വിദ്വേഷ പ്രസംഗത്തില്‍ പിസി ജോര്‍ജിനെതിരെ അന്വേഷണം വേഗത്തിലാക്കാന്‍ പൊലീസ്. പരമാവധി തെളിവ് ശേഖരണം നടത്തിയ ശേഷം ജാമ്യ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കും. കൃത്യമായ നിയമോപദേശത്തിന് ശേഷം മാത്രമായിരിക്കും അപ്പീല്‍ നല്‍കുക.
പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തതിന് ശേഷമുള്ള കോടതി നടപടികളില്‍ പൊലീസ് ആവശ്യപ്പെട്ടിട്ടും അഡീഷണല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാകാത്തില്‍ ഗുരുതര വീഴ്ചയെന്ന ആക്ഷേപം ശക്തമാണ്.
ഹിന്ദു മഹാസമ്മേളത്തിന്റെ മൂന്നാം ദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു പി സി ജോര്‍ജ്ജ് വിവാദ പരാമര്‍ശം നടത്തിയത്. പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യം അനുവദിക്കുകയായിരുന്നു. സാക്ഷികളെ സ്വാധീനിക്കരുത്, വിവാദ പരാമര്‍ശം പാടില്ല, അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിച്ചാല്‍ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
അതേസമയം കേസില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കീഴ്‌ക്കോടതി വിധിക്കെതിരെ പൊലീസ് അപ്പീല്‍ പോകാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. പ്രസംഗം നടന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സ്ഥലത്തിന്റെ വിവരം, സംഘടന വിവരം എന്നിവ പൊലീസ് നേരത്തെ ശേഖരിച്ചിട്ടുണ്ട്.
പി സി ജോര്‍ജിന്റെ പ്രസംഗം മതസ്പര്‍ധ വളര്‍ത്തുന്നതെന്ന് ബോധ്യമായതിനാല്‍ സ്വമേധയ കേസ് എടുക്കുകയായിരുന്നുവെന്നാണ് എഫ്. ഐ. ആറില്‍ പറഞ്ഞിരുന്നത്. മതസ്പര്‍ദ്ധ വളര്‍ത്തല്‍, മത വികാരം വ്രണപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് പിസി ജോര്‍ജിനെതിരെ ചുമത്തിയിരിക്കുന്നത്.
Leave a Reply