ബലാത്സംഗ കേസില്‍ ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വീന്‍സ്റ്റീന് 23 വര്‍ഷം തടവുശിക്ഷ. ന്യൂയോര്‍ക്ക് കോടതിയാണ് വീന്‍സ്റ്റീന് ശിക്ഷ വിധിച്ചത്. ഹോളിവുഡിലെ വനിതാ ചലച്ചിത്രപ്രവര്‍ത്തകര്‍ തുടങ്ങിവച്ച മീ ടൂ ലൈംഗികാതിക്രമ ആരോപണങ്ങളില്‍, കുപ്രസിദ്ധി നേടിയ നിര്‍മ്മാതാവാണ് ഹാര്‍വി വീന്‍സ്റ്റീന്‍. ശിക്ഷ അഞ്ച് വര്‍ഷത്തിലൊതുക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം ജഡ്ജി ജയിംസ് ബൂര്‍ക്ക് തള്ളിക്കളഞ്ഞു.

സ്ത്രീകളോട് വീന്‍സ്റ്റീന്‍ കാണിച്ച അതിക്രമങ്ങള്‍ കണക്കിലെടുത്തും ചെയ്ത കുറ്റകൃത്യങ്ങളില്‍ അദ്ദേഹത്തിന് യാതൊരു പശ്ചാത്താപവുമില്ലാത്ത നിലയ്ക്കും പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. 2017 ഒക്ടോബറില്‍ നിരവധി സ്ത്രീകളാണ് ഹാര്‍വി വീന്‍സ്റ്റീനെതിരെ ലൈംഗികാതിക്രമ പരാതികളുമായി രംഗത്തെത്തിയത്. 2006ല്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റ് ആയിരുന്ന മിറിയം ഹാലിയെ ലൈംഗികമായി പീഡിപ്പച്ചതും 2013ല്‍ നടി ജസീക്ക മാനെ ബലാത്സംഗം ചെയ്‌തെന്നുമുള്ള കേസുകളിലാണ് ഹാര്‍വി വീന്‍സ്റ്റീനെ ശിക്ഷിച്ചത്.

അതേസമയം ചെയ്ത കാര്യങ്ങളില്‍ താന്‍ പശ്ചാത്തപിക്കുന്നതായും മെച്ചപ്പെട്ട മനുഷ്യനാകാന്‍ ശ്രമിക്കുമെന്നും വീന്‍സ്റ്റീന്‍ കോടതിയില്‍ പറഞ്ഞു. പ്രായവും ആരോഗ്യ സ്ഥിതിയും ആതുരസേവന പ്രവര്‍ത്തനങ്ങളുമെല്ലാം കണക്കിലെടുത്ത് ഇളവുകള്‍ നല്‍കണമെന്നാണ് പ്രതിഭാഗം വാദിച്ചത്.