ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ വൻ കോളിളക്കം സൃഷ്ടിച്ച 33 വയസ്സുകാരി സാറാ എവറാർഡിന്റെ തിരോധാനത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവന്നു. കെന്റിലെ ആഷ്‌ഫോർഡിലെ വനഭൂമിയിൽ നിന്ന് മനുഷ്യശരീരത്തിൻെറ ഭാഗങ്ങൾ കണ്ടെത്തിയതായി മെട്രോപൊളിറ്റൻ പോലീസ് കമ്മീഷണർ ക്രെസിഡ ഡിക്ക് സ്ഥിതീകരിച്ചു. എന്നിരുന്നാലും കണ്ടെത്തിയ അവശിഷ്ടങ്ങൾ ആരുടേതാണെന്ന് ഉറപ്പാക്കാൻ കൂടുതൽ സമയമെടുക്കും എന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം.

സാറാ എവറാർഡിനെ കാണാതായ സംഭവത്തിൽ മെട്രോപോളിറ്റൻ പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തിരുന്നു. കുറ്റവാളിയെ സഹായിച്ചു എന്ന സംശയത്തിൻെറ പേരിൽ നേരത്തെ ഒരു സ്ത്രീയെയും പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സാറയുടെ തിരോധാനത്തിൻെറ പേരിൽ അറസ്റ്റിലായ മെറ്റ് പോലീസ് ഓഫീസർ വെയ്ൻ കൊസെൻസ് കെന്റിൽ പാർലമെൻററി ഡിപ്ലോമാറ്റിക് പ്രൊട്ടക്ഷൻ കമാൻഡിലെ ഉദ്യോഗസ്ഥനാണ്.

അറസ്റ്റിലായ മെറ്റ് പോലീസ് ഓഫീസർ വെയ്ൻ കൊസെൻസ്

മാർച്ച് മൂന്നിന് ക്ലാഫാം ജംഗ്ഷനിലെ ലീത്‌വൈറ്റ് റോഡിലുള്ള ഒരു സുഹൃത്തിന്റെ ഫ്ലാറ്റിൽ നിന്നും തൻറെ വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് മാർക്കറ്റിംഗ് മാനേജരായി ജോലി ചെയ്തിരുന്ന സാറയെ കാണാതായത്. സാറയുടെ തിരോധാനം ദേശീയ മാധ്യമങ്ങളടക്കം വൻ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു . അറസ്റ്റിലായത് മെട്രോപൊളിറ്റൻ പോലീസ് ഉദ്യോഗസ്ഥനാണെന്നത് തന്നെ ഞെട്ടിച്ചു എന്ന് അസിസ്റ്റന്റ് കമ്മീഷണർ നിക്ക് എഫ്‌ഗ്രേവ് പറഞ്ഞു.