കൊച്ചി: അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടില്‍ സീറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. ഇടപാടുമായി ബന്ധപ്പെട്ട് നാലുപേര്‍ക്കെതിരെയാണ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. വിവാദമായ ഭൂമിയിടപാടില്‍ മജിസ്‌ട്രേറ്റ്തല അന്വേഷണം നടക്കുന്നുണ്ടെന്നും അതിനാല്‍ പോലീസ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നു കര്‍ദിനാളിന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി അത് തള്ളുകയായിരുന്നു.
പോലീസ് അന്വേഷണത്തിന് മജിസ്‌ട്രേറ്റ് തല അന്വേഷണം തടസമല്ലെന്ന് കോടതി വ്യക്തമാക്കി. കര്‍ദിനാളിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഹൈക്കോടതി ഉന്നയിച്ചത്. രാജ്യത്തെ നിയമ വ്യവസ്ഥകള്‍ക്ക് വിധേയനാണ് കര്‍ദിനാളെന്ന് പറഞ്ഞ കോടതി കര്‍ദിനാള്‍ രാജാവല്ലെന്നും വ്യക്തമാക്കി. സ്വത്തുക്കള്‍ രൂപതയുടേതാണ്. രൂപതയ്ക്ക് വേണ്ടി ഇടപാടുകള്‍ നടത്താനുള്ള പ്രതിനിധി മാത്രമാണ് കര്‍ദിനാള്‍. സഭയുടെ സര്‍വ്വാധിപനാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് എന്ന എന്ന വാദം അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
കര്‍ദിനാള്‍ പരമാധികാരിയാണെങ്കില്‍ കൂടിയാലോചന വേണ്ടല്ലോ എന്നും കോടതി ചോദിച്ചു. കാനോന്‍ നിയമത്തില്‍ പോലും കര്‍ദിനാള്‍ സര്‍വാധികാരിയല്ല. മറ്റ് സമിതികളുമായി കൂടിയാലോചന നടത്തിയെന്ന് ബോധിപ്പിച്ചിട്ടുണ്ട്. സഭയുടെ സ്വത്തുക്കളുടെ വെറും കൈകാര്യക്കാര്‍ മാത്രമാണ് വൈദികരും കര്‍ദിനാളുമൊക്കെ. നിയമം എല്ലാവര്‍ക്കും മുകളിലാണ്, അതിന് മുന്നില്‍ എല്ലാവരും തുല്യരാണ്. രാജ്യത്തെ കുറ്റകൃത്യങ്ങളില്‍ കാനോന്‍ നിയമത്തിന് പ്രസക്തിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
Leave a Reply