ലോകത്ത് ആദ്യമായി തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താനൊരുങ്ങുന്ന സര്‍ജന്‍ മൃതദേഹങ്ങളില്‍ വളരെ വിജയകരമായി തലമാറ്റിവെക്കല്‍ ചെയ്തുവെന്ന അവകാശവാദവുമായി രംഗത്ത്. സെര്‍ജിയോ കനാവെരോ എന്ന സര്‍ജനാണ് മനുഷ്യന്റെ തല മാറ്റിവെക്കാനാകുമെന്ന് പറഞ്ഞത്. മൃതദേഹങ്ങളിലെ തല മാറ്റിവെക്കല്‍ വിജയകരമായിരുന്നുവെന്ന് കനാവെരോ പറഞ്ഞു. നട്ടെല്ലിനെയും നാഡികളെയും രക്തക്കുഴലുകളെയും യോജിപ്പിക്കാന്‍ താന്‍ വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ സങ്കേതത്തിന് സാധിക്കുമെന്നും കനാവെരോ പറഞ്ഞു.
പുതിയ ശരീരം സ്വീകരിക്കുന്ന തലയ്ക്ക് അതുമായി ചേര്‍ന്ന് ജീവിക്കാന്‍ കഴിയുമെന്നാണ് കനാവെരോ അഭിപ്രായപ്പെടുന്നത്. തന്റെ സംഘത്തിന് ഈ ശസ്ത്രക്രിയക്കായി 18 മണിക്കൂര്‍ സമയമാണ് ആവശ്യമായി വരുന്നതെന്നും ഈ ലക്ഷ്യം സാധ്യമായെന്നും അദ്ദേഹം പറഞ്ഞു. റഷ്യക്കാരനായ വലേറി സ്പിരിഡിനോവ് എന്നയാളാണ് ഈ ശസ്ത്രക്രിയക്കായി സന്നദ്ധത അറിയിച്ച് കനാവെരോയെ സമീപിച്ചിരിക്കുന്നത്. ഇയാളുടെ തല മറ്റൊരു ശരീരത്തില്‍ ഘടിപ്പിക്കാനാണ് പദ്ധതി.
മസ്തിഷ്‌ക മരണം സംഭവിച്ച ശരീരത്തിലായിരിക്കും തല ഘടിപ്പിക്കുക. ഇപ്പോള്‍ മൃതശരീരത്തിലുള്ള പരീക്ഷണം വിജയകരമായി പൂര്‍ത്തിയായി. അടുത്ത ഘട്ടം ജീവനുള്ള തല മാറ്റിവെക്കുക എന്നതാണെന്ന് കനാവെരേ അവകാശപ്പെടുന്നു. എലികളിലും കുരങ്ങുകളിലും വിജയകരമായി ഈ ശസ്ത്രക്രിയ നടത്തിയതായി കനാവെരോയുടെ സംഘം അവകാശപ്പെട്ടിരുന്നു.
Leave a Reply