ടേക്ക്എവേയില്‍ നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ നിന്നുണ്ടായ അലര്‍ജി മൂലം 15കാരി മരിച്ച സംഭവത്തില്‍ ബംഗ്ലാദേശ് വംശജനായ ടേക്ക്എവേ ഉടമ വിചാരണ നേരിടുന്നു. നട്ട് അലര്‍ജിയുണ്ടായിരുന്ന മെഗാന്‍ ലീ എന്ന 15കാരിയാണ് ടേക്ക് എവേയില്‍ നിന്ന് വാങ്ങിയ സീഖ് കബാബ് കഴിച്ചതിനു ശേഷം കുഴഞ്ഞു വീണത്. ചികിത്സയിലിരിക്കെ കുട്ടി മരിച്ചു. 2017 ന്യൂഇയര്‍ ദിവസമായിരുന്നു സംഭവം. കടുത്ത ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട കുട്ടിയുടെ മസ്തിഷ്‌കത്തിന് സാരമായ തകരാര്‍ നേരിട്ടിരുന്നു. ടേക്ക് എവേ ഉടമയായ ഹാരൂണ്‍ റഷീദ് എന്നയാള്‍ക്കെതിരെ നരഹത്യാക്കുറ്റത്തിനാണ് കേസെടുത്തത്. ഭക്ഷണത്തില്‍ പീനട്ട് പ്രോട്ടീന്‍ അടങ്ങിയിരുന്നതായി കണ്ടെത്തിയിരുന്നു. ടേക്ക്എവേയുടെ അടുക്കള വൃത്തിഹീനമായിരുന്നുവെന്നും ഭക്ഷണങ്ങളില്‍ ചേര്‍ക്കുന്ന ചേരുവകളുടെ വിവരങ്ങള്‍ സൂക്ഷിച്ചിരുന്നില്ലെന്നും പരിശോധനയില്‍ വ്യക്തമായിരുന്നു.
ട്രേഡിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഉദ്യോഗസ്ഥരും എന്‍വയണ്‍മെന്റല്‍ ഹെല്‍ത്ത് ഓഫീസര്‍മാരും പരിശോധിച്ചതിനു ശേഷം റോയല്‍ സ്‌പൈസ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ടേക്ക്എവേ അടച്ചുപൂട്ടി. കുട്ടിയുടെ ദാരുണ മരണം തന്റെ ജീവിതാന്ത്യം വരെ പിന്തുടരുമെന്ന് മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ നടക്കുന്ന വിചാരണയില്‍ ഹാരൂണ്‍ റഷീദ് പറഞ്ഞു. എന്നാല്‍ കുട്ടിയുടെ മരണത്തിന് ഉത്തരവാദി താനാണെന്ന് പ്രോസിക്യൂഷന്‍ ആരോപണം റഷീദ് നിഷേധിച്ചു. അതേസമയം മെഗാന്‍ നല്‍കിയ ഓര്‍ഡറില്‍ നട്ട്‌സ്, പ്രോണ്‍സ് എന്ന് എഴുതിയിരുന്നത് കണ്ടതായും ഇയാള്‍ കോടതിയില്‍ സ്ഥിരീകരിച്ചു. ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ ഇവ ഉള്ളതായി തനിക്ക് തോന്നിയിരുന്നില്ല. അലര്‍ജിയുണ്ടെന്ന് പറയുന്നവര്‍ക്ക് ഇവയടങ്ങിയ ഭക്ഷണം നല്‍കാറില്ലെന്നും റഷീദ് വ്യക്തമാക്കി.
2009ലാണ് റഷീദ് റോയല്‍ സ്‌പൈസ് ആരംഭിച്ചത്. പിന്നീട് 2015ല്‍ മുഹമ്മദ് അല്‍ കുദ്ദൂസ് എന്നയാള്‍ക്ക് ഇത് വിറ്റു. തുടര്‍ന്നും ടേക്ക് എവേയില്‍ ഇയാള്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. പോലീസ് പരിശോധനയ്‌ക്കെത്തുമ്പോള്‍ സ്ഥാപനത്തിന്റെ മാനേജരാണ് താനെന്ന് ഇയാള്‍ പറഞ്ഞിരുന്നു. എന്നാല്‍ താന്‍ ഒരു ഡെലിവറി ഡ്രൈവര്‍ മാത്രമാണെന്നാണ് കോടതിയില്‍ റഷീദ് അവകാശപ്പെട്ടത്.
Leave a Reply