യൂസ് ഡെസ്ക്, മലയാളം യുകെ
അഫ്ഗാനിസ്ഥാനിലെ നാറ്റോ സൈനികരുടെ പ്രവർത്തനത്തെ സത്യസന്ധതയോടെയും ആദരവോടെയും കാണണം എന്ന് ഹാരി രാജകുമാരൻ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് നാറ്റോ സഖ്യസേനകൾ മുൻനിരയിൽ നിന്ന് മാറിനിന്നുവെന്ന പരാമർശം നടത്തിയ പശ്ചാത്തലത്തിലാണ് പ്രതികരിച്ചത് . അഫ്ഗാനിൽ അദ്ദേഹം രണ്ടു തവണ സേവനം ചെയ്തിട്ടുണ്ട് . ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതം ഈ യുദ്ധം മാറ്റി മറിച്ചുവെന്നും ഹാരി പറഞ്ഞു. 457 ബ്രിട്ടീഷ് സൈനികർ ഉൾപ്പെടെ അനേകം പേർക്ക് യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടിരുന്നു.

ട്രംപിന്റെ പരാമർശങ്ങളെ ബ്രിട്ടൻ ശക്തമായി അപലപിച്ചു. പ്രധാനമന്ത്രി സർ കിയർ സ്റ്റാർമർ ഇത് അപമാനകരവും അംഗീകരിക്കാനാകാത്തതുമാണ് എന്ന് പറഞ്ഞു. അഫ്ഗാനിൽ സേവനം ചെയ്ത സൈനികരും അവരുടെ കുടുംബങ്ങളും ഈ വാക്കുകൾ കൊണ്ട് വേദനിക്കപ്പെട്ടുവെന്ന് അദ്ദേഹം വ്യക്തമാക്കി. പോളണ്ട്, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ മന്ത്രിമാരും ട്രംപിന്റെ വാക്കുകൾക്ക് എതിരായി രംഗത്തെത്തി. ഞങ്ങളുടെ സൈനികരുടെ സേവനത്തെ പരിഹസിക്കാൻ ആർക്കും അവകാശമില്ല എന്നാണ് പോളണ്ടിന്റെ വിദേശകാര്യ മന്ത്രി പ്രതികരിച്ചത്.

അഫ്ഗാൻ യുദ്ധത്തിൽ പങ്കെടുത്ത മുൻ സൈനികരും പരിക്കേറ്റവരുടെ കുടുംബങ്ങളും ട്രംപിന്റെ പരാമർശങ്ങളെ ഹൃദയഭേദകവും ബാലിശവുമാണ് എന്ന് വിമർശിച്ചു. മുൻ നാറ്റോ സെക്രട്ടറി ജനറൽ ജാപ്പ് ഡി ഹൂപ്പ് ഷെഫർ അമേരിക്കൻ പ്രസിഡന്റ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. അമേരിക്കയും ബ്രിട്ടനും അടക്കം 3,500-ലധികം സഖ്യസൈനികർ ജീവൻ നഷ്ടപ്പെടുത്തിയ ഈ യുദ്ധത്തിന്റെ ചരിത്രം വളച്ചൊടിക്കരുതെന്ന് രാഷ്ട്രീയ നേതാക്കളും സൈനികരും ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടു.











Leave a Reply