റിയാദിലെ ബഖാല ജീവനക്കാരനായ മലയാളി യുവാവിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി. മലപ്പുറം ചെമ്മാട് പന്താരങ്ങാടി സ്വദേശി കണ്ണിത്തൊടി സൈതലവി (36) യാണ് 2014 മാർച്ച് 31 നു സൗദി പൗരൻ കൊലപ്പെടുത്തിയത്. സൈതലവി ജോലി ചെയ്യുന്ന കടയിൽ നിന്നും സിഗററ്റ് കടം കൊടുക്കാത്തതിൽ പ്രകോപിതനായ പ്രതി ഫഹദ് ബിന്‍ അഹമ്മദ് ബിന്‍ സല്ലൂം ബാ അബദ് സൈതലവിനെ 99 തവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ ഇന്നലെ റിയാദ് ദീരയിലെ അല്‍അദ്ല്‍ ചത്വരത്തിലായിരുന്നു വധശിക്ഷ നടപ്പാക്കിയത് .

അറസ്റ്റിലായ പ്രതിക്ക് വിചാരണ കോടതി വധശിക്ഷ വിധിക്കുകയും ഇത് അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും ശിക്ഷ നടപ്പാക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അനുമതി ലഭിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ശിക്ഷ നടപ്പാക്കുകയായിരുന്നു. ബദീഅയില്‍ ഹംസതുബ്‌നു അബ്ദുല്‍ മുത്തലിബ് റോഡിലുള്ള ബഖാലയില്‍ ജോലി ചെയ്യുകയായിരുന്നു സൈതലവി. സമീപവാസിയായ പ്രതി സിഗററ്റ് വാങ്ങാനെത്തിയതാണ്. പത്ത് റിയാലായിരുന്നു സിഗരറ്റിന്റെ വില. പ്രതി ഏഴ് റിയാല്‍ നല്‍കിയപ്പോള്‍ നല്‍കാനാവില്ലെന്ന് സൈതലവി പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുപിതനായ ഇയാള്‍ വീട്ടില്‍ ചെന്ന് കത്തിയെടുത്തു വന്ന് സെയ്തലവിയെ ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉച്ചക്ക് ഒരു മണിക്കായിരുന്നു സംഭവം.ഒപ്പം ജോലി ചെയ്യുന്നവര്‍ ഭക്ഷണത്തിനും വിശ്രമത്തിനുമായി മുറിയിലേക്ക് പോയിരിക്കുകയായിരുന്നു. സമീപത്തെ കടകളും തുറന്നിരുന്നില്ല. കുത്തേറ്റ സെയ്തലവി കടയില്‍ നിന്ന് ഇറങ്ങിയോടി. റോഡിന് നടുവില്‍ തളര്‍ന്നുവീണ ഇദ്ദേഹത്തെ പിന്തുടര്‍ന്നെത്തിയ പ്രതി വീണ്ടും നിരവധി തവണ കുത്തി. ഇതിന്റെ വീഡിയോ സമൂഹ മാധ്യമത്തില്‍ പ്രചരിച്ചിരുന്നു.

വഴിയരികില്‍ നിന്ന ചിലര്‍ സംഭവം കണ്ടെങ്കിലും ആക്രമണം ഭയപ്പെട്ട് അടുത്തേക്ക് വന്നില്ല. സെയ്തലവി മരിച്ചു എന്ന് ഉറപ്പാക്കിയ ശേഷമാണ് പ്രതി പിന്‍മാറിയത്. കണ്ടുനിന്നവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തത്. കെ.എം.സി.സി നേതാവ് തെന്നല മൊയ്തീന്‍ കുട്ടിയാണ് ഈ കേസിന്റെ നടപടികളില്‍ ഇടപെട്ടിരുന്നത്. സ്വന്തം നാട്ടുകാരനെ കൊലപ്പെടുത്തിയ യെമനിക്കും റിയാദില്‍ ഇന്നലെ വധശിക്ഷ നടപ്പാക്കി. യെമനി പൗരന്‍ ജമാല്‍ അബ്ദു മുഹമ്മദ് യാസീന്‍ അല്‍അംറാനിയെ കുത്തിക്കൊലപ്പെടുത്തിയ യഹ്‌യ മുഹമ്മദ് സ്വാലിഹ് അല്‍അനസിക്കാണ് ശിക്ഷ നടപ്പാക്കിയത്.