കൊച്ചി: മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് നല്‍കിയ പരാതിയില്‍ അറസ്റ്റിലായ രഹനാ ഫാത്തിമയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. നവംബര്‍ 28നായിരുന്നു രഹന ഫാത്തിമയെ പത്തനംതിട്ട പൊലീസ് മതസ്പര്‍ദ്ദ ഉണ്ടാക്കിയെന്ന കേസില്‍ അറസ്റ്റ് ചെയ്തത്. ആദ്യം പതിനാല് ദിവസത്തെ റിമാന്‍ഡില്‍ വിടുകയും പിന്നീട് അത് നീട്ടുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഹൈക്കോടതി ജാമ്യം അനുവദിക്കുന്നത്.

മത സ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ല. പമ്പ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 3 മാസത്തേക്ക് കയറാന്‍ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇതോടെ രഹനയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് എറണാകുളത്ത് നടത്താനിരുന്ന പ്രതിഷേധ പരിപാടി മാറ്റിവെക്കുമെന്നാണ് റിപ്പോര്‍ട്ട്. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് രഹന ഹൈക്കോടതിയെ സമീപിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM

യൂവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി പുറത്തുവന്ന പശ്ചാത്തലത്തില്‍ രഹന അയ്യപ്പ ദര്‍ശനം നടത്താനായി ശബരിമലയിലെത്തിയിരുന്നു. എന്നാല്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ദര്‍ശനം നടത്താതെ തിരികെ പോന്നു. ശബരിമലയില്‍ എത്തുന്നതിന് മുന്‍പ് രഹന ഫെയിസ്ബുക്കില്‍ പങ്കുവെച്ച ചിത്രമാണ് മതവികാരം വ്രണപ്പെടുത്തിയെന്ന കേസിന് ആധാരമായി പരാതിക്കാരനായ ബി.ജെ.പി നേതാവ് ചൂണ്ടിക്കാണിക്കുന്നത്.