വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന 2013 ലെ നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി. വഖഫ് ഭൂമി കൈവശം വച്ചുവെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി.

കോഴിക്കോട് പോസ്റ്റല്‍ ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട്, മേരിക്കുന്ന് സബ് പോസ്റ്റ് മാസ്റ്റര്‍ എന്നിവര്‍ക്കെതിരെ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലുണ്ടായിരുന്ന കേസാണ് ജസ്റ്റിസ് പി.വികുഞ്ഞികൃഷ്ണന്‍ റദ്ദാക്കിയത്.

വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് ഏറെ തര്‍ക്കങ്ങളും നിയമ പ്രശ്‌നങ്ങളും നിലനില്‍ക്കുന്ന സമയത്താണ് ഹൈക്കോടതിയില്‍ നിന്ന് ഇത്തരമൊരു വിധി വരുന്നത് എന്നതും ശ്രദ്ധേയമാണ്.

വഖഫ് ബോര്‍ഡിന്റെ പരാതിയനുസരിച്ചാണ് പോസ്റ്റല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. 1999 ലാണ് ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പോസ്റ്റ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്. കാലാകാലങ്ങളില്‍ ഇതിന്റെ വാടക കരാര്‍ പുതുക്കുകയും ചെയ്തിരുന്നു.

പോസ്റ്റ് ഇരിക്കുന്ന സ്ഥലത്ത് ഷോപ്പിങ് കോംപ്ലെക്‌സ് നിര്‍മിക്കുന്നതിനാല്‍ തന്റെ തന്നെ മറ്റൊരു കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റണമെന്നും കെട്ടിടം ഉടമസ്ഥന്‍ പോസ്റ്റ് ഓഫിസ് അധികൃതരോട് ആവശ്യപ്പെട്ട പ്രകാരം 2005 ജൂണില്‍ പോസ്റ്റ് ഓഫിസ് പുതിയ കെട്ടിടത്തിലേക്കു മാറ്റി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കെട്ടിടത്തിന് മതിയായ സുരക്ഷ ഉണ്ടാകണമെന്ന് പോസ്റ്റ് ഓഫീസ് അധികൃതര്‍ ആവശ്യപ്പെട്ടതനുസരിച്ച് കെട്ടിടത്തിന് പുതിയ ഗ്രില്‍ വച്ചു നല്‍കാമെന്ന് ഉടമസ്ഥന്‍ 2006 ഓഗസ്റ്റില്‍ അറിയിച്ചെങ്കിലും 2014 വരെ ഇതു നടപ്പാക്കിയില്ല. ഈ സമയം വരെ വാടകയും സ്വീകരിച്ചിരുന്നു.

പിന്നീട് കെട്ടിടം ഉടമ വാടക സ്വീകരിക്കാതായി. പിന്നാലെ കെട്ടിടം ഒഴിയണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റ് ഓഫിസിനു നോട്ടിസും അയച്ചു. ഇതിനൊപ്പം സ്ഥലം തിരിച്ചു പിടിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് വഖഫ് ട്രൈബ്യൂണലിലും സ്ഥലമുടമ പരാതി നല്‍കി. ട്രൈബ്യൂണല്‍ ഇതിനിടെ സ്ഥലമുടമയ്ക്ക് അനുകൂലമായി വിധി പറഞ്ഞെങ്കിലും പോസ്റ്റ് ഓഫിസിന്റെ അപ്പീലില്‍ ഈ വിധി റദ്ദാക്കി.

പിന്നീടാണ് പോസ്റ്റ് ഓഫിസ് ഭൂമി കയ്യേറിയെന്നു കാണിച്ച് വഖഫ് ബോര്‍ഡ് സിഇഒ നോട്ടിസ് ഇറക്കുന്നത്. കേസ് വീണ്ടും ട്രൈബ്യൂണല്‍ മുമ്പാകെയെത്തി. 45 ദിവസത്തിനകം സ്ഥലമൊഴിയണമെന്ന് ട്രൈബ്യൂണല്‍ പോസ്റ്റ് ഓഫിസിന് നിര്‍ദേശം നല്‍കി. ഇതനുസരിച്ച് സ്ഥലം തേടി പോസ്റ്റ് ഓഫിസ് പത്ര പരസ്യങ്ങള്‍ നല്‍കിയെങ്കിലും സ്ഥലം കിട്ടിയില്ല.

ഇതിനു പിന്നാലെയാണ് പോസ്റ്റ് ഓഫിസ് ജീവനക്കാര്‍ക്കെതിരെ 2013 ലെ നിയമഭേദഗതി പ്രകാരമുള്ള വഖഫ് നിയമത്തിലെ വകുപ്പ് 52 എ അനുസരിച്ച് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വഖഫ് ബോര്‍ഡ് കോടതിയെ സമീപിച്ചത്. ഇതിനെതിരെ പോസ്റ്റ് ഓഫിസ് അധികൃതര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

പോസ്റ്റ് ഓഫിസ് 1999 മുതല്‍ പ്രവര്‍ത്തിക്കുകയാണെന്നും നിയമ ഭേദഗതി വന്നത് 2013 ലാണെന്നും ചൂണ്ടിക്കാട്ടിയ കോടതി ഈ വകുപ്പനുസരിച്ചുള്ള കേസ് നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി കേസ് റദ്ദാക്കുകയായിരുന്നു.