കോഴിക്കോട്∙ മുന്നറിയിപ്പില്ലാതെ മെഡിക്കൽ ബോർഡ് യോഗം മാറ്റി വച്ച നടപടിയിൽ പ്രതിഷേധവുമായി ഹർഷിന. ‘‘ഇത്രയും വർഷമായി സഹിച്ചുകൊണ്ടിരിക്കുകയാണ്, ഇനിയെനിക്കു വയ്യ. എത്രയും പെട്ടെന്ന് നീതി നടപ്പാക്കണം’’ – വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഇരയായ ഹർഷിന പൊട്ടിക്കരഞ്ഞ് മാധ്യമങ്ങളോടു പറഞ്ഞു. ഇന്നു ചേരാനിരുന്ന മെഡിക്കൽ ബോർഡ് യോഗം മുന്നറിയിപ്പില്ലാതെ മാറ്റിവച്ചതിൽ പ്രതിഷേധിച്ച് ഹർഷിന കോഴിക്കോട് ഡിഎംഒ ഓഫിസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. റേഡിയോളജിസ്റ്റിനെ കിട്ടാത്തതിനാലാണ് യോഗം മാറ്റിവച്ചത്.

‘‘മെഡിക്കൽ ബോർഡ് ഇനി എന്ന് ചേരുമെന്നൊരു തീയതി അവർ പറഞ്ഞില്ല. അഞ്ചാം തീയതിയെന്നു പറഞ്ഞു… എന്നാൽ എന്നു ചേർന്നാലും എട്ടാം തീയതി വൈകുന്നേരം അഞ്ചുമണിക്കുമുൻപ് റിപ്പോർട്ട് സമർപ്പിക്കുമെന്ന് കോഴിക്കോട് ഡിഎംഒ ഉറപ്പ് നൽകിയിട്ടുണ്ട്. ഇക്കാരണത്താലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. റിപ്പോർട്ട് പൊലീസിനും ആരോഗ്യവകുപ്പിനും കൊടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

പൂർണമായ നീതി ലഭിക്കുന്നതുവരെ സമരം ശക്തമായി തുടരും. സമരം നീട്ടിക്കൊണ്ടുപോകാൻ ആഗ്രഹം ഉണ്ടായിട്ടല്ല. പൂർണമായ നീതി എത്രയും പെട്ടെന്ന് ലഭിക്കണം. അത്രയ്ക്ക് അധികം ഞാൻ സഹിക്കുന്നുണ്ട്. ഇതു കാണുന്നവരും അധികാരികളും ഇതൊന്നു മനസ്സിലാക്കണമെന്നാണ് പറയാനുള്ളത്. ഇപ്പോഴും എന്റെ മൂന്നു കുട്ടികളും അതു സഹിക്കുന്നുണ്ട്. നീതി നടപ്പാക്കിയേ പറ്റൂ. അവനവന്റെ വീട്ടിലുള്ളവർക്ക് വരുമ്പോൾ മാത്രമേ ഇതിന്റെ വേദന മനസ്സിലാക്കൂ എന്നുണ്ടെങ്കിൽ … ഏതൊരു മനുഷ്യന്റെയും വേദന ഒരുപോലെയാണെന്ന് മനസ്സിലാക്കണം. മരണം വരെ ഈയൊരൊറ്റ കാരണം കൊണ്ട് വേദന സഹിക്കാനിരിക്കുന്നതാണ്. അതുകൊണ്ട് എത്രയും പെട്ടെന്ന് നീതി ലഭ്യമാക്കണം.

റേഡിയോളജിസ്റ്റ് ഇല്ലാത്തതിനാലാണ് യോഗം മാറ്റിവച്ചതെന്ന് ഡിഎംഒ പറഞ്ഞു. ഇതൊക്കെ ശ്രമിച്ചാൽ ലഭിക്കാവുന്നതാണെന്നാണ് മനസ്സിലാക്കുന്നത്. അവരെയാരെയും പ്രശ്നം ബാധിക്കുന്നില്ല. അതുകൊണ്ട് നീട്ടിക്കൊണ്ടുപോകുന്നു. പ്രശ്നം ബാധിക്കുന്നത് എന്നെയാണ്. റേഡിയോളജിസ്റ്റിനെ അമേരിക്കയിൽനിന്നു വരുത്തേണ്ട ആവശ്യമില്ലല്ലോ. ഈ ജില്ലയിൽ ഇല്ലെങ്കിൽ അടുത്ത ജില്ലയിൽനിന്നു വരുത്താമല്ലോ. അതിനെന്താണ് ഇത്ര താമസം. എന്റെ ജീവിതം, മൂന്നു കുട്ടികളുടെ ജീവിതം, എന്നെ സഹായിക്കുന്ന ഇത്രയും ആളുകളും ജീവിതം, എല്ലാ തിരക്കുകളും മാറ്റിവച്ചാണ് ഞങ്ങൾ ഇവിടെയെത്തുന്നത്. ഒരു റേഡിയോളജിസ്റ്റിനെ വരുത്താൻ എന്തിനാണ് ഇത്രയധികം സമയമെന്ന് മനസ്സിലാകുന്നില്ല. എത്രയും പെട്ടെന്നു വരുത്തി മെഡിക്കൽ ബോർഡ് ചേർന്ന് എട്ടാം തീയതിക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം’’ – ഹർഷിന കൂട്ടിച്ചേർത്തു.

ഉറപ്പുപാലിച്ചില്ലെങ്കിൽ ഈ മാസം ഒൻപതിന് സെക്രട്ടേറിയറ്റിനു മുൻപിൽ സമരം തുടങ്ങുമെന്നും അവർ വ്യക്തമാക്കി. ഹർഷിനയുടെ ചികിത്സയുടെ ഭാഗമായി എടുത്ത എംആർഐ സ്കാനിങ് റിപ്പോർട്ട് ഉൾപ്പെടെയുള്ളവ പരിശോധിക്കാൻ റേഡിയോളജിസ്റ്റിന്റെ സേവനം ആവശ്യമാണ്. പൊലീസിന്റെ അന്വേഷണ റിപ്പോർട്ടിൽ തുടർനടപടികൾ ചർച്ച ചെയ്യുന്നതിനാണ് മെഡിക്കൽ ബോർഡ് യോഗം ചേരാനിരുന്നത്.