ഭീകര സംഘടനയില്‍പെട്ടവര്‍ കേരളത്തിലേക്ക് കടന്നിട്ടുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് കോട്ടയത്ത് സുരക്ഷ കര്‍ശനമാക്കിയതിനുപിന്നാലെ കൊച്ചിലേക്കും പോലീസ്. ഭീകരര്‍ കൊച്ചിയെ ലക്ഷ്യമിടാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.

ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേകളും ഹോട്ടലുകളും അതീവ ജാഗ്രത പാലിക്കണമെന്ന് ഫോര്‍ട്ട് കൊച്ചി പൊലീസ് അറിയിച്ചു. ഹോം സ്‌റ്റേകളിലും ഹോട്ടലുകളിലും താമസിക്കുന്നവരെക്കുറിച്ച് ദിവസവും രാവിലെ വിവരം നല്‍കണം എന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

റിപ്പോര്‍ട്ട് നല്‍കാത്ത ഹോം സ്‌റ്റേകളും ഹോട്ടലുകളും റെയ്ഡ് നടത്തുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. അതേസമയം ശ്രീലങ്കന്‍ സ്‌ഫോടനം ആസൂത്രണം ചെയ്ത നാഷണല്‍ തൗഹീദ് ജമാ അത്ത് നേതാവ് സഹ്രാന്‍ ഹാഷിമിന് കേരളവുമായുള്ള ബന്ധത്തെക്കുറിച്ച് എന്‍ഐഎ അന്വേഷണം തുടരുകയാണ്.

കേരളത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്ത മലയാളികള്‍ക്ക് ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനവുമായി ബന്ധമില്ലെന്ന് എന്‍ഐഎ അറിയിച്ചു. എന്നാല്‍, ഇവര്‍ തീവ്ര വര്‍ഗീയത പ്രചരിപ്പിച്ചതായി കണ്ടെത്തി. ശ്രീലങ്കന്‍ സ്‌ഫോടനം ചെയ്ത സഹ്രാന്‍ ഹാഷിമിന്റെ പ്രസംഗങ്ങളും ആശയങ്ങളും ഇവര്‍ വ്യാപകമായി പ്രചരിപ്പിച്ചുവെന്ന് എന്‍ഐഎ വ്യക്തമാക്കി.

കോട്ടയത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍,റെയില്‍വേ സ്റ്റേഷനുകള്‍ ബസ് സ്റ്റാന്റുകള്‍ ലോഡ്ജുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് തെരച്ചില്‍ ശക്തമാക്കിയിരിക്കുന്നത്.