പാലക്കാട് ഒലവക്കോടിന് സമീപം യുവാവിനെ തല്ലിക്കൊന്ന സംഭവത്തിൽ തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് ഡിവൈഎസ്പി പി.സി ഹരിദാസ്. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖി(27)ന്റെ മരണകാരണമാണ് പൊലീസ് വ്യക്തമാക്കിയത്. മർദ്ദനത്തിൽ യുവാവിന്റെ താടിയെല്ല് തകർന്നിട്ടുണ്ടെന്നും അറിയിച്ചു. പ്രതികളായ ഗുരുവായൂരപ്പൻ, മനീഷ്, സൂര്യ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.
ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു യുവാവിന് മർദനമേറ്റിരുന്നത്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. മൂന്ന് പേർ നേരത്തെ പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്നു. ഒലവക്കോട് ഐശ്വര്യ നഗർ കോളനിയിലാണ് സംഭവം നടന്നത്. പതിനഞ്ചോളം പേർ റഫീഖിനെ മർദിക്കുന്നത് കണ്ടെന്ന് ദൃക്‌സാക്ഷിയായ ബിനു പറഞ്ഞിരുന്നു. അടിയേറ്റ് നിലത്തുവീണ യുവാവിനെ പ്രദേശവാസികൾ ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്.
ഇന്നലെ മുണ്ടൂർ കുമ്മാട്ടി ഉത്സവമായിരുന്നു. അതുകഴിഞ്ഞ് ബാറിലേക്കുവന്ന പ്രതികളിൽ ഒരാളുടെ ബൈക്ക് റഫീഖ് മോഷ്ടിച്ചു എന്നാണ് ആരോപണം. ബാറിൽ നിന്ന് 300 മീറ്റർ അകലെയാണ് പ്രതികൾ റഫീഖിനെ മർദിച്ചത്. റഫീഖ് അടിയേറ്റ് ബോധരഹിതനായതോടെ പ്രതികൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. അതിനിടെ ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികൾ പ്രതികളിൽ മൂന്നു പേരെ തടഞ്ഞുവെയ്ക്കുകയായിരുന്നു. ഇവരെ പൊലീസെത്തി കസ്റ്റഡിയിലെടുത്തു.
മർദനം നടന്ന സ്ഥലത്തിന് സമീപത്തെ വീട്ടിൽ താമസിക്കുന്ന ബിനു പറയുന്നതിങ്ങനെ- ‘ഇന്നലെ രാത്രി 12 മണിയോടെ ബഹളം കേട്ടു വീടിന്റെ മുകളിലത്തെ നിലയിൽ നിന്ന് നോക്കിയതാണ്. അപ്പോൾ കുറേപ്പേർ കൂടിനിൽക്കുന്നതു കണ്ടു. പതിനഞ്ചോളം പേരുണ്ടായിരുന്നു. ഒരാളെ കൂടിനിന്നവർ അടിക്കുന്നതാണ് കണ്ടത്. അടിയേറ്റയാൾ നിലത്തുവീണതു കണ്ടു. അപ്പോൾത്തന്നെ പൊലീസിനെ വിളിച്ചു. 10 മിനിറ്റ് കൊണ്ട് പൊലീസ് വന്നു. അപ്പോഴേക്കും തല്ലിയവരിൽ കുറച്ചുപേർ തിരിച്ചുവന്നിരുന്നു. അടിയേറ്റയാളെ ആശുപത്രിയിലെത്തിച്ചു. വണ്ടി മോഷ്ടിച്ചതിനാണ് മർദിച്ചതെന്ന് പറയുന്നതുകേട്ടു’.
Leave a Reply