‘ഷാരോൺ അനുഭവിച്ചത് വലിയ വേദന, സ്‌നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാൻ കൊള്ളില്ലെന്ന സന്ദേശമാണ് ഈ കേസ് സമൂഹത്തിന് നൽകുന്നത്. ഇത്തരം കേസുകളിൽ പരമാവധി ശിക്ഷ നൽകരുതെന്ന് നിയമം ഒന്നുമില്ല. ക്രിമിനൽ പശ്ചാത്തലമില്ല എന്ന വാദം കണക്കിലെടുക്കാൻ സാധിക്കില്ല’. കേരള മനസാക്ഷിയെ ഞെട്ടിച്ച ഷാരോൺ വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ചുകൊണ്ട് കോടതി പറഞ്ഞ വാക്കുകളാണിത്. ഈ കേസിൽ ശിക്ഷ വിധിച്ചതോടെ സംസ്ഥാനത്ത് വധശിക്ഷ ലഭിക്കുന്ന മൂന്നാമത്തെ സ്ത്രീയാണ് ഗ്രീഷ്മ.

ഇതിന് മുമ്പ് കോളിളക്കം സൃഷ്ടിച്ച കൊല്ലത്തെ വിധുകുമാരൻ തമ്പി വധക്കേസിൽ 2006 മാർച്ചിലാണ് ആദ്യമായി ഒരു സ്ത്രീക്ക് വധശിക്ഷയ്ക്ക് വിധിക്കുന്നത്. രണ്ടാമത് വിഴിഞ്ഞം ശാന്തകുമാരി വധക്കേസിൽ ഒന്നാം പ്രതിയായ റഫീക്ക ബീവിക്കാണ് വധശിക്ഷ ലഭിച്ചത്. റഫീക്കാ ബീവിക്കും ഗ്രീഷ്മയ്ക്കും വധ ശിക്ഷവിധിച്ചത് നെയ്യാറ്റിക്കര അഡീഷണൽ സെഷൻസ് കോടതി തന്നെയാണ്. മാത്രമല്ല, രണ്ട് കേസിലും അഡിഷണൽ ജില്ലാ ജഡ്ജി എഎം ബഷീർ തന്നെയാണ് വിധി പറഞ്ഞതെന്നത് മറ്റൊരു പ്രത്യേകതയും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2006ൽ ആയിരുന്നു വിധുകുമാരൻ തമ്പി വധക്കേസിൽ പ്രതിയായ ബിനിതയ്ക്ക് വധശിക്ഷയ്ക്ക് വിധിച്ചത്. അന്ന് ബിനിതയ്ക്ക് 35 വയസായിരുന്നു. കൊല്ലം ജില്ലാ സെഷൻസ് കോടതി വിധിച്ച വധശിക്ഷ പിന്നീട് മേൽക്കോടതി ജീവപര്യന്തമായി കുറച്ചു. ബിനിത ഇപ്പോൾ അട്ടക്കുളങ്ങര ജയിലിലാണ്. തിരുവനന്തപുരം മിലിട്ടറി ക്യാമ്പിനടുത്ത് കട നടത്തിയിരുന്ന വിധുകുമാരൻ തമ്പിയെ ബിനിതയും മിലിട്ടറി ക്യാമ്പിലെ നഴ്സായിരുന്ന കാമുകൻ രാജുവും ചേർന്ന് ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് കേസ്. മൃതദേഹം കാറിന്റെ ഡിക്കിയിൽ കിടത്തി കൊണ്ടുപോയി ഊട്ടിക്കടുത്ത് കൊക്കയിൽ തള്ളുകയായിരുന്നു.

ഇന്ന് ഷാരോൺ കേസിൽ വധശിക്ഷ വിധിച്ചതോടെ 55 പേരാണ് വധശിക്ഷ കാത്തുകഴിയുന്നത്. പൂജപ്പുര സെൻട്രൽ ജയിലിൽമാത്രം 25പേർ. ഒടുവിൽ വധശിക്ഷ നടപ്പാക്കിയത് 33വർഷം മുമ്പായിരുന്നു. ചുറ്റിക കൊണ്ട് 14പേരെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ റിപ്പർചന്ദ്രനെ 1991ലാണ് കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റിയത്. പൂജപ്പുരയിൽ 1979ൽ കളിയിക്കാവിള സ്വദേശി അഴകേശനെയാണ് ഒടുവിൽ തൂക്കിലേറ്റിയത്. ദുർമന്ത്രവാദത്തിനായി നിരവധി പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതാണ് കേസ്‌