തിരുവനന്തപുരം: കാമുകിക്കൊപ്പം ജീവിക്കാന്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ ഇന്നു പേയാടുള്ള റിസോട്ടിലെത്തിച്ചു പോലീസ് തെളിവെടുക്കും. ചികിത്സയ്‌ക്കെന്ന വ്യാജേനയാണു വിദ്യയെ പേയാടുള്ള റിസോര്‍ട്ടില്‍ എത്തിച്ചത്. മുമ്പ് വാഹനാപകടത്തില്‍ വിദ്യയുടെ കഴുത്തിലെ അസ്‌ഥിക്ക് പരുക്കേറ്റിരുന്നു. അതിനുള്ള ചികില്‍സക്കെന്നു പറഞ്ഞാണ് വിദ്യയെ ഇവിടെയെത്തിച്ചത്.
സംഭവത്തില്‍ കൂടുതല്‍പേര്‍ക്കു പങ്കുള്ളതായി പോലീസ് സംശയിക്കുന്നു. പ്രതികള്‍ക്കു വില്ലയില്‍ കഴിയാന്‍ ചില ഉന്നതര്‍ സഹായം നല്‍കിയതായി സൂചന ലഭിച്ചിട്ടുണ്ട്. പ്രേംകുമാറിന്റെ മൊബൈല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുകയാണ്. ഇയാള്‍ക്ക് ഉന്നത രാഷ്‌ട്രീയ നേതാക്കളുമായി ബന്ധമുണ്ടെന്നു സ്‌ഥിരീകരിച്ചിട്ടുണ്ട്. ഒരു മുന്‍മന്ത്രിയുമായി പ്രേംകുമാര്‍ നിരവധി തവണ സംഭവ ശേഷം ബന്ധപ്പെട്ടിട്ടുണ്ടെന്നാണു സൂചന. കൊലപാതകത്തിനുശേഷം യുവതിയുടെ മൃതദേഹം തിരുനെല്‍വേലിവരെ കാറില്‍ കൊണ്ടുപോകാന്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
വിദ്യ അവസാനമായി ചേര്‍ത്തലയിലെത്തിയത് മകളുടെ വിവാഹത്തിന്
ഭര്‍ത്താവും കാമുകിയും ചേര്‍ന്നു കൊലപ്പെടുത്തിയ വിദ്യ അവസാനമായി ചാരമംഗലത്തെ വീട്ടിലെത്തിയത് മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍. ദീര്‍ഘനാളെത്തെ ഇടവേളയ്‌ക്ക് ശേഷം കഴിഞ്ഞ ഓഗസ്‌റ്റിലാണ് വിദ്യ വീട്ടിലെത്തിയത്. കഞ്ഞിക്കുഴി പഞ്ചായത്ത് ആറാം വാര്‍ഡില്‍ പുത്തനമ്പലം പോലേച്ചിറയില്‍ (പുതിയാപറമ്പില്‍)പരേതനായ തമ്പിയുടെയും സുന്ദരമ്മാളിന്റെയും മകളാണു വിദ്യ. 28 വര്‍ഷം മുമ്പായിരുന്നു ചേര്‍ത്തല സ്വദേശിയുമായുള്ള വിദ്യയുടെ ആദ്യ വിവാഹം. ഈ ബന്ധത്തില്‍ രണ്ടു മക്കളുണ്ട്.
മൂത്ത മകന്‍ വിദേശത്താണ്. ആയുര്‍വേദ ഡോക്‌ടറായ ഇളയമകളുടെ വിവാഹത്തിനായാണ് ഇവര്‍ നാട്ടിലെത്തിയത്. കുട്ടികളുടെ ചെറുപ്രായത്തിലെ വിദ്യ ചേര്‍ത്തല സ്വദേശിയുമായി വിവാഹബന്ധം വേര്‍പ്പെടുത്തിയിരുന്നു. 16 വര്‍ഷം മുന്‍പാണു ചങ്ങനാശേരി സ്വദേശിയായ പ്രേംകുമാറുമായി രജിസ്‌റ്റര്‍ വിവാഹം നടത്തിയത്. അതിനുശേഷം കുടുംബവുമായി ബന്ധമില്ലായിരുന്നു. വിദ്യയുടെ മക്കളെ വളര്‍ത്തിയതും പഠിപ്പിച്ചതും മാതാവ് സുന്ദരമ്മാളാണ്. ഓഗസ്‌റ്റ് 25നു നടന്ന വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രേംകുമാറും മക്കളുമൊത്താണു വിദ്യ എത്തിയത്.
വിവാഹത്തിനു ക്ഷണിച്ചില്ലെന്ന കാരണം പറഞ്ഞ് പ്രേംകുമാര്‍ തലേന്നു ബന്ധുക്കളുമായി വാക്കുതര്‍ക്കമുണ്ടാക്കി. തര്‍ക്കം പരിഹരിക്കാന്‍ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും പൂര്‍ത്തിയാക്കാതെ പ്രേംകുമാര്‍ വിദ്യയെയും കൂട്ടി പോകുകയായിരുന്നു. പിന്നീട് ഉദയംപേരുരിലെ വാടകവീട്ടില്‍ അന്വേഷിച്ചെത്തിയെങ്കിലും വീട് അടച്ചുപൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് ഇവരെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. മൂന്നുദിവസം മുമ്പ് പോലീസ് അറിയിച്ചതനുസരിച്ച് ഉദയംപേരൂരിലെത്തിയപ്പോഴാണ് വിവരങ്ങള്‍ അറിഞ്ഞതെന്നും സുന്ദരാമ്മാള്‍ പറഞ്ഞു.
Leave a Reply